Skip to main content

മൊഗാദിഷു: സോമാലിയയില്‍ 2011ല്‍ അനുഭവപ്പെട്ട ക്ഷാമത്തില്‍ 2,60,000 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. യു.എസ്, യു.എന്‍ ഏജന്‍സികള്‍ സംയുക്തമായി വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് മരണം ഒഴിവാക്കാവുന്നതായിരുന്നെന്ന് അഭിപ്രായപ്പെട്ടു.

 

തലേവര്‍ഷം ഇരു ഏജന്‍സികളും 70ഓളം ക്ഷാമ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അനുയോജ്യമായ സഹായം എത്തിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. ഒരു വര്‍ഷത്തിനു ശേഷം ക്ഷാമം പ്രഖ്യാപിച്ചതോടെയാണ്‌ സഹായം എത്തിയത്.

 

ഇസ്ലാമിക വിമത സംഘടനയായ അല്‍-ഷബാബ് നിയന്ത്രിക്കുന്ന മേഖലകളില്‍ സഹായ വിതരണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ക്ഷാമം രൂക്ഷമാക്കിയതായി നിരീക്ഷകര്‍ ആരോപിച്ചു. ഇവരുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ ആയിരുന്നു ഏറ്റവും കടുത്ത ക്ഷാമം. അല്‍-ഖ്വയ്ദ ആഭിമുഖ്യമുള്ള അല്‍-ഷാബാബിന് സഹായം എത്തിയാല്‍ 15 വര്‍ഷം വരെ തടവ് ലഭിക്കുന്ന നിയമം യു.എസ്. സര്‍ക്കാര്‍ പാസ്സാക്കിയിരുന്നു. തുടര്‍ന്ന് 2010ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ ലോക ഭക്ഷ്യ പദ്ധതി പ്രവര്‍ത്തകരെയും മറ്റ് 16 ഏജന്‍സികളെയും തങ്ങളുടെ സ്വാധീന മേഖലകളില്‍ നിന്ന് അല്‍-ഷബാബ് പുറത്താക്കിയിരുന്നു.