സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ തായ്ലന്ഡില് പട്ടാളഭരണം ഏര്‍പ്പെടുത്തി. പുറത്താക്കിയ പ്രധാനമന്ത്രി യിങ് ലുക്ക് ഷിനവത്രയെ പിന്തുണയ്ക്കുന്നവരും തായ് രാജപക്ഷക്കാരും തമ്മിലുള്ള പോരാട്ടം മൂലം രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമായ സാഹചര്യത്തിലാണ് പട്ടാളഭരണം പ്രഖ്യാപിച്ചത്. ദേശീയസുരക്ഷ ശക്തമാക്കി കൊണ്ട് പ്രധാന വീഥികളിലെല്ലാം സൈനികർ മാര്‍ച്ച് നടത്തി.
1932-ന് ശേഷം പതിനൊന്ന് തവണ പട്ടാളം തായ്ലന്ഡില് അധികാരം പിടിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ടിവി ചാനലുകളിലൂടെയാണ് പട്ടാള നിയമം ഏര്‍പ്പെടുത്തിയ കാര്യം ജനങ്ങളെ അറിയിച്ചത്. രാജ്യ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വേണ്ടിയാണ് ഇപ്പോള്‍ രാജ്യത്ത് പട്ടാള നിയമം ഏര്‍പ്പെടുത്തിയതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. കോടതി പുറത്താക്കിയ പ്രധാനമന്ത്രി യിങ് ലുക്ക് ഷിനവത്രയെ പിന്തുണയ്ക്കുന്ന ചുവന്ന കുപ്പായക്കാര്‍ ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബാങ്കോക്കില്‍ പ്രതിഷേധം തുടരുകയാണ്.
സര്‍ക്കാര്‍ രാജിവച്ച് ഭരണം സ്വതന്ത്രസമിതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ആറുമാസമായി തായ് രാജപക്ഷക്കാരായ പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയതോടെയാണ് കോടതി പ്രധാനമന്ത്രി ഷിനവത്രയെ പുറത്താക്കിയത്. അധികാര ദുര്‍വിനിയോഗവും അഴിമതിയും ആരോപിച്ച് ഷിനവത്രയുടെ മന്ത്രിസഭയിലെ ഒന്‍പത് മന്ത്രിമാരേയും പുറത്താക്കി. 2013 നവംബര്‍ 30-ന് രാജ്യത്ത് ആരംഭിച്ച ഭരണവിരുദ്ധ പ്രക്ഷോഭത്തില്‍ ഇതുവരെ 28-ലധികം പേര് കൊല്ലപ്പെട്ടു.

