തായ്ലാന്ഡ് തലസ്ഥാനമായ ബാങ്കോക്കിലെ പ്രക്ഷോഭകേന്ദ്രങ്ങള്‍ ഒഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമം പ്രക്ഷോഭകരുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. ഒരു പോലീസുകാരനും രണ്ട് പ്രക്ഷോഭകരും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. അതിനിടെ, വിവാദമായ അരി സബ്സിഡി പദ്ധതിയില്‍ പ്രധാനമന്ത്രി യിംഗ്ലക് ഷിനവത്രയ്ക്കെതിരെ കേസെടുക്കുമെന്ന് തായ് അഴിമതി വിരുദ്ധ കമ്മീഷന് അറിയിച്ചു.
കഴിഞ്ഞ നവംബറില്‍ ആരംഭിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി കയ്യേറിയ സര്‍ക്കാര്‍ ഓഫീസുകള്‍ ഒഴിപ്പിക്കാനായിരുന്നു പോലീസിന്റെ ശ്രമം. ഈയാഴ്ച ഓഫീസുകള്‍ തിരിച്ചെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്, പ്രധാനമന്ത്രിയുടെ ഓഫീസായ ഗവണ്മെന്റ് ഹൗസിന് മുന്നില്‍ തിങ്കളാഴ്ച മുതലേ പ്രക്ഷോഭകര്‍ തടിച്ചുകൂടുകയായിരുന്നു.
നഗരഹൃദയത്തിലെ ജനായത്ത സ്മാരകത്തിന് സമീപം നടന്ന അക്രമത്തിലാണ് മൂന്ന് പേര് കൊല്ലപ്പെട്ടത്. പോലീസിന് നേരെ ഗ്രനേഡ് ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് പ്രക്ഷോഭകര്‍ക്ക് നേരെ വെടിവെപ്പ് നടത്തി. 60-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ഊര്‍ജ മന്ത്രാലയത്തിന്റെ ഓഫീസ് പോലീസ് തിരിച്ചെടുത്തു. ഇവിടെ നിന്ന് നൂറോളം പേരെ അറസ്റ്റ് ചെയ്തു.
സര്‍ക്കാറിന്റെ അരി സബ്സിഡി പദ്ധതിയിലെ ക്രമക്കേടുകളെ തുടര്‍ന്നാണ് യിംഗ്ലക്കിനെതിരെ നടപടിയെടുക്കുമെന്ന് ചൊവാഴ്ച ദേശീയ അഴിമതി വിരുദ്ധ കമ്മീഷന് അറിയിച്ചത്. ഫെബ്രുവരി 27-ന് കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ പ്രധാനമന്ത്രിയ്ക്ക് സമന്‍സ് അയച്ചതായും കമ്മീഷന് പറഞ്ഞു.
അഴിമതിയ്ക്ക് സാധ്യതയുണ്ടെന്നും ഖജനാവിന് നഷ്ടമുണ്ടാകാമെന്നുമുള്ള മുന്നറിയിപ്പുകളെ യിംഗ്ലക് അവഗണിച്ചതായി കമ്മീഷന് ആരോപിക്കുന്നു. ഈ പദ്ധതി പ്രകാരം ഉയര്‍ന്ന വിലക്ക് കര്‍ഷകരില്‍ നിന്ന് അരി സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വാങ്ങുന്നുണ്ട്.
യിംഗ്ലക്കിനേയും സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ താക്സിന് ഷിനവത്രയേയും തായ് രാഷ്ട്രീയത്തില്‍ നിന്ന് അകറ്റുകയാണ് പ്രക്ഷോഭകരുടെ ലക്ഷ്യം. 2006-ല്‍ പട്ടാള അട്ടിമറിയിലൂടെ താക്സിനെ പുറത്താക്കിയത് മുതല്‍ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് തായ്ലാന്ഡ് കടന്നുപോകുന്നത്. അഴിമതി അടക്കമുള്ള കേസുകളില്‍ ശിക്ഷ നേരിട്ട് രാജ്യത്തിന് പുറത്ത് കഴിയുന്ന താക്സിന് മാപ്പ് നല്‍കാനുള്ള നടപടികള്‍ യിംഗ്ലക് ആരംഭിച്ചതോടെയാണ് കഴിഞ്ഞ നവംബറില്‍ ഏറ്റവും പുതിയ പ്രക്ഷോഭം ആരംഭിച്ചത്.
പാര്‍ലിമെന്റില്‍ നിന്ന് പ്രതിപക്ഷമായ ജനാധിപത്യ പാര്‍ട്ടി അംഗങ്ങള്‍ രാജിവെച്ചതിനെ തുടര്‍ന്ന് യിംഗ്ലക് പാര്‍ലിമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തി. എന്നാല്‍, വ്യാപകമായ ജനാധിപത്യ പരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്താതെ തെരഞ്ഞെടുപ്പുമായി സഹകരിക്കില്ലെന്നായിരുന്നു പ്രക്ഷോഭകരുടേയും പ്രതിപക്ഷത്തിന്റേയും നിലപാട്. ഫെബ്രുവരി രണ്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ ബാങ്കോക്കില്‍ ഒട്ടേറെ ബൂത്തുകളിലെ തെരഞ്ഞെടുപ്പ് പ്രക്ഷോഭകര്‍ തടസ്സപ്പെടുത്തിയതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ രാഷ്ട്രീയ അനിശ്ചിതത്വം മാസങ്ങളോളം തുടരാനുള്ള സാധ്യത കൂടി.
