Skip to main content
മോസ്കോ

യു.എസ് രഹാസ്യാന്വേഷണ ഏജന്‍സിയുടെ സ്വകാര്യ വിവര ശേഖരണം പുറത്തുവിട്ട എഡ്വേര്‍ഡ് സ്നോഡനെ കൈമാറുകയാണെങ്കില്‍ വധശിക്ഷയോ മര്‍ദ്ദനമുറകളോ നേരിടേണ്ടി വരില്ലെന്ന് റഷ്യയോട് യു.എസ്. ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഏജന്‍സികള്‍ വിഷയത്തില്‍ ചര്‍ച്ച തുടരുകയാണെന്ന് ക്രെംലിന്‍ അറിയിച്ചു.

 

യു.എസ്സിലെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ)യുടെ കരാര്‍ ജീവനക്കാരനായിരുന്ന സ്നോഡന്‍ ഒരു മാസത്തിലധികമായി മോസ്കോവിലെ വിമാനത്താവളത്തില്‍ കഴിയുകയാണ്. എന്‍.എസ്.എ വന്‍തോതില്‍ സ്വകാര്യ ടെലിഫോണ്‍, ഇന്റര്‍നെറ്റ്‌ വിവരങ്ങള്‍ ചോര്‍ത്തുന്നത് പുറത്തുവിട്ടതിനെ തുടര്‍ന്ന് യു.എസ്സില്‍ ചാരവൃത്തി അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട സ്നോഡനെ കുറ്റവാളികളെ കൈമാറല്‍ നിയമപ്രകാരം വിട്ടുകൊടുക്കാന്‍ റഷ്യ വിസമ്മതിച്ചു. താല്‍ക്കാലിക അഭയത്തിനുള്ള സ്നോഡന്റെ അഭ്യര്‍ഥന റഷ്യയുടെ പരിഗണനയിലാണ്.

 

ജൂലൈ 23-ന് യു.എസ് അറ്റോര്‍ണ്ണി ജനറല്‍ എറിക് ഹോള്‍ഡര്‍ അയച്ച കത്തിലാണ് മര്‍ദ്ദനമുറകകളും വധശിക്ഷയും നേരിടേണ്ടി വരുമെന്ന സ്നോഡന്റെ ഭയം അടിസ്ഥാന രഹിതമാണെന്ന് പറയുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് സ്നോഡന്‍ അഭയാഭ്യര്‍ഥന നല്‍കിയിരിക്കുന്നത്. സ്നോഡനെ കൈമാറുകയില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ആവര്‍ത്തിച്ചെങ്കിലും യു.എസ് ഏജന്‍സിയായ എഫ്.ബി.ഐയും റഷ്യയുടെ എഫ്.എസ്.ബിയും തമ്മില്‍ കൈമാറ്റ വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ഒരു ക്രെംലിന്‍ വക്താവ് സ്ഥിരീകരിച്ചു.

 

പ്രിസം എന്നറിയപ്പെടുന്ന വിവരശേഖരണ പദ്ധതിക്കെതിരെ യു.എസ് ജനപ്രതിനിധി സഭയില്‍ കൊണ്ടുവന്ന പ്രമേയം കഴിഞ്ഞ ദിവസം നേരിയ വ്യത്യാസത്തിന് പരാജയപ്പെട്ടിരുന്നു.