Skip to main content
ബാങ്കോക്ക്

thailand protestsതായ്‌ലാന്‍ഡില്‍ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍. നവംബര്‍ മുതല്‍ തുടരുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ അക്രമങ്ങളുടെ ഭീഷണി ഉണ്ടായിരുന്നെങ്കിലും രാജ്യത്തെ 90 ശതമാനം പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു. എന്നാല്‍, തലസ്ഥാനമായ ബാങ്കോക്കിലും രാജ്യത്തിന്റെ തെക്കുഭാഗങ്ങളിലും പല ബൂത്തുകളിലും പ്രക്ഷോഭകര്‍ വോട്ടെടുപ്പ് തടസ്സപ്പെടുത്തിയിരുന്നു.

 

ഇതോടെ, ഒട്ടേറെ മണ്ഡലങ്ങളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ട സ്ഥിതിയാണ്. വോട്ടെടുപ്പ് ഒറ്റദിവസം നടത്തണമെന്ന നിയമമുള്‍പ്പെടെ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നാണ് പ്രധാനമന്ത്രി യിങ്ങ്ലക് ഷിനവത്രയ്ക്കെതിരെ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രക്ഷോഭകരും ഇവര്‍ക്ക് പിന്തുണ നല്‍കുന്ന പ്രതിപക്ഷ കക്ഷിയായ ജനാധിപത്യ പാര്‍ട്ടിയും പറയുന്നത്. ജനാധിപത്യ പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.

 

ഇതോടെ തായ്‌ലാന്‍ഡിലെ രാഷ്ട്രീയ അനിശ്ചിതത്വം മാസങ്ങളോളം തുടരാനുള്ള സാധ്യത കൂടി. പാര്‍ലിമെന്റില്‍ നിന്ന്‍ ജനാധിപത്യ പാര്‍ട്ടി അംഗങ്ങള്‍ രാജിവെച്ചതിനെ തുടര്‍ന്നാണു ഡിസംബര്‍ ഒന്‍പതിന് യിങ്ങ്ലക് പാര്‍ലിമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, വ്യാപകമായ ജനാധിപത്യ പരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്താതെ തെരഞ്ഞെടുപ്പുമായി സഹകരിക്കില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്.

 

യിങ്ങ്ലക്കിനേയും സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ താക്സിന്‍ ഷിനവത്രയേയും അധികാരത്തില്‍ നിന്ന്‍ അകറ്റുകയാണ് പ്രക്ഷോഭകരുടെ ലക്ഷ്യം. 2006-ല്‍ പട്ടാള അട്ടിമറിയിലൂടെ താക്സിനെ പുറത്താക്കിയത് മുതല്‍ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് തായ്‌ലാന്‍ഡ്‌ കടന്നുപോകുന്നത്. അഴിമതി അടക്കമുള്ള കേസുകളില്‍ ശിക്ഷ നേരിട്ട് രാജ്യത്തിന് പുറത്ത് കഴിയുന്ന താക്സിന്  മാപ്പ് നല്‍കാനുള്ള നടപടികള്‍ യിങ്ങ്ലക് ആരംഭിച്ചതോടെയാണ് കഴിഞ്ഞ നവംബറില്‍ ഏറ്റവും പുതിയ പ്രക്ഷോഭം ആരംഭിച്ചത്.

 

2006-ല്‍ പട്ടാളം താക്സിനെ പുറത്താക്കിയതിന് ശേഷം മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കുന്നത്. തായ് ഗ്രാമപ്രദേശങ്ങളില്‍ വന്‍ പിന്തുണയുള്ള താക്സിന്റെ പാര്‍ട്ടി 2011-ല്‍ യിങ്ങ്ലക്കിന്റെ നേതൃത്വത്തില്‍ വന്‍ ഭൂരിപക്ഷത്തിലാണ് അധികാരത്തില്‍ വന്നത്. പ്രതിപക്ഷ ജനാധിപത്യ പാര്‍ട്ടി 1992-ന് ശേഷം ഒറ്റ തെരഞ്ഞെടുപ്പും വിജയിച്ചിട്ടില്ല. എന്നാല്‍, ബാങ്കോക്കിലെ മധ്യവര്‍ഗ്ഗവും രാജസംവിധാനത്തെ പിന്തുണക്കുന്നവരും താക്സിനെ ശക്തമായി എതിര്‍ക്കുന്നു.