സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ തായ്ലാന്ഡില് പാര്‍ലിമെന്റ് പിരിച്ചുവിടുന്നതായി പ്രധാനമന്ത്രി യിങ്ങ്ലക് ഷിനവത്ര തിങ്കളാഴ്ച അറിയിച്ചു. തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തുമെന്നും അവര്‍ പ്രഖ്യാപിച്ചു. ഒരു ലക്ഷത്തിലേറെ വരുന്ന പ്രക്ഷോഭകര്‍ ‘അവസാന പോരാട്ട’ത്തിനായി ബാങ്കോക്ക് തെരുവില്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത പ്രഖ്യാപനം.
തിങ്കളാഴ്ച കാലത്ത് നടത്തിയ ടെലിവിഷന്‍ അഭിസംബോധനയിലാണ് ഷിനവത്ര പാര്‍ലിമെന്റ് പിരിച്ചുവിടാന്‍ രാജാവിനോട് അഭ്യര്‍ഥിച്ചതായി അറിയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന് എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പിനുള്ള തിയതി നിശ്ചയിക്കുമെന്നും അതുവരെ താന്‍ കാവല്‍ മന്ത്രിസഭയെ നയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭരണഘടനാ രാജാധിപത്യമായ തായ്ലാന്ഡില് രാജാവ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന അംഗീകരിക്കണം. പാര്‍ലിമെന്റ് പിരിച്ചുവിട്ടാല്‍ 60 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.
കഴിഞ്ഞ മാസം ആരംഭിച്ച വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കയ്യടക്കുന്ന പ്രതിഷേധ സമരത്തില്‍ തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്. ബാങ്കോക്കിലെ ഒന്‍പത് കേന്ദ്രങ്ങളില്‍ നിന്ന് ഇതിനകം ആരംഭിച്ച പ്രകടനങ്ങള്‍ നഗരത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഒരു ലക്ഷത്തിലേറെ പേര് പ്രകടനത്തില്‍ പങ്കെടുക്കുന്നതായാണ് പോലീസ് കണക്കുകള്‍.
പാര്‍ലിമെന്റിലെ മുഖ്യപ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ ഞായറാഴ്ച ഒന്നടങ്കം പാര്‍ലിമെന്റ് അംഗത്വം രാജിവെച്ച് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 500 അംഗ പാര്‍ലിമെന്റില്‍ 153 പേരാണ് പാര്‍ട്ടിക്കുള്ളത്.
യിങ്ങ്ലക് ഷിനവത്രയുടെ സഹോദരനും പ്രധാനമന്ത്രിയുമായിരുന്ന താക്സിന് ഷിനവത്രയെ 2006-ല്‍ സൈന്യം പുറത്താക്കിയത് മുതല്‍ തായ്ലാന്ഡില് രാഷ്ട്രീയ സ്ഥിതി സംഘര്‍ഷ ഭരിതമാണ്. അഴിമതി ആരോപണത്തെ തുടര്‍ന്ന് തടവ് ഒഴിവാക്കാന്‍ ദുബായിയില്‍ സ്വയം പ്രഖ്യാപിത പ്രവാസത്തില്‍ കഴിയുകയാണ് താക്സിന്. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് താക്സിനും യിങ്ങ്ലക്കിലൂടെ താക്സിന്റെ പിന്‍വാതില്‍ ഭരണമാണ് നടക്കുന്നതെന്ന് പ്രക്ഷോഭകരും ആരോപിക്കുന്നു.
തായ് ഗ്രാമപ്രദേശങ്ങളില്‍ പിന്തുണയുള്ള താക്സിന്റെ പാര്‍ട്ടി 2011-ല്‍ വന്‍ ഭൂരിപക്ഷത്തിലാണ് അധികാരത്തില്‍ വന്നത്. പ്രതിപക്ഷ ഡെമോക്രാറ്റുകള്‍ 1992-ന് ശേഷം ഒറ്റ തെരഞ്ഞെടുപ്പും വിജയിച്ചിട്ടില്ല. എന്നാല്‍, തായ് ഉന്നത വര്‍ഗ്ഗവും മധ്യവര്‍ഗ്ഗവും ഗ്രാമീണ ദരിദ്ര ജനതയെ ലക്ഷ്യമിട്ടുള്ള താക്സിന്റെ ജനപ്രിയ നടപടികളെ എതിര്‍ത്തതോടെയാണ് രാഷ്ട്രീയ സംഘര്‍ഷം കനത്തത്.
