Skip to main content
Submitted by Michael Riethmuller on 6 August 2013

സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതി സരിത എസ്. നായരുടെ മൊഴി രേഖപ്പെടുത്താന്‍ കാലതാമസം വരുത്തിയതിനും അഭിഭാഷകനെ വിലക്കിയതിനുമെതിരെ എറണാകുളം അഡീഷണല്‍ സി.ജെ.എം കോടതി ജഡ്ജി എന്‍.വി രാജുവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി വിജിലന്‍സ് വിഭാഗമാണ്‌ അന്വേഷണത്തിന് ഉത്തരവിട്ടത്. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനും അഡ്വക്കേറ്റ് ജയശങ്കറും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

 

സരിത കോടതിയില്‍ രഹസ്യമൊഴി അറിയിച്ചപ്പോള്‍ തന്നെ അത് രേഖപ്പെടുത്താത്തത് വിവാദത്തിനു കാരണമായിരുന്നു. മൊഴി രേഖപ്പെടുത്താതെ എഴുതി നല്‍കാനാണ് ജഡ്ജി  ആവശ്യപ്പെട്ടത്. ഇത് ഉന്നതര്‍ക്ക് സരിതയെ സ്വാധീനിക്കാനുള്ള അവസരമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

 

അതേസമയം സരിതയുടെ പരാതിയില്‍ പല ഉന്നതരുടെയും പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നു സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതിന് തടസ്സമുണ്ടാക്കുന്ന രീതിയില്‍ അവരെ കസ്റ്റഡിയില്‍ വാങ്ങിയതിനെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. മാത്രമല്ല സരിതയുടെ മൊഴി എഴുതി വാങ്ങുന്നതില്‍ നിന്ന് സി.ജെ.എം.കോടതി അവരുടെ അഭിഭാഷകനായ ഫെനിയെ തടഞ്ഞതും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതെല്ലാം സരിതയുടെ മൊഴി അട്ടിമറിക്കപ്പെടാന്‍ കാരണമായി എന്ന് കാണിച്ചാണ് മജിസ്‌ട്രേട്ടിനെതിരെ സുരേന്ദ്രനും അഡ്വ.ജയശങ്കറും ഹൈക്കോടതി വിജിലന്‍സിനെ സമീപിച്ചത്. 

Date