ഇന്തോനേഷ്യയില്‍ 2004ലെ സുനാമിയില്‍ കാണാതായ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തി. നാലാം വയസ്സില്‍ കാണാതായ റൌദാത്തല്‍ ജന്നയെ തെരുവില്‍ ഒരു ബന്ധു തിരിച്ചറിയുകയായിരുന്നു. ദൈവം തങ്ങള്‍ക്ക് നല്‍കിയ അത്ഭുതമാണിതെന്ന് റൌദാത്തലിന്റെ അമ്മ ജമാലിയ പറഞ്ഞു.
2004 ഡിസംബര്‍ 26-ന് ആഞ്ഞടിച്ച സുനാമി കടല്‍ത്തിരകളില്‍ റൌദാത്തലും അന്ന്‍ ഏഴ് വയസായിരുന്ന സഹോദരനും ഒഴുകിപ്പോകുകയായിരുന്നു. സുനാമിയുടെ പ്രഭവകേന്ദ്രത്തിന് ഏറ്റവും അടുത്ത കരപ്രദേശമായ അച്ചെ പ്രവിശ്യയിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. 1.7 ലക്ഷം പേരാണ് ഇവിടെ സുനാമിയില്‍ മരിച്ചത്.
എന്നാല്‍, പ്രവിശ്യയുടെ തെക്ക് പടിഞ്ഞാറുള്ള വിദൂര ദ്വീപിലെ ഒരു മത്സ്യത്തൊഴിലാളി റൌദാത്തലിനെ കണ്ടെടുത്ത് രക്ഷപ്പെടുത്തി. ഈ തൊഴിലാളിയുടെ അമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞ പത്ത് വര്‍ഷം റൌദാത്തല്‍ കഴിഞ്ഞിരുന്നത്.
ഇപ്പോള്‍ 14 വയസായ റൌദാത്തലിനെ തെരുവില്‍ വെച്ച് കണ്ട അമ്മാവന്‍ രൂപസാദൃശ്യം തോന്നി ശ്രദ്ധിക്കുകയായിരുന്നു. ഏതാനും ചോദ്യങ്ങള്‍ കുട്ടിയോട് ചോദിച്ചതോടെ സഹോദരിയുടെ കാണാതായ കുട്ടി തന്നെയാണെന്ന് വ്യക്തമായി.
കഴിഞ്ഞ ജൂണില്‍ റൌദാത്തലിന്റെ മാതാപിതാക്കള്‍ തങ്ങളുടെ മകളെ പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായി കണ്ടു. മകളെ കണ്ട നിമിഷം തന്റെ ഹൃദയമിടിപ്പ് വര്‍ധിച്ചെന്നും പരസ്പരം കെട്ടിപ്പിടിച്ചതായും അമ്മ ജമാലിയ പറഞ്ഞു. ബുധനാഴ്ച റൌദാത്തല്‍ തന്റെ കുടുംബവീട്ടിലേക്ക് മടങ്ങിയെത്തി.
റൌദാത്തലിന്റെ സഹോദരനും ദുരന്തത്തെ അതിജീവിച്ചെന്നും എന്നാല്‍, ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. മകനേയും കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജമാലിയയും ഭര്‍ത്താവ് സെപി രംഗ്കുതിയും.

