Skip to main content
ജക്കാര്‍ത്ത

ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് സുസിലോ ബംബാഗ് യുധോയോനോ, വൈസ് പ്രസിഡന്‍റ് ബുധിയോനോ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ആസ്ട്രേലിയ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍. ഇതേതുടര്‍ന്ന് ആസ്ട്രേലിയയിലെ അംബാസഡറെ ഇന്തോനേഷ്യ തിരിച്ചുവിളിച്ചു.  പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

2009 ആഗസ്റ്റിലാണ് ആസ്ട്രേലിയന്‍ രഹസ്യാന്വേഷണ ഏജന്‍സി യുധോയോനോയുള്‍പ്പെടെയുള്ളവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ലേബര്‍ പാര്‍ട്ടി നേതാവ് കെവിന്‍ റൂഡ്‌ ആയിരുന്നു അന്നത്തെ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി. ‘ഗാര്‍ഡിയന്‍’ പത്രമാണ്‌ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.

 

ആസ്ട്രേലിയയുടെ ഇത്തരത്തിലുള്ള നടപടി അതിഗുരുതരമാണെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദത്തിന് ഇത് നല്ലതല്ലെന്നും ഇന്തോനേഷ്യന്‍ സാമ്പത്തിക മന്ത്രി മാര്‍ട്ടി നടാലേഗ്വ അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രതികരിക്കാന്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് വിസമ്മതിച്ചു. ഇന്തോനേഷ്യയുമായി രാജ്യത്തിന് മികച്ച ബന്ധമാണുള്ളതെന്നും അത് ഒരിക്കലും തകരില്ലെന്നും അദ്ദേഹം പറഞ്ഞു.