Skip to main content
കെയ്റോ

ഈജിപ്തില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം രൂക്ഷമായ പശ്ചാത്തലത്തില്‍ ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ്‌ മുര്സിയുടെ അനുകൂലികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതിനെത്തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

 

രാജ്യത്തു സുരക്ഷയും സമാധാനവും പുനസ്‌ഥാപിക്കാന്‍ സൈന്യത്തേയും പോലീസിനേയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന്‌ ഇടക്കാല പ്രസിഡന്റ്‌ ആദ്‌ലി മന്‍സൂര്‍ അറിയിച്ചു. സൈന്യം പുറത്താക്കിയ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിക്ക്‌ അധികാരം മടക്കി നല്‍കണമെന്നാവശ്യപ്പെട്ടാണ്‌ മുസ്ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ ആറാഴ്‌ചമുമ്പ്‌ ഉപരോധ സമരം ആരംഭിച്ചത്‌. അന്നു മുതല്‍ വിവിധ ഏറ്റുമുട്ടലുകളിലായി 250 ലേറെ പേര്‍ കൊല്ലപ്പെട്ടു.

 

ഗിസയിലെ അനഹ്ദചത്വരത്തിൽ കുത്തിയിരിപ്പ് സമരം നടത്തിയവരുടെ നേര്‍ക്കാണ് സൈന്യം ആക്രമണം അഴിച്ചു വിട്ടത്. ആക്രമണത്തില്‍ പ്രക്ഷോഭകരുടെ ക്യാമ്പുകള്‍ക്കും ടെന്റ്കള്‍ക്കും സൈന്യം തീ വച്ചു.