Skip to main content
കാബൂള്‍

harold j greeneഒരു അഫ്ഘാന്‍ സൈനികന്‍ നടത്തിയ ആക്രമണത്തില്‍ യു.എസ് സേനയിലെ ജനറല്‍ കൊല്ലപ്പെട്ടു. ജര്‍മ്മന്‍ സേനയിലെ ഒരു ജനറല്‍ അടക്കം പതിനാലോളം നാറ്റോ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 1991-ലെ ഗള്‍ഫ് യുദ്ധത്തിനോ വിയറ്റ്നാം യുദ്ധത്തിന് ശേഷം തന്നെയോ വിദേശത്ത് കൊല്ലപ്പെടുന്ന ഏറ്റവും ഉയര്‍ന്ന യു.എസ് സൈനിക ഉദ്യോഗസ്ഥനായിരിക്കും ബ്രിഗേഡിയര്‍ ജനറല്‍ ഹാരോള്‍ഡ്‌ ജെ. ഗ്രീന്‍ എന്ന് യു.എസ് സൈനിക അധികൃതര്‍ പറഞ്ഞു.

 

കാബൂളിലെ സൈനിക പരിശീലന കേന്ദ്രമായ മാര്‍ഷല്‍ ഫാഹിം ദേശീയ പ്രതിരോധ സര്‍വ്വകലാശാലയിലാണ് ആക്രമണം നടന്നത്. വെടിയുതിര്‍ത്ത സൈനികനെ വധിച്ചതായി യു.എസ് പ്രതിരോധ വകുപ്പ് അറിയിച്ചു. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നും പെന്റഗണ്‍ വക്താവ് പറഞ്ഞു.  

 

സൈനിക പരിശീലകരായും ഉപദേശകരായും അഫ്ഘാനില്‍ സൈനിക സാന്നിധ്യം തുടരാനുള്ള നാറ്റോ ശ്രമത്തിന് നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് ആക്രമണം. 2014-ല്‍ യു.എസ് സേന അഫ്ഘാന്‍ വിടുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സൈനിക പരിശീലകരായി സേനയുടെ ഒരു സംഘത്തെ നിലനിര്‍ത്താനായി അഫ്ഘാനുമായി ഉഭയകക്ഷി കരാറില്‍ ഏര്‍പ്പെടാനിരിക്കുകയാണ് യു.എസ്.

 

പെന്റഗണ്‍ കണക്കുകള്‍ അനുസരിച്ച് അഫ്ഘാന്‍ സൈനികരില്‍ നിന്ന്‍ നാറ്റോ സൈനികര്‍ക്ക് നേരെ 2012-ല്‍ 48-ഉം കഴിഞ്ഞ വര്‍ഷം 15-ഉം തവണ ആക്രമണമുണ്ടായിട്ടുണ്ട്.