Skip to main content
NEW DELHI

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷക്ക് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ അമിത് ഷാ, മാതൃഭാഷയോടൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് കൂടി വര്‍ധിപ്പിക്കണമെന്നും ട്വീറ്റ് ചെയ്തു. ഹിന്ദി ദിവസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.

വിവിധ ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. ഓരോ ഭാഷക്കും അതിന്റെതായ പ്രാധാന്യവുമുണ്ട്. എന്നാൽ രാജ്യത്തിന്റെ ഏകതയെ കുറിക്കാൻ ഒരു ഭാഷ ആവശ്യമാണെന്നും, ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷക്ക് അതിന് സാധിക്കുമെന്നും ഷാ പറഞ്ഞു. രാജ്യത്തെ ഒറ്റക്കെട്ടായി നിലനിർത്താൻ ഏതെങ്കിലും ഭാഷക്ക് സാധിക്കുമെങ്കിൽ അത് ഹിന്ദിയായിരിക്കുമെന്നും അമിത് ഷാ കുറിച്ചു.

സർദാർ പട്ടേലും മഹാത്മാ ഗാന്ധിയും സ്വപ്നം കണ്ട ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ലക്ഷ്യത്തിനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. 2019 കരട് വിദ്യഭ്യാസ നയത്തിൽ ഹിന്ദി ഭാഷാ പഠനം നിർബന്ധമുക്കാനുള്ള ആവശ്യത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നു വന്നത്. ബംഗാൾ, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളി‍ൽ കരട് നയത്തിനെതിരെ വിവിധ പാർട്ടികൾ രംഗത്ത് വന്നിരുന്നു.