Skip to main content
ഓസ്ലോ

Erna Solbergയാഥാസ്ഥിതിക പാര്‍ട്ടി നേതാവ് എര്‍ന്ന സോള്‍ബെര്‍ഗ് നോര്‍വേയുടെ പുതിയ പ്രധാനമന്ത്രിയാകും. 12 വര്‍ഷം ഭരണത്തിലിരുന്ന ഇടതു-പരിസ്ഥിതി പാര്‍ട്ടികളുടെ സഖ്യത്തെ പരാജയപ്പെടുത്തിയാണ് മധ്യ-വലത് പാര്‍ട്ടികളുടെ സഖ്യം അധികാരത്തിലേറുന്നത്.  

 

രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാകുന്ന സോള്‍ബെര്‍ഗിന്റെ നേതൃത്വത്തില്‍ 26.8 ശതമാനം വോട്ടുകളാണ് യാഥാസ്ഥിതിക പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ നേടിയത്. കഴിഞ്ഞ എട്ടു വര്‍ഷം പ്രധാനമന്ത്രിയായിരുന്ന ലേബര്‍ പാര്‍ട്ടി നേതാവ് ജെന്‍സ് സ്റ്റോള്‍ടെന്‍ബെര്‍ഗ് തിങ്കളാഴ്ച പരാജയം അംഗീകരിച്ചു.

 

1960-കളില്‍ എണ്ണയുടെയും പ്രകൃതിവാതകത്തിന്റേയും കണ്ടുപിടിത്തത്തെ തുടര്‍ന്ന്‍ ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി മാറിയ നോര്‍വേ ഉന്നത ജീവിത നിലവാരത്തിനും ശക്തമായ സാമൂഹ്യക്ഷേമ സംവിധാനങ്ങള്‍ക്കും പ്രശസ്തമാണ്.

 

കുടിയേറ്റ വിരുദ്ധ നയം പുലര്‍ത്തുന്ന പ്രോഗ്രസ് പാര്‍ട്ടി, ലിബറല്‍ പാര്‍ട്ടി, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി എന്നിവരുമായി ചേര്‍ന്ന്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ സോള്‍ബെര്‍ഗ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍, പ്രോഗ്രസ് പാര്‍ട്ടിയുമായി അധികാരം പങ്കിടുന്ന കാര്യത്തില്‍ മറ്റ് രണ്ട് പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. 2011-ല്‍ ലേബര്‍ പാര്‍ട്ടിയുടെ യുവജന ക്യാമ്പില്‍ കടന്ന്‍ 77 പേരെ വെടിവെച്ചുകൊന്ന ആണ്ടെഴ്സ് ബെറിങ്ങ് ബ്രെയവിക് പ്രോഗ്രസ് പാര്‍ട്ടി അംഗമായിരുന്നു.

Tags