തായ്‌ലാന്‍ഡില്‍ ഭരണം പിടിച്ചെടുത്ത സൈന്യം മുന്‍ പ്രധാനമന്ത്രി യിംഗ്ലക് ഷിനവത്രയെ തടവിലാക്കി. വെള്ളിയാഴ്ച ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയ അവരെ സൈനിക കേന്ദ്രത്തിലേക്ക് മാറ്റിയതായി മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ അറിയിച്ചു.
അതിനിടെ, സൈന്യം ഭരണത്തില്‍ പിടിമുറുക്കുന്നതിന്റെ സൂചനകള്‍ നല്‍കി തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്ത് പരിഷ്കാരങ്ങള്‍ ആവശ്യമാണെന്ന് സൈനിക മേധാവി ജനറല്‍ പ്രയുത് ചാന്‍ ഓച്ച പറഞ്ഞു. എന്നാല്‍, അട്ടിമറിയില്‍ പ്രതിഷേധിച്ച് പട്ടാള നിയമം ലംഘിച്ച് പ്രകടനങ്ങളും രാജ്യത്ത് വെള്ളിയാഴ്ച നടന്നു.
ഷിനവത്രയുടെ സഹോദരിയേയും സഹോദരീഭര്‍ത്താവിനേയും ഒപ്പം തടവില്‍ ആക്കിയിട്ടുണ്ട്. ഇവരെ ഒരാഴ്ചയില്‍ കൂടുതല്‍ തടവില്‍ വെക്കില്ലെന്നും രാജ്യത്ത് ക്രമസമാധാനം അതിനകം നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്നും പേരു വെളിപ്പെടുത്താന്‍ വിസമ്മതിച്ച സൈനികോദ്യോഗസ്ഥന്‍ അറിയിച്ചു.
അഴിമതിക്കേസില്‍ കുറ്റവാളിയെന്ന്‍ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന്‍ മെയ് ആദ്യം കാവല്‍ പ്രധാനമന്ത്രി സ്ഥാനം ഷിനവത്ര രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച സൈന്യം അധികാരം പിടിച്ചെടുത്തത്.
തായ്‌ലാന്‍ഡ് ഗ്രാമപ്രദേശങ്ങളില്‍ വന്‍ ജനകീയ പിന്തുണയുള്ള ഷിനവത്ര സര്‍ക്കാറിനെതിരെ രാജകുടുംബത്തെ പിന്തുണക്കുന്ന വിഭാഗം തലസ്ഥാനമായ ബാങ്കോക്ക് കേന്ദ്രീകരിച്ച് കഴിഞ്ഞ നവംബറില്‍ ആരംഭിച്ച പ്രക്ഷോഭമാണ് രാജ്യത്തെ മറ്റൊരു പട്ടാള അട്ടിമറിയിലേക്ക് നയിച്ചത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഷിനവത്ര രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും തെരഞ്ഞെടുപ്പ് കേസുകളെ തുടര്‍ന്ന്‍ ഫലം പുറത്തുവിട്ടിരുന്നില്ല.
വ്യാപക അഴിമതി ആരോപണങ്ങള്‍ നേരിട്ടിരുന്ന യിംഗ്ലക്കിന്റെ സഹോദരന്‍ താക്സിന്‍ ഷിനവത്ര പ്രധാനമന്ത്രി ആയിരിക്കെ 2006-ലാണ് ഇതിന് മുന്‍പ് തായ്‌ലാന്‍ഡില്‍ പട്ടാള അട്ടിമറി നടന്നത്. അറസ്റ്റ് ഒഴിവാക്കാന്‍ ദുബായിയില്‍ കഴിയുന്ന താക്സിന് തിരിച്ചുവരാന്‍ കഴിയുന്ന വിധം പൊതുമാപ്പ് പ്രഖ്യാപിക്കാനുള്ള നീക്കമാണ് യിംഗ്ലക്ക് സര്‍ക്കാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് കാരണമായത്.

