Skip to main content
വാഷിംഗ്‌ടണ്‍

യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ ആദ്യ വനിതാ മേധാവിയായി ജാനറ്റ് യെല്ലനെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ നാമനിര്‍ദേശം ചെയ്തു. ഇപ്പോള്‍ ഫെഡറല്‍ റിസര്‍വ് വൈസ് ചെയര്‍പേഴ്സണാണ് ജാനറ്റ്. അടുത്ത ജനുവരിയില്‍ ഇപ്പോഴത്തെ ഫെഡ് ചെയര്‍മാന്‍ ബെന്‍ ബെര്‍നാക് സ്ഥാനമൊഴിയും.

 

സാന്‍ഫ്രാന്‍സിസ്കോ ഫെഡറല്‍ റിസര്‍വ് ബാങ്കിന്‍റെ മുന്‍ ചീഫ് എക്സിക്യൂട്ടീവും ബില്‍ ക്ലിന്‍റന്‍റെ കാലത്ത് വൈറ്റ് ഹൗസിലെ ധനകാര്യ ഉപദേഷ്ടാവുമായിരുന്നു ജാനറ്റ്.

 

ഇതിനിടെ ആരോഗ്യ രക്ഷാപാക്കേജ് പദ്ധതി സംബന്ധിച്ച് യു.എസ് കോണ്‍ഗ്രസില്‍ ഡെമോക്രറ്റിക്-റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടരുന്നു. ഇത് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്തിന്റെ കടമെടുക്കല്‍ പരിധി ഉയര്‍ത്തണമെന്ന് പ്രസിഡന്‍റ് ബരാക് ഒബാമ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 17-നകം കടമെടുക്കല്‍ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

അതിനിടെ, ആരോഗ്യരക്ഷാപദ്ധതിയുടെ കാര്യത്തിലും ചര്‍ച്ചയാകാമെന്ന് ഒബാമ പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനും കടമെടുപ്പുപരിധി ഉയര്‍ത്താനും കോണ്‍ഗ്രസ് അനുമതി നല്‍കിയാലേ ചര്‍ച്ചയ്ക്കുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.  യു.എസ് പ്രതിസന്ധിയെത്തുടര്‍ന്ന്‍ ഏഴ് ലക്ഷത്തോളം ജീവനക്കാരാണ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലും കുറവ് വന്നിട്ടുണ്ട്. ഒബാമ തന്റെ വിദേശ പര്യടനങ്ങള്‍ പോലും പ്രതിസന്ധിയെത്തുടര്‍ന്ന് മാറ്റിവച്ചു. ഇതോടെയാണ് പ്രശ്നപരിഹാരത്തിനായി ചര്‍ച്ച നടത്താന്‍ ഒബാമ തയ്യാറായത്.