ഇന്തോനേഷ്യയിലെ ഏറ്റവും സക്രിയമായ അഗ്നിപര്‍വതങ്ങളില്‍ ഒന്നായ സിനാബാങ്ങ് കൊടുമുടി തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ വീണ്ടും പുകഞ്ഞുതുടങ്ങി. സെപ്തംബറിന് ശേഷമുള്ള ഏറ്റവും ശക്തമായ പ്രവാഹത്തില്‍ ഏഴു കിലോമീറ്റര്‍ ഉയരത്തിലാണ് ചൂടുചാരവും ലാവയും പുറത്തേക്ക് വരുന്നത്. സുമാത്ര ദ്വീപിലെ കരോ ജില്ലയില്‍ സ്ഥിതി ചെയുന്ന 2,457 മീറ്റര്‍ ഉയരമുള്ള സിനാബാങ്ങ് 400 വര്‍ഷം നിഷ്ക്രിയമായിരുന്ന ശേഷം കഴിഞ്ഞ സെപ്തംബറിലാണ് സക്രിയമായത്.
തിങ്കളാഴ്ച മുതല്‍ ചെറുതായി ലാവാ പ്രവാഹം തുടങ്ങിയ കൊടുമുടിയില്‍ ഇതിനകം ഒന്‍പത് തവണ ലാവാ പ്രവാഹം ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. അഗ്നിപര്‍വത കേന്ദ്രത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ വരെയുള്ള ചുറ്റളവില്‍ കഴിയുന്ന ജനങ്ങളെ ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്. 19,126 പേര് തിങ്കളാഴ്ച വീടൊഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. ആളപായമൊന്നുമുണ്ടായിട്ടില്ല. എന്നാല്‍, അപകട സാധ്യത കൂടുതലായതിനാല്‍ പോലീസും സുരക്ഷാ സൈനികരും മേഖലയില്‍ റോന്ത് ചുറ്റി നിര്‍ബന്ധമായി ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും വലിയ ദ്വീപസമൂഹ രാഷ്ട്രമായ ഇന്തോനേഷ്യയില്‍ 129 സക്രിയ അഗ്നിപര്‍വ്വതങ്ങള്‍ ഉണ്ട്. ഭൂമിക്കടിയിലെ ടെക്ടോണിക്ക് പ്ലേറ്റുകള്‍ കൂട്ടിമുട്ടുന്ന ഭ്രംശമേഖലയില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ‘അഗ്നിവലയം’ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഇവിടെ ആഗസ്തില്‍ ഒരു അഗ്നിപര്‍വതം പൊട്ടിത്തെറിച്ചിരുന്നു. 2010-ല്‍ ജാവ ദ്വീപില്‍ മേരാപി കൊടുമുടി പൊട്ടിത്തെറിച്ചുണ്ടായ ലാവാ പ്രവാഹത്തില്‍ 350 പേര് മരിച്ചിരുന്നു.

