Skip to main content
വാഷിങ്ങ്ടന്‍

രഹസ്യാന്വേഷണ സംഘടനയായ ദേശീയ സുരക്ഷാ ഏജന്‍സിയുടെ പ്രിസം എന്ന പേരില്‍ അറിയപ്പെടുന്ന വിവരശേഖരണ പദ്ധതി തുടരാമെന്ന് യു.എസ് ജനപ്രതിനിധി സഭ. 12 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് പദ്ധതിക്ക് നേരെയുള്ള വെല്ലുവിളി മറികടന്നത്. സ്വകാര്യതാ അവകാശങ്ങളും ഭീകര വിരുദ്ധ നടപടികളും വിഷയമായ ചര്‍ച്ചക്ക് ശേഷം 217- 205 എന്നതായിരുന്നു ബുധനാഴ്ച രാത്രിയിലെ വോട്ടിംഗ് നില.

 

ഏജന്‍സിയുടെ കരാര്‍ ജീവനക്കാരനായ എഡ്വേര്‍ഡ് സ്നോഡന്‍ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന്‍ റിപ്പബിക്കന്‍ പ്രതിനിധി ജസ്റ്റിന്‍ അമാഷ് പദ്ധതിയെ സഭയില്‍ ചോദ്യംചെയ്ത് പ്രമേയം അവതരിപ്പിക്കുകയായിരുന്നു. വിദേശ പൗരരുടെ ഇന്റര്‍നെറ്റ്‌ വിവരങ്ങളും യു.എസ് പൗരരുടെ ടെലിഫോണ്‍ വിവരങ്ങളും വന്‍തോതില്‍ ഏജന്‍സി ചോര്‍ത്തുന്നതായാണ് സ്നോഡന്‍ വെളിപ്പെടുത്തിയത്.

 

2001 സെപ്തംബറിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം പാസ്സാക്കിയ യു.എസ്.എ പാട്രിയട്ട് നിയമമനുസരിച്ചാണ് ഏജന്‍സി ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുന്നത്. എന്നാല്‍, പദ്ധതികളുടെ വ്യാപ്തി തങ്ങളെ ഞെട്ടിച്ചതായി പല ജനപ്രതിനിധികളും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.