രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ തായ്ലാന്ഡില് കഴിഞ്ഞയാഴ്ച പട്ടാളം നടത്തിയ അട്ടിമറിയെ രാജാവ് അംഗീകരിച്ചതായി പട്ടാള മേധാവി ജനറല്‍ പ്രയുത് ചാന്-ഓച്ച പറഞ്ഞു. ബാങ്കോക്കിലെ സൈനിക ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഭരണകൂടത്തിന്റെ തലവന്‍ എന്ന ഔദ്യോഗിക അംഗീകാരം രാഷ്ട്രത്തലവനായ രാജാവ് തനിക്ക് നല്‍കിയതായി പ്രയുത് അറിയിച്ചത്. ഭരണഘടനാപരമായ രാജാധിപത്യ വ്യവസ്ഥയാണ് തായ്ലാന്ഡ് പിന്തുടരുന്നത്.
അതിനിടെ, സൈന്യം തടവിലാക്കിയ മുന്‍ പ്രധാനമന്ത്രി യിംഗ്ലക് ഷിനവത്രയെ വിട്ടയച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ വ്യാഴാഴ്ച സൈന്യം അധികാരം പിടിച്ചെടുത്തതിന്റെ പിറ്റേന്നാണ് ഷിനവത്രയെ തടവിലാക്കിയത്.
തായ്ലാന്ഡ് ഗ്രാമപ്രദേശങ്ങളില്‍ വന്‍ ജനകീയ പിന്തുണയുള്ള ഷിനവത്ര സര്‍ക്കാറിനെതിരെ രാജകുടുംബത്തെ പിന്തുണക്കുന്ന വിഭാഗം തലസ്ഥാനമായ ബാങ്കോക്ക് കേന്ദ്രീകരിച്ച് കഴിഞ്ഞ നവംബറില്‍ ആരംഭിച്ച പ്രക്ഷോഭമാണ് രാജ്യത്തെ മറ്റൊരു പട്ടാള അട്ടിമറിയിലേക്ക് നയിച്ചത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഷിനവത്ര രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും തെരഞ്ഞെടുപ്പ് കേസുകളെ തുടര്‍ന്ന് ഫലം പുറത്തുവിട്ടിരുന്നില്ല.
വ്യാപക അഴിമതി ആരോപണങ്ങള്‍ നേരിട്ടിരുന്ന യിംഗ്ലക്കിന്റെ സഹോദരന് താക്സിന് ഷിനവത്ര പ്രധാനമന്ത്രി ആയിരിക്കെ 2006-ലാണ് ഇതിന് മുന്‍പ് തായ്ലാന്ഡില് പട്ടാള അട്ടിമറി നടന്നത്. അറസ്റ്റ് ഒഴിവാക്കാന്‍ ദുബായിയില്‍ കഴിയുന്ന താക്സിന് തിരിച്ചുവരാന്‍ കഴിയുന്ന വിധം പൊതുമാപ്പ് പ്രഖ്യാപിക്കാനുള്ള നീക്കമാണ് യിംഗ്ലക്ക് സര്‍ക്കാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് കാരണമായത്.
