Skip to main content

 

മരണവും മരണത്തിന്റെ കഥകളും നാം സിനിമയിൽ എത്രയോ കണ്ടിരിക്കുന്നു. ബര്‍ഗ്‌മാന്‍ മരണത്തെ കഥാപാത്രമായിത്തന്നെ ദി സെവൻത് സീലിൽ അവതരിപ്പിച്ചു. നിവവധി നടീനടന്മാർ കഥാപാത്രങ്ങളായി തിരശ്ശീലയിൽ മരിച്ചുവീഴുന്നത് കണ്ട് നാം, സാധാരണക്കാരായ പ്രേക്ഷകർ, ദുഃഖം സഹിക്കാനാവാതെ തിയേറ്റർ വിട്ടിരുന്നു. സംഭവബഹുലമായ ജീവിതങ്ങൾ ചിത്രീകരിക്കുന്ന സിനിമാക്കഥകളിൽ മരണങ്ങൾക്ക് പ്രാധാന്യമുണ്ടായിരുന്നു. മരണം എന്ന കോമാളി കടന്നുവന്ന്‌ വിഷമവൃത്തങ്ങൾ വരയ്ക്കുന്ന എത്രയോ ചിത്രങ്ങൾ കണ്ട് നാം പൊട്ടിക്കരഞ്ഞിരിക്കുന്നു! വീർപ്പടക്കി ഇരുന്നിരിക്കുന്നു! മരണത്തിന്റെ ഊരാക്കുടുക്കിൽപ്പെട്ട്, സിനിമയാണെന്നറിയാതെ സാധാരണക്കാരായ പ്രേക്ഷകർ സ്വന്തം അസ്തിത്വം പോലും മറന്നിട്ടില്ലേ! കൊട്ടകയിലെ തിരശ്ശീലയിൽ കഥാപാത്രങ്ങൾ മരിച്ചുവീഴുന്നത് കണ്ട് എത്രയോ ഗ്രാമീണ സ്ത്രീകൾ പൊട്ടിക്കരഞ്ഞുകൊണ്ട് തിയേറ്റർ വിടുന്നത് നാം കണ്ടിട്ടുണ്ട്. സിനിമയെ യാഥാർത്ഥ്യവുമായി കൂട്ടിക്കുഴയ്ക്കാൻ മാത്രമറിയാവുന്ന പാവങ്ങൾക്ക് മറ്റെന്താണ്‌വഴി? മരണമെന്ന കഥാപാത്രമില്ലാത്ത സിനിമാക്കഥകൾ കുറവല്ലേ? വീണ്ടും വീണ്ടും ടിക്കറ്റെടുത്ത് കഥാപാത്രത്തിന്റെ മരണം കണ്ട് കണ്ണീർ പൊഴിച്ചും കൈയടിച്ചും വീട്ടിലേക്ക് മടങ്ങുന്ന സാധാരണക്കാരുടെ നാടാണ് നമ്മുടേത്. അതിനാലാണ് ഇവിടെ സിനിമ വിജയിക്കുന്നത്.

 

എന്നാൽ മറ്റൊരു വിരോധാഭാസം പണ്ട് കോടമ്പാക്കത്ത് നിലനിന്നിരുന്നു. നമ്മുടെ സിനിമാക്കാർ ആരും തന്നെ കോടമ്പാത്ത് വച്ച് മരിക്കാൻ ആഗ്രഹിച്ചിരുന്നില്ല. ഇത് പഴയ കാലത്തിന്റെ കഥയാണ്. മലയാള സിനിമയുടെ തുടക്കം മുതലുള്ള ചരിത്രം പരിശോധിക്കൂ. ഒരിക്കലും 'ആശാവഹമായ' മരണം ഇവിടെ ആർക്കും ഉണ്ടായിട്ടില്ല. അതിനാലാകാം കോടമ്പാക്കത്തെ മരണത്തേക്കാൾ കേരളത്തിലെ മരണത്തിനു നമ്മുടെ സിനിമാക്കാർ മുൻതൂക്കം കൊടുത്തത്. മദ്രാസിൽ മരിച്ചുവീണ പ്രമുഖരെയെല്ലാം കേരളത്തിൽ കൊണ്ടുപോയി സംസ്കരിക്കുകയാണ്‌ ചെയ്തിട്ടുള്ളത്. ജയൻ, സത്യൻ, പ്രേംനസീർ, പി.ജെ ആന്റണി, മുതുകുളം രാഘവൻ പിള്ള, മണവാളൻ ജോസഫ് തുടങ്ങിയവരൊക്കെ മുമ്പേതന്നെ മരണത്തിന്റെ മണമറിഞ്ഞവരാണ്. അടൂർ ഭാസിയും കെ.പി ഉമ്മറും തമിഴ് നടൻ വിജയനും സംവിധായകൻ വിജയൻ കരോട്ടും ലിസ ബേബിയും ദേവരാജനും സുകുമാരിയുമൊക്കെ വളരെക്കഴിഞ്ഞ് പുതിയ പട്ടികയിൽ പെടുന്നവരാണ്. പക്ഷേ, ആദ്യത്തെ പട്ടികക്കാണ് ഇവിടെ പ്രാധാന്യം.

 

വളരെയേറെ ശ്രദ്ധിക്കപ്പെട്ട മരണമായിരുന്നു സത്യന്റേത്. ഒരു വിധത്തിൽ 'ബഹുമതിയും ആശീർവാദവും' നേടിയ മരണങ്ങളിൽ ഒന്നായിരുന്നു അത്. അന്നത്തെ മദ്രാസിലെ ചലച്ചിത്ര പരിഷത്തിന്റെ ഒരേയൊരു ജോലി മരിച്ച സിനിമാക്കാരെ നാട്ടിലെത്തിക്കുക എന്നതായിരുന്നു. അതിനു കഴിഞ്ഞില്ലെങ്കിൽ എ.വി.എം സ്റ്റുഡിയോയുടെ പിന്നിലെ ശ്മശാനത്തിലെങ്കിലും എത്തിച്ചു ദഹിപ്പിക്കുക. സത്യനെ സംബന്ധിച്ച് പരിഷത്തിന്റെ ആവശ്യം വേണ്ടിവന്നില്ല. തമിഴകത്തിന്റെ രോമാഞ്ചമായിരുന്ന എം.ജി രാമചന്ദ്രനായിരുന്നു സത്യന്റെ മൃതശരീരം നാട്ടിലെത്തിക്കാൻ സഹായിച്ചത്. (അന്നദ്ദേഹം മുഖ്യമന്ത്രി ആയിരുന്നില്ല). രക്താര്‍ബുദ ബാധിതനായിരുന്ന സത്യന്റെ മരണം ആകസ്മികമായിരുന്നു. മൂന്നുമണിക്കൂർ എം.ജി.ആർ തന്റെ ഷൂട്ടിംഗ് ക്യാൻസൽ ചെയ്തശേഷം സത്യന്റെ ശവശരീരത്തിന്റെ തലയ്ക്കൽ ഉണ്ടായിരുന്നു. 'ദി ഹിന്ദു'വിന്റെ പത്രം കൊണ്ടുപോകുന്ന എയർക്രാഫ്റ്റിലായിരുന്നു മൃതദേഹം കേരളത്തിലെത്തിച്ചത്. (ഇതേ എയർക്രാഫ്റ്റിൽ നടി ഷീലയും പല തവണ കേരളത്തിലേക്ക് ഷൂട്ടിംഗിനു പറന്നിട്ടുണ്ട് എന്നത് അരമന രഹസ്യം!) അങ്ങനെ സത്യന്റെ മരണം റോയൽ അന്ത്യമായി കലാശിച്ചു. എം.ജി.ആർ ഇടപെട്ടില്ലായിരുന്നെങ്കിൽ സത്യന്റെ മരണവും ദുരന്തപൂരിതമായി കലാശിക്കുമായിരുന്നു.

 

എന്നാൽ 1973-ൽ ഭരത് അവാർഡും സംസ്ഥാന അവാർഡും നേടിയ പി.ജെ ആന്റണി എന്ന മഹാനായ നടന്റെ മരണം തികച്ചും ദുരന്തമയമായിരുന്നു. പി.എ ബക്കറിന്റെ മണ്ണിന്റെ മാറിൽ എന്ന ചിത്രത്തിന്റെ ഡബ്ബിംഗിനു വന്നതായിരുന്നു ആന്റണി. കോടമ്പാക്കത്തെ സാധാരണക്കാരുടെ സങ്കേതമായ പാണ്ട്യൻ ലോഡ്ജിലെ വൃത്തികെട്ട ഇടുങ്ങിയ മുറിയിൽ നെഞ്ചുവേദന കൊണ്ട് പിടയുന്ന ആന്റണിയെ ബക്കറും ചന്ദ്രാജിയും ജേസിയും സലാം കാരശ്ശേരിയും കൂടിയാണ്‌ വിജയാ ആശുപത്രിയിൽ എത്തിക്കുന്നത്. പക്ഷേ, അരക്കിലോമീറ്റർ അകലെ മാത്രം സ്ഥിതിചെയ്യുന്ന ആശുപത്രിയുടെ ഗേറ്റിലെത്തിയപ്പോഴേയ്ക്കും ആന്റണി മരിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന പി.കെ വാസുദേവൻ നായർ മദ്രാസിലുണ്ടായിരുന്നു. വിവരമറിഞ്ഞ പി.കെ.വി സ്ഥലത്തെത്തി. പക്ഷേ, മൃതദേഹം നാട്ടിലെത്തിക്കാൻ പണമെവിടെ? സ്ഥിരോത്സാഹിയായ ബക്കർ സുഹൃത്തുക്കളോടെല്ലാം പിരിവു നടത്തി നാലായിരം രൂപ സംഘടിപ്പിച്ചു. മധു രണ്ടായിരം രൂപ രഹസ്യമായി ബക്കറിനെ ഏൽപ്പിച്ചു. (നസീർ അയ്യായിരം രൂപ കൊടുത്തത്‌ വലിയ ഒച്ചപ്പാടുണ്ടാക്കിയതിനാൽ ആ പണം പരിഷത്ത് തിരികെ കൊടുത്തു എന്നൊരു കഥയും കോടമ്പാക്കത്ത് പരന്നു.) എന്തായാലും ആന്റണിയുടെ ശവശരീരം പ്രത്യേക വാനിൽ കേരളത്തിലേക്ക് പോയി.

jayan's fatal accident

 

സത്യൻ കഴിഞ്ഞാൽ ഏറെ 'റോയലായി' മരിച്ചത്‌ നടൻ ജയനായിരുന്നു. കോളിളക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ ഹെലിക്കോപ്റ്ററിൽ നിന്ന്‌ തെറിച്ചുവീണു തലപൊട്ടി മരിച്ച ജയന്റെ പിന്നാലെ എത്രയെത്ര മൂവീക്യാമറകളാണ്‌ സഞ്ചരിച്ചിരുന്നത്! ആ മരണം ഷൂട്ടുചെയ്തു തിയേറ്ററുകളിൽ ഒരു സംഘം പ്രദർശനത്തിനെത്തിച്ചു പണമുണ്ടാക്കി. അത്യുന്നതങ്ങളിൽ നിൽക്കുന്ന താരത്തിന്റെ മരണം പലപ്പോഴും കച്ചവടക്കാർക്ക് ഗുണകരമായിത്തീരും എന്ന 'മഹത്തായ' ഗുണപാഠമായിരുന്നു ജയന്റെ മരണത്തിലൂടെ തെളിഞ്ഞത്. കോളിളക്കം എന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ്‌ വിജയകാരണം ഒരുപക്ഷേ ജയൻ എന്ന ഗ്ലാമർ നടന്റെ മരണമായിരുന്നിരിക്കണം. മദ്രാസിലെ ജനറൽ ആശുപത്രിയിലെ പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹം പുറത്തുവന്നതുമുതൽ അതേറ്റെടുക്കാൻ എന്തെന്നില്ലാത്ത തിരക്കായിരുന്നു. തിരുവനന്തപുരം ഫ്ലൈറ്റിൽ കയറ്റി ആ മൃതദേഹം ജയന്റെ ജന്മനാടായ കൊല്ലത്ത് എത്തി അന്ത്യകർമ്മങ്ങൾ നടക്കുന്നതുവരെ ആ തിരക്ക് തുടർന്നു. വലിയ നിർമ്മാതാക്കൾ തന്നെ ആ മരണഘോഷയാത്രക്ക് അകമ്പടി സേവിക്കാനും ഉണ്ടായിരുന്നു.

 

ന്യൂ ജനറേഷൻ സിനിമയുടെ പിന്നാലെ ഓടിനടക്കുന്ന യുവാക്കൾക്കറിയാത്ത വലിയൊരു സിനിമാക്കാരനായിരുന്നു മുതുകുളം രാഘവൻ പിള്ള. ശൈശവദശയിലായിരുന്ന മലയാള സിനിമയെ കൈപിടിച്ചു കൊണ്ടുവന്ന മഹാനായ സിനിമാക്കാരനായിരുന്നു മുതുകുളം. പക്ഷേ അദ്ദേഹത്തിന്റെ മരണം ദുരന്തങ്ങളിൽ ചാലിച്ചതായിരുന്നു. നടൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംവിധാന സഹായി തുടങ്ങിയ എത്രയെത്ര കർമ്മപഥങ്ങളിലാണ് അദ്ദേഹം സഞ്ചരിച്ചത്!  മുതുകുളം സിനിമയ്ക്ക് നൽകിയ നേട്ടങ്ങൾക്ക് അനുസൃതമായി സിനിമാക്കാരോ ജനങ്ങളോ അദ്ദേഹത്തിനു വേണ്ടി ഒന്നും ചെയ്തില്ല എന്നതായിരുന്നു സത്യം. സന്തതസഹചാരിയായിരുന്ന ബാബു എന്ന വ്യക്തിയുടെ മുന്നിലാണ് മുതുകുളം മരിച്ചുവീണത്. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകണമെന്നു പറഞ്ഞപ്പോൾ ബാബുവിനെ ആക്രമിക്കാനാണ്‌ സിനിമാക്കാർ ശ്രമിച്ചത്. എന്തായാലും ചിലരുടെ സഹായത്തോടെ ആ മൃതദേഹവും കൊല്ലത്തെത്തി.

 

മലയാള സിനിമയുടെ മറ്റ്‌ മേജർ മരണങ്ങളുടെ മുന്നിൽ മണവാളൻ ജോസഫ് എന്ന നടന്റെ അന്ത്യം ഒന്നുമായിരുന്നില്ല. വാർത്ത എന്ന ചിത്രത്തിന്റെ വെറും മൂന്നു സീനുകളിൽ പ്രത്യക്ഷപ്പെട്ട ഒരു നടന്റെ മഹസ്സർ തയ്യാറാക്കുമ്പോൾ നുങ്കംപാക്കം പൊലീസ്‌ സ്റ്റേഷനിലെ പേപ്പറുകളിൽ ഒപ്പിടാൻ ചിത്രത്തിന്റെ സംവിധായകൻ വിസ്സമ്മതിക്കുന്നത് ഈ ലേഖകൻ നേരിൽ കണ്ടതാണ്. ഒടുവിൽ കിഴ്പാക്ക്‌ മെഡിക്കൽ കോളെജ്‌ മോർച്ചറിയിൽ പോസ്റ്റുമോർട്ടം കഴിഞ്ഞ് ഒരു കാറിൽ കയറ്റി ആ മൃതദേഹം കേരളത്തിലേക്ക് ആരോ കൊണ്ടുപോയി.

 

അങ്ങനെ കോടമ്പാക്കത്തെ മരണം പലർക്കും ഭീതിയാണ്‌ വിതച്ചിരുന്നത്. മറ്റു മരണങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ വ്യത്യസ്തമാണ്. അതൊക്കെ മറ്റൊരു സന്ദർഭത്തിൽ..


മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് പി.കെ ശ്രീനിവാസന്‍.

Tags