യു.എസ് ഏജന്‍സികളുടെ സ്വകാര്യവിവര ശേഖരണ രഹസ്യ പദ്ധതി വെളിപ്പെടുത്തിയ എഡ്വേര്‍ഡ് സ്നോഡന്‍ മോസ്കോ വിമാനത്താവളത്തില്‍ നടന്ന ഒരു യോഗത്തില്‍ പങ്കെടുത്തു. മൂന്നാഴ്ചക്കിടെ ആദ്യമായാണ് സ്നോഡന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.
ചാരവൃത്തി കുറ്റം ചുമത്തി യു.എസ് പാസ്പോര്‍ട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന്‍ മോസ്കോയിലെ ഷെരെമെത്യേവോ വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് സോണിലാണ് സ്നോഡന്‍ കഴിയുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും പങ്കെടുത്ത യോഗത്തിലാണ് സ്നോഡന്‍ സംബന്ധിച്ചത്.
വെനിസ്വെല, നികരാഗ്വ , ബൊളിവിയ എന്നീ രാജ്യങ്ങളുടെ അഭയ വാഗ്ദാനം ഔദ്യോഗികമായി സ്വീകരിക്കുന്നതായി സ്നോഡന്‍ അറിയിച്ചു. എന്നാല്‍, ലാറ്റിനമേരിക്കയിലേക്ക് സഞ്ചരിക്കാന്‍ സാധിക്കാത്തതിനാല്‍ റഷ്യയില്‍ അഭയം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്നോഡന്‍ പറഞ്ഞു.
നേരത്തെ, റഷ്യക്ക് നല്‍കിയ അഭയ അഭ്യര്‍ത്ഥന സ്നോഡന്‍ പിന്‍വലിച്ചിരുന്നു. യു.എസ്സിന് ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് റഷ്യയുടെ നിബന്ധനയെ തുടര്‍ന്നായിരുന്നു ഇത്. സ്നോഡന്റെ അഭയം സംബന്ധിച്ച തങ്ങളുടെ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി റഷ്യന്‍ പ്രസിഡന്റെ വ്ലാദിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്കൊവ് പറഞ്ഞു. വെള്ളിയാഴ്ച പുടിനും യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും ടെലിഫോണില്‍ സംസാരിച്ചിരുന്നു.
അതിനിടെ, ബ്രസീല്‍, അര്‍ജന്റീന, വെനിസ്വെല, ഉറുഗ്വാ എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഏതാനും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് സ്ഥാനപതിമാരെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ വ്യാപാര കൂട്ടായ്മയായ മെര്‍ക്കോസറിന്റെ ഉറുഗ്വായില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ആഴ്ച റഷ്യയില്‍ നിന്ന്‍ മടങ്ങുന്ന വഴി ബൊളിവിയ പ്രസിഡന്റ് ഇവോ മൊറാലസിന്റെ വിമാനം തങ്ങളുടെ പരിധിയില്‍ പ്രവേശിക്കുന്നത് ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ വിലക്കിയിരുന്നു. സ്നോഡന്‍ വിമാനത്തിലുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇത്.
