മാലിദ്വീപില്‍ രണ്ട് മാസത്തിലധികമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഞായറാഴ്ച സുപ്രീം കോടതി തടഞ്ഞു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസിഡന്റ് സ്ഥാനത്തുനിന്ന്‍ പുറത്താക്കപ്പെട്ട മുഹമ്മദ് നഷീദ് അധികാരത്തില്‍ തിരിച്ചെത്തുന്നത് തടയുകയാണ് ഫലത്തില്‍ കോടതി ചെയ്തത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ ദ്വീപുരാഷ്ട്രത്തില്‍ രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് അധികൃതര്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നത് തടയുന്നത്.
ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ നഷീദ് 46.93 ശതമാനം വോട്ടു നേടി ഒന്നാമതെത്തിയെങ്കിലും തെരഞ്ഞെടുക്കപ്പെടുന്നതിന് ആവശ്യമായ 50 ശതമാനം നേടാന്‍ കഴിയാത്തതിനാലാണ് രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് ആവശ്യമായത്. ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള ഈ ഘട്ടം ഇന്ന്‍ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
സെപ്തംബര്‍ ഏഴിന് നടന്ന ആദ്യ വോട്ടെടുപ്പിലും നഷീദ് 45 ശതമാനത്തില്‍ പരം വോട്ടു നേടിയിരുന്നെങ്കിലും സുപ്രീം കോടതി ആ തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന കോടതിവിധിയെ തുടര്‍ന്ന് ഒക്ടോബര്‍ 19-ന് നിശ്ചയിച്ച തെരഞ്ഞെടുപ്പ് പോലീസ് തടഞ്ഞു. 2008-ല്‍ രാജ്യത്ത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായ നഷീദ് അധികാരത്തില്‍ തിരിച്ചെത്തുന്നത് തടയുകയാണ് അധികൃതരുടെ ലക്ഷ്യമെന്ന സംശയം ഇതോടെ നിരീക്ഷകരില്‍ ബലപ്പെട്ടിട്ടുണ്ട്. കോടതിയും സേനയുമടക്കമുള്ള സ്ഥാപനങ്ങളോട് ഭിന്നത ഉടലെടുത്തതിനെ തുടര്‍ന്ന് 2012 ഫെബ്രുവരിയില്‍ നഷീദ് രാജി വെക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.
ശനിയാഴ്ചത്തെ തെരഞ്ഞെടുപ്പില്‍ മൂന്നമതെത്തിയ വ്യവസായ പ്രമുഖന്‍ ക്വാസിം ഇബ്രാഹിമിന്റെ ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കേ നേരം വെളുക്കുന്നതിന് മുന്‍പ് ചേര്‍ന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. മാലിദ്വീപില്‍ സ്വേച്ഛാധിപത്യ രീതിയില്‍ വര്‍ഷങ്ങളോളം ഭരണം കൈയാളിയിരുന്ന മൌമൂണ്‍ അബ്ദുല്‍ ഗയൂമിന്റെ സഹോദരന്‍ അബ്ദുള്ള യാമീന്‍ ആണ് തെരഞ്ഞെടുപ്പില്‍ നഷീദിന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയിട്ടുള്ളത്. ഇവരില്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് അണികളോട് വ്യക്തമാക്കാന്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇബ്രാഹിം കോടതിയെ സമീപിച്ചത്.
യാമീന് 29.73 ശതമാനവും ഇബ്രാഹിമിന് 23.34 ശതമാനവുമാണ് ശനിയാഴ്ച വോട്ടു ലഭിച്ചത്. യാമിനെ പിന്തുണക്കുകയാണെന്ന് ഇബ്രാഹിം അറിയിച്ചിട്ടുണ്ട്.