Skip to main content
കയ്റോ

ഈജിപ്തിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ സൈന്യം നല്‍കിയ അന്ത്യശാസനം പ്രസിഡന്റ് മൊഹമ്മദ്‌ മൊര്‍സി തള്ളി. ദേശീയ അനുരഞ്ജനത്തിന് തന്റേതായ പദ്ധതികകളുമായി മുന്നോട്ടുപോകുമെന്ന് ചൊവാഴ്ച അദ്ദേഹം പറഞ്ഞു.

 

ബുധനാഴ്ചക്കകം അധികാരം പങ്കുവെക്കുന്ന സംവിധാനം കൊണ്ടുവരണം എന്നായിരുന്നു തിങ്കളാഴ്ച  സൈന്യത്തിന്റെ നിര്‍ദ്ദേശം. മൊര്‍സി അധികാരത്തില്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ജൂണ്‍ 30 ഞായറാഴ്ച  രാജ്യത്ത് നടന്ന വ്യാപക പ്രതിഷേധ റാലികളുടെ പശ്ചാത്തലത്തിലായിരുന്നു സൈന്യത്തിന്റെ 48 മണിക്കൂര്‍ അന്ത്യശാസനം.

 

രണ്ടുവര്‍ഷം മുന്‍പ് ജനാധിപത്യ പ്രക്ഷോഭത്തിന്റെ കേന്ദ്രമായിരുന്ന കൈറോവിലെ തഹ്രീര്‍ ചത്വരത്തില്‍ പ്രക്ഷോഭകര്‍ ഇപ്പോഴും തമ്പടിച്ചിരിക്കുകയാണ്. ചൊവാഴ്ച വൈകുന്നേരം മറ്റൊരു റാലിക്ക് പ്രതിപക്ഷം ആഹ്വാനം നല്‍കിയിട്ടുണ്ട്.

 

മൊര്‍സിയുടെ പാര്‍ട്ടിയായ മുസ്ലിം ബ്രദര്‍ഹുഡ് അട്ടിമറി എന്നാണ് സൈന്യത്തിന്റെ നീക്കത്തെ വിശേഷിപ്പിച്ചത്. എന്നാല്‍, മന്ത്രിമാരടക്കമുള്ളവരുടെ രാജി മൊര്‍സിയുടെ നില ദുര്‍ബ്ബലപ്പെടുത്തിയിട്ടുണ്ട്.