Skip to main content
NEW DELHI

ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ആശയ വിനിമയ സേവനങ്ങൾ 15 ദിവസത്തിനകം പുനസ്ഥാപിക്കും. കശ്മീരിൽ നിന്നുള്ള ഗ്രാമമുഖ്യന്മാര്‍ ഉൾപ്പെടെയുള്ളവരുമായി അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് നൽകിയത്.

മുതിർന്ന നേതാക്കളും പ്രതിപക്ഷ പാർട്ടി പ്രതിനിധികളും ജമ്മു കശ്മീർ അശാന്തമാണെന്ന് പറയുന്നതിനിടെയാണ് കേന്ദ്ര നീക്കം. സമ്പർക് അഭിയാൻ എന്ന പേരിലാണ് ജമ്മു കശ്മീരിൽ നിന്നുള്ള 22 ഗ്രാമ മുഖ്യൻമാരും പഞ്ചായത്ത് അംഗങ്ങളും അടക്കമുള്ള 100 പേരുമായി ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. ജമ്മു കശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കുക, പ്രതിഷേധങ്ങൾക്ക് അയവ് വരുത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു നീക്കം. ആശയ വിനിമയ സേവനങ്ങൾ 15 ദിവസത്തിനകം പുനസ്ഥാപിക്കുമെന്നാണ് സംഘത്തിന് മന്ത്രി നൽകിയ ഉറപ്പ്. ഗ്രാമമുഖ്യന്മാർക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരായ നിത്യാനന്ദ് റായ്, ജിതേന്ദ്ര സിങ്, ആഭ്യന്തര സെക്രട്ടറി എ.കെ ഭല്ലാ, അഡീഷണൽ സെക്രട്ടറി ഗണേഷ് കുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. സംസ്ഥാനത്തെ സാഹചര്യം ധരിപ്പിക്കാൻ ഗവർണർ സത്യപാൽ മാലിക് രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടിരുന്നു. എന്നാൽ തെരുവുകളിൽ മൃതദേഹം ഇല്ല എന്നതിനർത്ഥം കശ്മീർ ശാന്തമാണ് എന്നല്ലെന്ന് സർക്കാരിനെ വിമർശിച്ച് ശ്രീനഗർ മേയർ ജുനൈദ് അസീം മട്ടു പ്രതികരിച്ചു. അതേസമയം കശ്മീരിൽ മഹാരാഷ്ട്ര സർക്കാർ ഭൂമി വാങ്ങുമെന്നും രണ്ട് റിസോർട്ടുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു.