Skip to main content

 

പ്രഗത്ഭനായ ആധുനിക ഡോക്ടര്‍. അദ്ദേഹത്തിന് രണ്ട് ഇരട്ടപ്പെണ്‍കുട്ടികള്‍. രണ്ടുപേരും യു.കെ.ജിയില്‍ പഠിക്കുന്നു. കൃത്യമായി പള്ളിയില്‍ പോകുന്ന തികഞ്ഞ വിശ്വാസിയുമാണ് ഈ പ്രഗത്ഭ ഡോക്ടര്‍. രോഗികളുടെയടുത്തൊക്കെ വളരെ മന:ശ്ശാസ്ത്രപരമായി പെരുമാറുന്ന വ്യക്തി. കൂടെ പ്രാക്ടീസ് ചെയ്യുന്നവരേയും തന്റെ മാതൃക പിന്തുടരണമെന്ന് അദ്ദേഹം ഇടയ്ക്കിടയ്ക്ക് ഉപദേശിക്കുകയും ചെയ്യാറുണ്ട്. കുട്ടികളുടെ കാര്യത്തിലാണെങ്കില്‍ അദ്ദേഹത്തിന് അതീവ ശ്രദ്ധയാണ്. കുട്ടികള്‍ യു.കെ.ജിയിലേ ആയിട്ടുള്ളുവെങ്കിലും സ്കൂളിലെ എന്തു പരിപാടിയുണ്ടെങ്കിലും ലീവെടുത്ത് അദ്ദേഹം തന്നെ പോകും. അതുപോലെ കുട്ടികളുടെ കാര്യത്തിലൊക്കെ വലിയ കണിശക്കാരനുമാണ്. അക്കാര്യത്തിലെന്തെങ്കിലും വീഴ്ച ഭാര്യയുടെ ഭാഗത്തുനിന്നു വന്നാല്‍ അതു ക്ഷമിക്കാനും അദ്ദേഹത്തിന് വലിയ പ്രയാസം. ഭാര്യയുമായി അസുഖകരമായി സംസാരിക്കേണ്ടി വരുന്നതും അത്തരം സന്ദര്‍ഭങ്ങളിലാണ്. ഭാര്യയുടെ പൊതുസ്വഭാവമാണെങ്കില്‍ ഏതാണ്ട് മൂന്നാമത്തെ കുട്ടിയുടേതുപോലാണ്. അതുകൊണ്ടു തന്നെ ഡോക്ടര്‍ കൂടിയായ ഭാര്യ പലപ്പോഴും കുട്ടികളുടെ പക്ഷത്തായിരിക്കും. ഒരു ദിവസം ഇരട്ടക്കുട്ടികളില്‍ ഒരാള്‍ എന്തോ കുസൃതി കാട്ടി. ആ കുസൃതി ഡോക്ടറുടെ അനുവദനീയ കാര്യങ്ങളുടെ പട്ടികയില്‍ പെടാത്തതായിരുന്നു. ഉടന്‍ ഡോക്ടര്‍ ഒരു വടിയെടുത്ത് തെറ്റ് ആവര്‍ത്തിക്കരുതെന്നു പറഞ്ഞ് ആ കുട്ടിയെ അടിച്ചു. അന്നു വൈകീട്ട് സ്കൂളില്‍ നിന്നും വാന്‍ വന്നപ്പോള്‍ അടികൊണ്ട കുട്ടി വാനില്‍ നിന്നിറങ്ങാന്‍ വിസമ്മതിച്ചു. ഒടുവില്‍ ഒരു വിധത്തിലാണ് വീട്ടുജോലിക്കാരി വാനില്‍ കയറി കുഞ്ഞിനെ എടുത്തുകൊണ്ടുവന്നത്. കുഞ്ഞിനെ എടുത്തുകൊണ്ട് വരുന്നതിനിടയില്‍ ജോലിക്കാരി ഒരു ഡയലോഗ് കാച്ചി. കുട്ടികളെ ഇങ്ങനെ അടിക്കരുതെന്നും അടിച്ചാല്‍ കുട്ടികള്‍ക്ക് വലിയ സങ്കടമാകുമെന്നുമൊക്കെ. ആ ഡയലോഗും കുട്ടി വാനില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതിരുന്നതും ഈ ഡോക്ടറെ വല്ലാതെ ഉലച്ചു. അന്ന് അദ്ദേഹം ഉറച്ച ഒരു തീരുമാനമെടുത്തു. ഇനി മേലില്‍ താന്‍ കുട്ടികളെ തല്ലുന്നതായിരിക്കില്ല. അന്നത്തോടു കൂടി തല്ലല്‍ അവസാനിപ്പിക്കുകയും ചെയ്തു.

 

അടി നിര്‍ത്തിയെങ്കിലും ശിക്ഷാമുറ നിര്‍ത്തലാക്കാന്‍ അദ്ദേഹം തയ്യാറായില്ല. പുതിയ ശിക്ഷാമുറ കുറ്റം കാണിക്കുന്ന കുട്ടിയെ ഒരു മുറിയില്‍ ഒരു പകല്‍ മുഴുവന്‍ പൂട്ടിയിടുക. കുട്ടികള്‍ക്കിപ്പോള്‍ ആ ശിക്ഷ ശീലമായിക്കഴിഞ്ഞിരിക്കുന്നു. അടയ്ക്കപ്പെടുന്ന ഉടന്‍ തന്നെ ഇരട്ടകളില്‍ ആരായാലും അപ്പോഴേ കട്ടിലില്‍ കയറിക്കിടന്ന് ഉറങ്ങാന്‍ തുടങ്ങും. ഇതു ഒഴിവ് ദിവസങ്ങളില്‍ മാത്രമല്ല. സ്കൂള്‍ ഉള്ള ദിവസങ്ങളിലും ഈ ശിക്ഷാവിധി ഉണ്ട്. ഒരു തെറ്റും ശിക്ഷിക്കപ്പെടാതെ വിടുന്നില്ല. മുന്തിയ കുറ്റമാണ് ചെയ്യുന്നതെന്ന് ഡോക്ടര്‍ കണ്ടെത്തിയാലുള്ള ശിക്ഷ മുറിക്കകത്ത് പൂട്ടിയിടുക മാത്രമല്ല. ചാരുളള കസേരയില്‍ ചാരിന്റെ നേര്‍ക്ക് അഭിമുഖമായി അനങ്ങാതെ ഉറങ്ങാതെ ഇരുന്നുകൊള്ളണം. അനങ്ങിക്കഴിഞ്ഞാല്‍ ശിക്ഷാവിധികള്‍ കൂടുതല്‍ കടുക്കും. ഭാര്യഡോക്ടറും ഇപ്പോള്‍ ഇത്തരം ശിക്ഷാവിധികളോട് ഏതാണ്ട്  സമരസപ്പെട്ടിട്ടുണ്ട്. കാരണം അന്നത്തെ ദിവസം ഒരാളുടെ കുറുമ്പ് മാത്രം നേരിട്ടാല്‍ മതിയല്ലോ എന്നുള്ള ചിന്തയിലേക്ക് അവരും മാറിയിരിക്കുന്നു. അതിനാല്‍ രസത്തോടെയാണ് അവര്‍ ശിക്ഷയനുഭവിക്കുന്നവരെപ്പറ്റി പറയുന്നത്.

 

ഒരു ദിവസം ഡോക്ടര്‍ പുതിയ ആഡംബരക്കാറില്‍ വിനോദയാത്രയ്ക്ക് പരിപാടിയിട്ടു. അല്‍പ്പ ദൂരസ്ഥലത്തേക്ക്. ഇരട്ടകള്‍ രണ്ടും വിനോദയാത്രാ വിവരം അറിഞ്ഞ നാള്‍ മുതല്‍ ഹരത്തിലാണ്. അതിരാവിലെ വീട്ടില്‍ നിന്നും പുറപ്പെട്ട് രാത്രി വീട്ടില്‍ തിരിച്ചെത്തുന്നതാണ് യാത്ര. തയ്യാറെടുപ്പുകളൊക്കെ പൂര്‍ത്തിയാക്കി. വഴിവക്കിലും അന്നും ഉച്ചയ്ക്കും രാത്രിയിലുമൊക്കെ കഴിക്കാനുള്ള വൈവിദ്ധ്യങ്ങളായ ഭക്ഷണമൊക്കെ കാലേകൂട്ടി വിവിധ പാത്രങ്ങളില്‍ ആക്കി. ടെന്റ് കുടയുമൊക്കെ വാങ്ങിക്കൊണ്ടുവന്ന് യാത്ര കൊഴുപ്പിക്കാന്‍ തന്നെ തീരുമാനിച്ചു. അന്നു രാവിലെ തയ്യാറാകുന്നതിനിടയില്‍ ഇരട്ടകളില്‍ ഒരാള്‍ അമ്മയുടെയടുത്ത് എന്തിനോ നിര്‍ബന്ധം കാണിച്ചതിനു ശേഷം വാശിപിടിച്ചു. ഇത് അച്ഛന്‍ ഡോക്ടറുടെ ശ്രദ്ധയില്‍ പെട്ടു. വിചാരണയൊന്നുമുണ്ടായില്ല. ഉടന്‍ ശിക്ഷ വിധിച്ചു. ഒരു ദിവസത്തെ കഠിന തടവ്. മുറിക്കകത്തു കയറ്റി. ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണവും ഒരു കുപ്പി വെള്ളവും നല്‍കി മുറിപൂട്ടി താക്കോലുമായി ഡോക്ടറും ഭാര്യയും ഒരു കുട്ടിയുമായി നിശ്ചയിച്ചുറപ്പിച്ച വിനോദയാത്രയ്ക്ക് പോയി. താക്കോല്‍ വീട്ടില്‍ വച്ചാല്‍ ജോലിക്കാരി പകല്‍ കുട്ടിയെ തുറന്നുവിട്ടാലോ എന്ന ചിന്തയിലാണ് തോക്കോല്‍ ഡോക്ടര്‍ കുടെക്കൊണ്ടുപോയത്. വിനോദയാത്രയ്ക്ക് പോയ ഡോക്ടര്‍ക്കും ഭാര്യയ്ക്കും മറ്റേ കുട്ടിക്കുമൊന്നും യാതൊരു അസ്വാഭാവികതയോ വിഷമമോ തോന്നിയില്ല. അവര്‍ അടിച്ചുപൊളിച്ചു വിനോദയാത്ര നടത്തി രാത്രി തിരിച്ചെത്തി.

 

ഒരു കുഞ്ഞു മനസ്സുപോയിട്ട് മുതിര്‍ന്ന മനസ്സിനുപോലും താങ്ങാനാവാത്തതാണ് ഇത്തരത്തിലുള്ള ശിക്ഷകള്‍. കഠിനതടവുശിക്ഷയ്ക്കു പുറമേ വിനോദയാത്രാ നിഷേധവും. ഒരു യു.കെ.ജിക്കുട്ടിയെ സംബന്ധിച്ചിടത്തോളം അതിന്റെ നാലുനാലര വര്‍ഷത്തെ ലോകപരിചയത്തിനുള്ളില്‍ ഇത്രയും ക്രൂരമായ അനുഭവം വേറേ ഉണ്ടാകാനിടയില്ല. ഇതിനൊപ്പമുള്ള കുട്ടി അച്ഛനമ്മമാരോടൊത്ത് വിനോദയാത്രയ്ക്ക് പോയി രസിച്ചു വരികയും ചെയ്തു. സാധാരണ സഹോദരങ്ങളെപ്പോലെയാവില്ല ഇരട്ടകള്‍. അവര്‍ക്ക് വിശേഷിച്ചും ചെറുപ്രായത്തില്‍ പിരിഞ്ഞിരിക്കുക പ്രയാസമുള്ള കാര്യമാണ്. ഇവിടെ ഒരാള്‍ക്ക് മറ്റേയാളേക്കൂടാതെ വിനോദയാത്രയ്ക്ക് പോയി രസിച്ചുവരാവുന്ന മാനസികാവസ്ഥയിലേക്ക് മാറിയിരിക്കുന്നു. ഒരു ക്രൂരമായ സന്ദര്‍ഭത്തില്‍ പങ്കെടുത്തും സാക്ഷ്യം വഹിച്ചും സന്തോഷിക്കുന്ന പ്രക്രിയയാണ് ആ കുട്ടി അതറിയാതെ ചെയ്തത്. ആ കുട്ടിയുടെ മൃദുവികാരങ്ങളുടെ പ്രതലം  അഞ്ചു വയസ്സാകുന്നതിനു മുന്‍പുതന്നെ മരവിച്ചുപോയിരിക്കുന്നു. അതേപോലെ ഒരു വിനോദയാത്ര നഷ്ടെപ്പെട്ടതിന്റേയും തന്റെ അച്ഛനമ്മമാര്‍ വീട്ടിലില്ലാതെ കഠിനതടവില്‍ കഴിയേണ്ടിവരുന്ന കുട്ടിയുടെ ഉള്ളില്‍ സംഭവിച്ചിരിക്കാനിടയുള്ള പരിണാമങ്ങള്‍ ആ കുട്ടി മുതിര്‍ന്ന് ജീവിതം നയിച്ചുതുടങ്ങുമ്പോള്‍ മാത്രമേ പറയാന്‍ കഴിയുകയുള്ളു. ഒന്നുകില്‍ ക്രൂരത നേരിടേണ്ടി വരുന്നവരോട്  താദാത്മ്യം പ്രാപിച്ച് അതീവ സഹതാപമുള്ള വ്യക്തിയായിട്ടോ അല്ലെങ്കില്‍ ഏതു ക്രൂരതയും കാട്ടാന്‍ മടിയില്ലാത്ത വ്യക്തിയായോ.

 

വികാരങ്ങളിലൂടെയാണ് മനുഷ്യന്‍ അറിവിനെ അറിയുന്നത്. അതിനുള്ള വഴിയാണ് വികാരങ്ങള്‍. ഒരിക്കല്‍ കൈ പൊള്ളിയാല്‍ പിന്നീട് തീയുടെ അടുത്തേക്കുപോകുമ്പോള്‍ മുന്‍പുണ്ടായ പൊള്ളല്‍ അറിവായി പ്രവര്‍ത്തിച്ച് തീയില്‍ കൈ കാട്ടാതെ സ്വയം രക്ഷ ഉറപ്പുവരുത്തുന്നു. ആ അറിവ് വച്ച് മറ്റു കുട്ടികളെ പൊള്ളലില്‍ നിന്നും രക്ഷിക്കാനും കഴിയുന്നു. ഇതെല്ലാം ഇന്ദ്രിയങ്ങളും മനസ്സും ചേര്‍ന്നുള്ള കൂട്ടായ്മയില്‍ നിന്നു സംഭവിക്കുന്നതാണ്. ഇവയെ കൃത്യമായി പരിപാലിച്ചാല്‍ ലോകത്തിന്റെ ചെറുസ്പന്ദനങ്ങള്‍ പോലും അറിയാനും അതനുസരിച്ച് പ്രതികരിച്ച് സന്തോഷമായി ജീവിച്ചു മുന്നേറാനും കഴിയും. ഇവ നശിച്ചുപോയാല്‍ അറിവ് നേടുന്നതിനും അതനുസരിച്ച് പ്രതികരിക്കുന്നതിനും കഴിയാതെ പോകും. ഇതുപോലെ നശിച്ചുപോയ പ്രതലത്തിന്റെ ഉടമയാണ് ഈ അച്ഛന്‍ ഡോക്ടര്‍. അതേസമയം ഈ നശിച്ച അഥവാ മരവിച്ചുപോയ പ്രതലത്തിന്റെ അടിയില്‍ പേടിയും മുറിവുകളും വേദനയും എല്ലാം കുമിഞ്ഞുകൂടിക്കിടപ്പുണ്ട്. ബുദ്ധിയിലൂടെ അത് വല്ലപ്പോഴും ഡോക്ടര്‍ അറിയുകയും ചെയ്യുന്നു. തന്റെ കുട്ടികള്‍ നല്ല കുട്ടികളായി വളര്‍ന്നുവരണം എന്ന ചിന്തയിലാണ് ഡോക്ടര്‍ ഈ ശിക്ഷകളൊക്കെ നടപ്പാക്കുന്നത്. പക്ഷേ വീട്ടുജോലിക്കാരിയുടെ വൈകാരിക ജ്ഞാനത്തിലേക്കുപോലും ഇത്രയും വിദ്യാസമ്പന്നനായ ഡോക്ടര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. അടികൊണ്ടതിന്റെ പേരില്‍ വേദനയോര്‍ത്ത് വിഷമിച്ചതിനെ തുടര്‍ന്ന് വാനില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കാതിരുന്ന കുട്ടി ആത്യന്തികമായി കഠിനമായ മനോവിഷമം അനുഭവിക്കുകയാണെന്ന് അറിയാനുള്ള വൈകാരികതലത്തിലേക്ക് ഡോക്ടര്‍ക്ക് ഉയരാന്‍ കഴിഞ്ഞില്ല. അടിയേക്കാള്‍ എത്രയോ ഇരട്ടി മനോവ്യഥ ഉണ്ടാക്കുന്ന ശിക്ഷാവിധികളാണ് ഈ താന്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയാന്‍ ഈ ഡോക്ടര്‍ക്ക് കഴിയുന്നില്ല. അതറിഞ്ഞുകഴിഞ്ഞാല്‍ ഈ ഡോക്ടര്‍ക്ക് മാറ്റമുണ്ടാകും. അത്രയ്ക്കും ദുര്‍ബലനാണ് വൈകാരിജ്ഞാനതലം മരവിച്ചുപോയ ഈ ഡോക്ടര്‍. അദ്ദേഹത്തിന്റെ ബാല്യവും യൗവനവുമൊക്കെ എങ്ങനെയായിരുന്നു അറിയുമ്പോള്‍ മാത്രമേ അദ്ദേഹം എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് കാണാന്‍ പറ്റുകയുള്ളു. ഒരര്‍ഥത്തില്‍ മുറിയിലടയ്ക്കപ്പെടുന്ന തന്റെ കുഞ്ഞിന്റെ അതേ അവസ്ഥ ഈ ഡോക്ടറും അനുഭവിക്കുന്നുണ്ട്.

 

ഇദ്ദേഹത്തിന്റെ രണ്ടാം വിവാഹത്തിലേതാണ് ഈ ഇരട്ടകള്‍. ആദ്യവിവാഹം വിവാഹമോചനത്തില്‍ കലാശിച്ചു. അതിലുള്ള പെണ്‍കുട്ടി ദൂരെ ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കുന്നു. വിവാഹമോചനം നേടിയ ഭാര്യ വിദേശത്താണ്. വല്ലപ്പോഴും മകളെ കാണാന്‍ നാട്ടില്‍ വരുന്ന കൂട്ടത്തില്‍ ഈ ഡോക്ടറേയും വന്നു കണ്ടിട്ട് പോകാറുണ്ട്. കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പുതിയ ഭാര്യയേയും. ഒഴിവുവേളകളില്‍ ചില അവസരങ്ങളില്‍ വിഷാദനിമിഷങ്ങളില്‍ അകപ്പെടാറുള്ള ഡോക്ടര്‍ തന്റെ ആദ്യഭാര്യയുമായുള്ള സുന്ദരകാലത്തിലെ ചില ചിത്രങ്ങള്‍ നോക്കിയിരിക്കുകയും സഹപ്രവര്‍ത്തകരെ കാണിക്കുകയുമൊക്കെ ചെയ്യുന്നത് പതിവാണ്. വൈകാരിക ദര്‍പ്പണം തകര്‍ന്നുപോയതിന്റെ ഇരയാണ് യഥാര്‍ത്ഥത്തില്‍ ഈ ഡോക്ടര്‍. ഓരോ ശിക്ഷയിലൂടെയും അദ്ദേഹം കുറ്റം ചെയ്യുന്നവരെ ശിക്ഷിച്ച് തന്റെ മുറിവ് ഉണക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ ഈ ഡോക്ടര്‍ അറിയുന്നില്ല, അദ്ദേഹം ചെയ്യുന്നതെന്താണെന്ന്.

Tags

Mindscaping

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്താകാം? സംശയം വേണ്ട. ഒരു രക്ഷാകര്‍ത്താവായി മാറുന്നതിലാണെന്ന്‍ നിസ്സംശയം പറയാം. സാമൂഹികമായും ഏറ്റവും പ്രസക്തമായ വിഷയമാണത്. ഉന്നത വിദ്യാഭ്യാസവും, ഉയര്‍ന്ന പദവികളും സമ്പത്തും ആധുനിക സംവിധാനങ്ങളും എല്ലാം ഉണ്ടെങ്കിലും ഒരു എല്‍.കെ.ജി കുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് പറ്റുന്നില്ല. ആ കുട്ടി അഞ്ചു വയസ്സാകുമ്പോഴും, പത്തു വയസ്സാകുമ്പോഴും പതിനഞ്ചു വയസ്സിലെത്തുമ്പോഴും അതേ അവസ്ഥയിലൂടെ കടന്നുപോകുന്നു. അഥവാ ആ കുട്ടിയുടെ മനസ്സില്‍ മാതാപിതാക്കളില്‍ നിന്ന്‍ ഒഴുകിച്ചെന്ന സ്വഭാവത്തിന്റെ ധാതുഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുത്തരം സ്വാഭാവികമായി പൊന്തിവരുന്നില്ല. ഇത് വ്യക്തിയേയും സമൂഹത്തേയും പ്രതിസന്ധിയിലാക്കുന്നു. അതിന്റെ അനുരണനങ്ങള്‍ പല രൂപത്തില്‍ പ്രതിഫലിക്കുന്നു. ആ പ്രതിഫലനത്തിന്റെ നേര്‍ക്കാഴ്ചകള്‍ മാധ്യമങ്ങളിലൂടെ എത്രവേണമെങ്കിലും കാണാം. ഈ സാഹചര്യത്തില്‍ നമ്മുടെ ചുറ്റുപാടുകളിലെ കുഞ്ഞുകുഞ്ഞു യഥാര്‍ഥ സംഭവങ്ങളിലൂടെ രക്ഷിതാക്കള്‍ക്കും (പ്രത്യേകിച്ച് കൗമാരക്കാരുടെ), കൗമാരക്കാര്‍ക്കും മധ്യാഹ്നത്തില്‍ നിശ്ചലമായ കിണറ്റുവെള്ളത്തിലെ അടിത്തട്ടുപോലെ കാര്യങ്ങള്‍ കാണാന്‍ സഹായിക്കുന്നതാണ് കരവലയവും , പടവുകാലവും.

കരവലയം ഒരു രക്ഷാകര്‍ത്താവിന്‍റെ വീക്ഷണത്തിലൂടെ നോക്കുമ്പോള്‍ പടവുകാലം കൗമാരക്കാരുടെ ഭാഗത്തുനിന്നു കാണുന്നു. ഒരേ വിഷയത്തിലേക്ക് സ്‌നേഹത്തോടെയുള്ള രണ്ടു നോട്ടങ്ങള്‍.