പ്രധാനമന്ത്രി യിങ്ങ്ലക് ഷിനവത്രയുടെ രാജി ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭം നടക്കുന്ന തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം, ഷിനവത്രയുടെ ശക്തികേന്ദ്രമായ വടക്കുകിഴക്കന്‍ പ്രദേശത്ത് സര്‍ക്കാര്‍ അനുകൂല നേതാവിന് ബുധനാഴ്ച വെടിയേറ്റു.
ചൊവാഴ്ച വൈകുന്നേരമാണ് 60 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രണ്ട് മാസത്തിലധികമായി തലസ്ഥാനത്തേയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളേയും സ്തംഭിപ്പിക്കുന്ന സമരങ്ങളാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ബാങ്കോക്കില്‍ സമരം പൊതുവേ സമാധാനപരമാണെങ്കിലും സര്‍ക്കാര്‍ അനുകൂല നേതാവിന് വെടിയേറ്റത് സംഘര്‍ഷത്തിനുള്ള സാധ്യതകള്‍ വ്യക്തമാക്കി. വടക്കുകിഴക്കന്‍ പട്ടണമായ ഉഡോന്‍ തനിയില്‍ സര്‍ക്കാറിന് അനുകൂലമായ പ്രകടനങ്ങള്‍ നയിച്ച ക്വാഞ്ചായ് പ്രൈപനയ്ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. കൈക്കും കാലിനും പരിക്കുകളോടെ പ്രൈപന രക്ഷപ്പെട്ടു.
യിങ്ങ്ലക് രാജിവെക്കാതെ ഫെബ്രുവരി രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനോട് സഹകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് ജനുവരി 13 മുതല്‍ പ്രക്ഷോഭം ശക്തമായി പുനരാരംഭിച്ചത്. ഡിസംബറില്‍ നടന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഉപരോധിച്ച പ്രക്ഷോഭത്തെ തുടര്‍ന്ന്‍ പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലിമെന്റ് അംഗത്വം രാജിവെച്ചതോടെയാണ് ഇടക്കാല തെരഞ്ഞെടുപ്പിന് യിങ്ങ്ലക് തയ്യാറായത്.
ഷിനവത്രയുടെ സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ താക്സിന്‍ ഷിനവത്രയെ 2006-ല്‍ നടന്ന പട്ടാള അട്ടിമറിയില്‍ പുറത്താക്കിയത് മുതല്‍ തായ്‌ലാന്‍ഡ് രാഷ്ട്രീയം അസ്ഥിരമാണ്. അഴിമതി ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ശിക്ഷ നേരിടുന്നതിനാല്‍ രാജ്യത്തിന് പുറത്ത് കഴിയുന്ന തക്സിന് തിരിച്ചുവരാന്‍ ഉതകുന്ന നടപടി യിങ്ങ്ലക് സ്വീകരിച്ചതോടെയാണ് നവംബറില്‍ പ്രക്ഷോഭം വീണ്ടും ആരംഭിച്ചത്. താക്സിന്റെ പാവഭരണമാണ് തായ്‌ലാന്‍ഡില്‍ നടക്കുന്നതെന്നും പ്രക്ഷോഭകര്‍ ആരോപിക്കുന്നു.
അതേസമയം, രാജ്യത്തെ ഗ്രാമീണ-ദരിദ്ര ജനവിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ പിന്തുണയാണ് താക്സിന്റെ പാര്‍ട്ടിക്കുള്ളത്. 2011-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് യിങ്ങ്ലക് അധികാരത്തില്‍ എത്തിയത്. പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി 1992 മുതല്‍ ഒരു തെരഞ്ഞെടുപ്പിലും വിജയിച്ചിട്ടില്ല. എന്നാല്‍, ഗ്രാമീണ-ദരിദ്ര ജനവിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള ജനപ്രിയ നടപടികള്‍ ബാങ്കോക്ക് മധ്യവര്‍ഗ്ഗത്തെ താക്സിനെതിരെ തിരിക്കുകയായിരുന്നു.

