Skip to main content
കൈറോ

al-sisi interviewതാന്‍ ജയിക്കുകയാണെങ്കില്‍ മുസ്ലിം ബ്രദര്‍ഹുഡ് 'അവശേഷിക്കുകയില്ലെന്ന്' ഈജിപ്തിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയും മുന്‍ സൈനിക മേധാവിയുമായ അബ്ദുല്‍ ഫത്താ അല്‍-സിസി. മേയ് 26-27 തിയതികളില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് വ്യാപകമായി കരുതപ്പെടുന്ന അല്‍-സിസി ആദ്യമായി നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തിലാണ് രാജ്യത്ത് നിരോധിക്കപ്പെട്ടിരിക്കുന്ന ഇസ്ലാമിക സംഘടനയായ ബ്രദര്‍ഹുഡിനെതിരെ ആഞ്ഞടിച്ചത്.  

 

മുസ്ലിം ബ്രദര്‍ഹുഡ് നേതാവും ജനായത്ത രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഈജിപ്തിലെ ആദ്യ പ്രസിഡന്റുമായ മൊഹമ്മദ്‌ മോര്‍സിയെ 2013 ജൂലൈയില്‍ പുറത്താക്കിയത് അല്‍-സിസിയുടെ നേതൃത്വത്തിലാണ്. തുടര്‍ന്ന്‍ അല്‍-സിസിയുടെ നിയന്ത്രണത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ബ്രദര്‍ഹുഡിനെ നിരോധിക്കുകയും കടുത്ത അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ നടപടികളില്‍ ആയിരത്തില്‍ അധികം പേര്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് പേര്‍ തടവിലാക്കപ്പെടുകയും ചെയ്തിരുന്നു.

 

എന്നാല്‍, രാഷ്ട്രീയ മോഹങ്ങളോടെയായിരുന്നില്ല ഈ നടപടികളെന്ന്‍ രണ്ട് ചാനലുകള്‍ക്ക് നല്‍കിയ സംയുക്ത അഭിമുഖത്തില്‍ അല്‍-സിസി പറയുന്നു. ബ്രദര്‍ഹുഡിനെ 'തീര്‍ത്തത്' താനല്ല, ഈജിപ്തിലെ ജനങ്ങളാണെന്നും അല്‍-സിസി പറഞ്ഞു. തനിക്കെതിരെ രണ്ട് തവണ വധശ്രമമുണ്ടായതായും അല്‍-സിസി വെളിപ്പെടുത്തി. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയില്ല.