Skip to main content

waiting shed kakkanad

 

കുഗ്രാമം മുതൽ ഇന്ദ്രപ്രസ്ഥം വരെ രാജ്യത്ത് മുഴങ്ങിക്കൊണ്ടിരിക്കുന്ന മന്ത്രമാണ് വികസനം. കേട്ട് കേട്ട് വികസിച്ചു മനുഷ്യൻ പൊട്ടിപ്പോകുമോ എന്ന അവസ്ഥയിലാണ്. അതോടൊപ്പം ഇപ്പോഴും വികസനം എന്താണെന്നുള്ള കാര്യത്തിൽ ഏതു പക്ഷമായാലും ഒരേ കാഴ്ചപ്പാടാണ്. ചുറ്റുപാടിനും പ്രകൃതിക്കും മനുഷ്യനും മറ്റു ജീവജാലങ്ങൾക്കുമെല്ലാം ദോഷം വരുന്നതെന്തോ അതാണ് വികസനം! മീനമാസത്തിൽ അൽപ്പം ശീതീകരിച്ച ഇടം കിട്ടുകയാണെങ്കിൽ ആശ്വാസം തന്നെ. അപ്പോൾ അതു വികസനമായി. നല്ല ചുവന്ന ഉറച്ച മണ്ണുള്ള ഇടമാണ് എറണാകുളത്ത് കാക്കനാട് പ്രദേശം. ഓരോരോ കുന്നുകൾ. താഴെ ചതുപ്പോ വയലോ. ഇപ്പോൾ അവയിൽ പലതും നിരന്നു പോയി. കാരണം കാക്കനാട് വികസിച്ചുകൊണ്ടിരിക്കുന്നു. അതിവേഗം. പുതിയ കൊച്ചിയായി. ഐടി ഹബ്ബായി. ഇൻഫോപാർക്കിന്റെ കവാടമായി. 24 മണിക്കൂറും യുവതീയുവാക്കൾ ഒരേ പോലെ ഉപയോഗിക്കുന്ന ഇടമായി. അപ്പോൾ ഇവിടെ ആധുനികമായ സൗകര്യങ്ങൾ ആവശ്യമാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമായി കാക്കനാട് കളക്ടറേറ്റിന്റെ എതിർവശത്തു ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന്റെ മുന്നിലുളള  ശീതീകരിച്ച ബസ് വെയിറ്റിംഗ് ഷെഡ്ഡ് അല്ലെങ്കിൽ ഷെൽട്ടർ. വികസനത്തിന്റെ പൊതുമുദ്രയെന്നോണം.

 

മാധ്യമങ്ങളും ഈ വികസന കാഴ്ചപ്പാടാണ് പങ്കിടുന്നത്. അതിനാൽ ഇത്തരം വികനസ കാഴ്ചപ്പാടുകാർക്ക് നല്ല ഉഷാറാണ്. കാരണം ശീതീകരിച്ച വെയിറ്റിംഗ് ഷെഡ്ഡിനെക്കുറിച്ച് വായിച്ചാൽ വായിലൂടെ നീരൊഴുകുന്ന വിധമുള്ള പൈങ്കിളികൾ പത്രങ്ങളിൽ വന്നു കഴിഞ്ഞു. ജില്ലാ സഹകരണ ബാങ്കാണ് അവരുടെ എ.ടി.എമ്മിനോടൊപ്പം ജില്ലാ പഞ്ചായത്തിനു വേണ്ടി ശീതീകരിച്ച വെയിറ്റിംഗ് ഷെഡ്ഡ് പണികഴിപ്പിച്ചുകൊടുത്തിരിക്കുന്നത്. ആ വെയിറ്റിംഗ് ഷെഡ്ഡിന്റെ തൊട്ടു പിന്നിലാണ് ജില്ലാ പഞ്ചായത്തിന്റെ കാര്യാലയവും. ആ കാര്യാലയത്തിനുള്ളിലിരുന്നു തീരുമാനമെടുക്കുന്നവരുടെ വികസന സങ്കൽപ്പത്തിന്റെ മനോജ്ഞരൂപമാണ് ഈ വെയിറ്റിംഗ് ഷെഡ്ഡ്.

 

ഈ വെയിറ്റിംഗ് ഷെഡ്ഡിൽ നിന്ന് മുന്നോട്ട് രണ്ടു ബസ്സ് ടൂരം ചെന്നാൽ കാക്കനാട് ജംഗ്ഷനിലേക്കു കയറുന്നതിനു തൊട്ടുമുൻപുള്ള ജംഗ്ഷനാണ്. ഏത് മീനം-മേടം മാസത്തിലും നട്ടുച്ചയ്ക്ക് അവിടെ പത്തു നിമിഷം നിന്നാൽ വർധിത ഊർജ്ജത്തോടെ മടങ്ങാം. കാട്ടിൽ നിൽക്കുന്ന ശീതളിമയാണ് ആ മുക്കിനെ മുഴുവൻ തണൽ കൊണ്ടു മൂടുന്ന മരങ്ങൾ. ഈ വെയ്റ്റിംഗ് ഷെഡ്ഡിന്റെ പിന്നിൽ രണ്ടുകൊല്ലം മുൻപ് ഏതെങ്കിലുമൊരു തണൽ മരം നട്ടിരുന്നുവെങ്കിൽ ഷെഡ്ഡു പോലും ആവശ്യമായി വരില്ലായിരുന്നു. എന്നിരുന്നാലും ഷെഡ്ഡും ആവശ്യമാണ്. കാരണം എത്ര തന്നെ മഴ കുറവാണെങ്കിലും കേരളം മഴയുടെ നാടും കൂടിയാണല്ലോ.

waiting shed pattam

 

സമീപനത്തിൽ അൽപ്പമെങ്കിലും മാറുന്നവർ കേരളത്തിലുണ്ടെന്നുള്ളത് ആശ നൽകുന്നു. അതും തലസ്ഥാനത്ത്. തിരുവനന്തപുരം പട്ടത്ത് ആര്യ സെൻട്രൽ സ്‌കൂളിനെതിർവശം, അതുപോലെ മെഡിക്കൽ കോളേജിലേക്കു പോകുന്ന വഴി എന്നിവടങ്ങളിലെല്ലാം കണ്ണിനും മനസ്സിനും സുഖം നൽകിക്കൊണ്ട് നിൽക്കുന്ന ബസ്സ് കാത്തിരിപ്പു കേന്ദങ്ങൾ, നല്ല ഓല മേഞ്ഞത്. ആ ഓല മേഞ്ഞ കേന്ദ്രങ്ങൾ വെറും കാത്തിരിപ്പു കേന്ദ്രങ്ങൾ മാത്രമല്ല. അവ കാണുന്നവരെയും അതിനുള്ളിൽ നിൽക്കുന്നവരെയും ചിന്തിപ്പിക്കുന്നു. അവരിൽ  പരിവർത്തനം വരുത്തുന്നു. പ്രയോഗത്തിലൂടെ പ്രതീകാത്മകതയും പേറുമ്പോഴാണ് ഒരു ഉപയോഗവസ്തുവിന്റെ സർഗ്ഗാത്മകത പ്രകടമാകുന്നത്. ആ ഓലമേഞ്ഞ കാത്തിരിപ്പു കേന്ദ്രങ്ങൾ പെട്ടെന്ന് കേരളത്തെ ഓർമ്മിപ്പിക്കുന്നു. കേരളത്തിന്റെ ആത്മാവ് തെങ്ങാണ്. തെങ്ങിന്റെ മുഖം ഓലയും. കേരളത്തിന്റെ ആത്മാവിന്റെ മുഖപ്രസാദമാണ് അപ്പോൾ അതിലൂടെ പ്രകടമാകുന്നത്. അത് പെട്ടന്ന് അബോധവും അലസവുമായി പോകുന്നവരെപ്പോലും ഉണർത്തുന്നു. ആ ഉണർവ്വിലാണ് ഒരു നാടും അതിന്റെ സംസ്‌കാരവും അതിലൂടെ അവിടുത്തെ ജീവിതവും സമ്പദ് വ്യവസ്ഥയുമൊക്കെ നിലനിൽക്കുകയുള്ളു. അവിടെയാണ് സംസ്‌കാരം ജൈവമാകുന്നതും പ്രസക്തമാകുന്നതും. സംസ്‌കാരമാണ് ഒരു ജനതയുടെ ജീവിതത്തെ നിർണ്ണയിക്കുന്നത്.

 

പട്ടത്തെ കാത്തിരിപ്പു കേന്ദ്രത്തിന്റെ പുറത്തോ വശത്തോ കാത്തിരിപ്പു കേന്ദ്രമെന്ന് എഴുതിവയ്‌ക്കേണ്ട ആവശ്യമില്ല. കണ്ടാൽ മനസ്സിലാകുന്നതിനെ പറയേണ്ട ആവശ്യമില്ലല്ലോ. പ്രകടമായി പ്രയോഗിക്കാതെ വേണം ഭാഷ പ്രയോഗത്തിൽ വരേണ്ടതും ഭാഷ വളരേണ്ടതും. അപ്പോഴാണ് ഭാഷ ജൈവമായി മാറുകയുളളു. ആ ഭാഷയിൽ അപ്പോൾ ഒരു ജനതയുടെ ജീവിതം സമസ്ത രീതിയിലും ഭദ്രമായിരിക്കും. കാരണം നിലനിൽക്കേണ്ടതിനെ ജീവനോടെ നിർത്തുന്ന പ്രക്രിയയാണത്. അല്ലാതെ എത്രകണ്ട് ശ്രേഷ്ഠഭാഷയാക്കിയിട്ടോ നിയമത്തിലൂടെ നിർബന്ധിച്ചിട്ടോ കാര്യമില്ല. അനായാസതയിലെ സർഗ്ഗാത്മകതയും അതിന്റെ ഫലമായ ജൈവഘടകവും മാത്രമേ നിലനിൽക്കുകയുളളു. ജീവനുളളതേ ജീവിക്കുകയുള്ളു. ഊതിക്കൊടുത്താലോ വെന്റിലേറ്ററിലിട്ടാലോ കുറച്ചുനേരം ചത്തതിനൊപ്പം ജീവിക്കും.

 

ഈ ഷെഡ്ഡു വർഷാവർഷം കെട്ടി മേയേണ്ടി വരും. അപ്പോൾ അതിന് മെടഞ്ഞ ഓല ആവശ്യമാണ്. ചുരുങ്ങിയ തോതിലാണെങ്കിലും അതിനാവശ്യമുണ്ടാകുമ്പോൾ അതിനായി ഓല സൂക്ഷിക്കപ്പെടുന്നു. അതു വേസ്റ്റായി മനുഷ്യന്റെ വഴിമുടക്കിയായി മാറുന്നില്ല. മെടഞ്ഞ ഓലയ്ക്ക് വിപണിയുണ്ടെന്നറിയുമ്പോൾ അതും തയ്യാറാക്കപ്പെടുന്നു. നടക്കാനും നിവർന്നു നിൽക്കാനും കഴിയാത്തവർക്കു പോലും ചെയ്യാവുന്ന ജോലി. അവർ ചെയ്യുന്നതു കണ്ട് ഇളം തലമുറക്കാർ ഓലമെടയൽ പഠിക്കുന്നു. വളരെ ശ്രദ്ധയും എന്നാൽ പഠിച്ചു കഴിഞ്ഞാൽ രസകരമായും ചെയ്യാവുന്ന പണിയാണ് ഓലമെടയൽ. കോലം വരയ്ക്കുന്നതുപോലെയുള്ള തൊഴിൽധ്യാനമുറയും യോഗമുറയുമാണ് ഒരർഥത്തിൽ ഓലമെടയൽ. അതിലൂടെ ഊർജ്ജത്തെ ഉന്മേഷത്തോടെ വിനിയോഗിക്കുന്നതിനു പുറമേ ചെറിയ വരുമാനവും കിട്ടുന്നു.

 

ആലപ്പുഴയിലെ ചില റിസോർട്ടുകളിൽ വിദേശീയർക്ക് കാണാൻ പാകത്തിന് കഥകളിക്കും മറ്റും ഒപ്പം ഓലമെടയലും ഒരുക്കുന്നുണ്ട്. ചിലപ്പോൾ അതിനാളെ കിട്ടാതെ ആ വിനോദ ഇനം മുടങ്ങാറുണ്ട്. അതിലൂടെ ഓലമെടയൽ വിദ്യ നിലനിൽക്കുമെന്നു കരുതുക വയ്യ. ഇതിനൊക്കെ പകരമായി മറ്റു വസ്തുക്കൾ ഉപയോഗിച്ചുകൂടെ എന്നുള്ള ചോദ്യമുയർന്നേക്കാം. അവിടെയാണ് ഇത് ഉപയോഗവസ്തുവിനപ്പുറമുള്ള ധർമ്മത്തിലേക്ക് പ്രവേശിക്കുന്നത്. ഡിജിറ്റൽ യുഗത്തിൽ ഈ ഓലമെടയൽ കാണുന്ന ഒരു കുട്ടിക്ക് അവന്റെയോ അവളുടെയോ ഉള്ളിൽ ഉണ്ടാകുന്ന ആശയങ്ങളും ഭാവനയും എന്താണെന്ന് പുത്തൻ സംഗതികൾ രംഗപ്രവേശം ചെയ്യുമ്പോൾ മാത്രമേ അറിയാൻ കഴിയുകയുളളു. ആ ശീതീകരിച്ച വെയിറ്റിംഗ് ഷെഡ്ഡ് വാർപ്പു മാതൃകകളിൽ നിന്ന് പുതുതലമുറ ആ ദിശയിലേക്ക് മാറിത്തുടങ്ങിയെന്നുള്ളതും നല്ല കാര്യം. ഒന്നുമില്ലെങ്കിലും ഓലമെടഞ്ഞ കാത്തിരിപ്പു കേന്ദ്രം അത് കാണുകയോ അവിടെ നിൽക്കുന്ന വ്യക്തിയുടെയോ മനസ്സിനെ കേരളത്തിന്റെ ആത്മാവിലേക്കുണർത്തും. അതും അവരറിയാതെ. അറിയാതെ ഉളളിലേക്കു പോകുന്നതാണ് സംസ്‌കാരത്തെ നിശ്ചയിക്കുക. നല്ലതായാലും ചീത്തയായാലും.

 

കാക്കനാട്ടെ ശീതീകരിച്ച വെയിറ്റിംഗ് ഷെഡ്ഡിന്റെ പുറത്ത് ആകർഷകമായി എഴുതി വച്ചിട്ടുണ്ട്. ശീതീകരിച്ച ബസ് കാത്തിരിപ്പു കേന്ദ്രമെന്ന്. ഈ രീതിശാസ്ത്രത്തിലൂടെയാണ് മലയാള ഭാഷയേയും ഉദ്ധരിക്കാൻ ശ്രമിക്കുന്നത്. ഒരു ജനതയുടെ ജീവിതത്തിൽ നിന്നാണ് ഭാഷ നിലനിൽക്കുകയും വളരുകയും ചെയ്യുക. വാട്‌സാപ്പ് വന്നതിനു ശേഷം മലയാളം വായനാശീലം മലയാളിയുടേത് കൂടിയത് ശ്രദ്ധിച്ചാൽ അതു മനസ്സിലാകും. ഗൂഗിൾ മലയാളത്തിനും കേരളത്തിനും സാംസ്‌കാരികമായി ചെയ്യുന്ന സംഭാവന പോലും ഇവിടുത്തെ രാഷ്ട്രീയ നേതൃത്വത്തിനും വികസന വിദഗ്ധർക്കും ചെയ്യാൻ കഴിയുന്നില്ല. അതുകൊണ്ടാണ് ജില്ലാ പഞ്ചായത്ത് കേന്ദ്രത്തിന്റെ മുന്നില് തന്നെ ഈ ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രം അഭിമാനമായി ഒരുക്കാൻ കാരണമായത്.

 

ശീതീകരിച്ച വെയിറ്റിംഗ് ഷെഡ്ഡ് പുറത്തേക്കു വിടുന്ന വാതകങ്ങളും അവ പുറത്തു സൃഷ്ടിക്കുന്ന ചൂടും അളന്നറിയാവുന്നതാണ്. അതിനു പുറമേ വൈദ്യുതിക്ക് ക്ഷാമമുണ്ടെന്നു മുറവിളി കൂട്ടുന്ന കേരളത്തിൽ ഇത് അഭികാമ്യവുമല്ല. ഇതിനുള്ള ചെലവും വളരെ വലുതാണ്. ഒരുപക്ഷേ ഒരു ദിവസം കാക്കനാട്ടെ ശീതീകരിച്ച വെയിറ്റിംഗ് ഷെഡ്ഡിന്റെ പരിപാലനത്തിനു വരുന്ന ചെലവു മതിയാകും വർഷത്തിലൊരിക്കൽ അറ്റകുറ്റപ്പണി നടത്താനും കെട്ടിമേയാനും ഓലമേഞ്ഞ കാത്തിരിപ്പു കേന്ദ്രത്തിനു വേണ്ടിവരിക. ആധുനിക സാങ്കേതികവിദ്യകളെ സ്വാംശീകരിക്കുകയും ഉപയോഗിക്കുകയും വേണ്ടത് ശക്തിയെ കൂടുതൽ ശക്തിപ്പെടുത്തി ജനജീവിതത്തെ മുന്നോട്ടു നയിക്കുന്നതിനാകണം. അതാണ് പഞ്ചായത്തിരാജ്‌ കൊണ്ടുദ്ദേശിച്ചിട്ടുള്ളതും. ആ നിയമനിർമ്മാണത്തിന്റെ ആത്മാവതാണ്. സഹകരണപ്രസ്ഥാനത്തിന്റെയും ആത്മാവ് അതു തന്നെ.

 

കാക്കനാട്ടെ ശീതീകരിച്ച വെയിറ്റിംഗ് ഷെഡ്ഡിനുള്ളിൽ പരസ്യത്തിന്റെ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുണ്ട്. അതിലൂടെ ലഭ്യമാകുന്ന വരുമാനത്തിലൂടെ ശീതീകരണത്തിന്റെ ചെലവ് കണ്ടെത്താം എന്നുള്ളതാകാം ഈ തീരുമാനമെടുത്തവരെ പ്രലോഭിപ്പിച്ചത്. പക്ഷേ അവരറിയുന്നില്ല അവർ കൊള്ളലാഭലക്ഷ്യകമ്പോളത്തിന്റെ കെണിയിൽ പെട്ടു കിടക്കുന്ന വികസന സങ്കൽപ്പത്തിനകത്തു കിടക്കുകയാണെന്നുള്ളത്. ആ കമ്പോളത്തിനെതിരെ യുദ്ധം ചെയ്യിപ്പിച്ച്  കമ്പോളത്തെ വളർത്തുന്ന പ്രക്രിയയാണ് കൊള്ളലാഭലക്ഷ്യക്കമ്പോളം ചെയ്യുന്നത്. അതിതന്റെ ഓർമമപ്പെടുത്തലുമാണ് കാക്കനാട്ടെ ശീതീകരിച്ച വെയിറ്റിംഗ് ഷെഡ്ഡ്.