Skip to main content

Parenting

തൃശൂര്‍ നഗരത്തിലെ സഫയര്‍ ഹോട്ടല്‍, രാത്രി എട്ടു മണിയോടടുപ്പിച്ച് ഒരു കുടുംബമെത്തി. യുവ ദമ്പതികളും അവരുടെ രണ്ടു വയസ്സിന് താഴെയുള്ള മകനും, മറ്റൊരു യുവതിയും. ആ യുവതി, ദമ്പതിമാരില്‍ ഒരാളുടെ അനുജത്തിയാകണം. യുവതികള്‍ രണ്ടും ചുരിദാര്‍ കുര്‍ത്തയിലുള്ള ബ്യൂട്ടി പാര്‍ലര്‍ സംരക്ഷിത സൗന്ദര്യ സങ്കല്‍പ്പത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍. വേഷവിധാനത്തില്‍ അവരേക്കാള്‍ ആധുനികനാണ് യുവാവ്. അത് കൂടുതല്‍ വ്യക്തമാകുന്നത് അത്യാവശ്യം തടിയുള്ള യുവാവിന്റെ പിന്നില്‍ നിന്നുള്ള ദൃശ്യമാണ്. ആ ആധുനികന്റെ  പിന്നിലിരിക്കുന്നവര്‍ക്ക്  ചന്തിയിലെ മലദ്വാരപ്രദേശം വരെ പുറത്തു കാണാം. വിശേഷിച്ചും ആധുനികന്‍ തന്റെ എതിര്‍വശത്തെ കസേരയിലിരിക്കുന്ന ഭാര്യയുടെ മടിയിലുള്ള കുഞ്ഞിനെ പിടിക്കാനും മറ്റുമായി മുന്നോട്ടായുമ്പോള്‍. ഇത് പിന്നിലില്‍ യുവാവിരിക്കുന്ന അതേ ദിശയിലിരിക്കുന്നവര്‍ക്ക് ലേശം അസ്‌കിത ഉളവാക്കി. പ്രത്യേകിച്ചും സ്ത്രീകളില്‍. നോട്ടം ആ ദൃശ്യത്തില്‍ പതിയാതിരിക്കണമെങ്കില്‍  ബോധപൂര്‍വ്വം തല തിരിച്ച് നോട്ടം മറ്റെങ്ങോട്ടെങ്കിലും മാറ്റിയെങ്കിലേ പറ്റുകയുള്ളു. ഭക്ഷണം കഴിക്കുമ്പോള്‍ ആ ദൃശ്യത്തില്‍ കണ്ണുടക്കുന്നതിന്റെ അസ്വസ്ഥത അവര്‍ മുഖത്ത് പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ആ  ദൃശ്യം കാണുന്ന മറ്റുള്ളവരുമായി അവര്‍ നയന സംവേദനത്തിലേര്‍പ്പെടുന്നതും കാണാമായിരുന്നു. ഭക്ഷണം കൊണ്ടുവന്ന നേപ്പാളി യുവാവിനെ നോക്കി അവര്‍ നിശബ്ദ പ്രതിഷേധം അറിയിക്കയും ചെയ്തു. നേപ്പാളി യുവാവ് ആ ദൃശ്യത്തിലെ ജുഗുപ്‌സതയും നിസ്സഹായതയും ഉചിതമായി ചേര്‍ത്ത് അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ചിരിയും നല്‍കി. പക്ഷേ, ഞങ്ങളെങ്ങനെ മര്യാദക്ക് ഭക്ഷണം കഴിക്കും എന്നുള്ള നേപ്പാളി പയ്യനോടുള്ള ചോദ്യഭാവത്തില്‍ സ്ത്രീകള്‍ മാറ്റം വരുത്തിയല്ല . എന്തോന്ന് ചന്തി എന്ന ഭാവത്തില്‍ സ്ത്രീകളോടൊപ്പമുണ്ടായിരുന്ന പുരുഷ കേസരിമാര്‍ ഗൗരവത്തില്‍ ഭക്ഷണം കഴിച്ചു.

              

യുവ ദമ്പതികളുടെ മകന്‍ അസ്വസ്ഥനായി. അവന് മേശപ്പുറത്ത്കയറി കളിക്കണം. പ്രതിപക്ഷ പാര്‍ട്ടികളെ പോലെ അവന്‍ ഒറ്റയാള്‍ പ്രതിഷേധവും നിലവിളി മുദ്രാവാക്യവും നടത്തിയപ്പോള്‍ അവന്റെ അമ്മ ആംഗലേയത്തില്‍ കുറേ ശാസനകള്‍ നല്‍കി. സംസാരിച്ച് തുടങ്ങിയിട്ട് മാത്രമുള്ള പയ്യന്‍ അവന് വഴങ്ങുന്ന മലയാളവും പ്രയോഗിച്ചു. അപ്പോളച്ഛന്‍ കുറേക്കൂടി ശൈലീകൃതമായ ആംഗലേയം സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ വെടിയുതിര്‍ക്കുന്നതു പോലെ നടത്തി. പയ്യന്‍ മറുവെടി പോലെ അവനറിയാവുന്ന മലയാളവും വീശി. ഈ സമയമെല്ലാം പയ്യന്റെ ഇളയമ്മ, രംഗങ്ങള്‍ ഒരു പോലീസുദ്യോഗസ്ഥയെ പോലെ വീക്ഷിക്കുന്നുണ്ടായിരുന്നു. കാഴ്ചയില്‍ ഇളയമ്മ അവിവാഹിത. ദമ്പതികള്‍ക്ക് ക്രമസമാധാനം പാലിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോള്‍ ഇളയമ്മ ചൂണ്ടുവിരല്‍ നീട്ടി കണ്ണുരുട്ടി. അപ്പോഴേക്കും ചിക്കന്‍ ബിരിയാണി എത്തി.

 

ഉറ്റവരേയും ഉടയവരേയും മറന്ന് അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുന്ന ഭടന്മാരെപ്പോലെ മൂന്ന് പേരും ബിരിയാണിയുമായി ഏറ്റുമുട്ടി. മേശപ്പുറത്ത് ഭിത്തിയോടു ചേര്‍ന്നുള്ള ഭാഗത്ത് മകനെ ഇരുത്തി ഒരു കൈകൊണ്ട് ബലമായി പിടിച്ചു, മറ്റേ കൈകൊണ്ടാണ് അമ്മ 'യുദ്ധ'ത്തിലേര്‍പ്പെട്ടത്. ഇടക്ക് കുറച്ച് ചോറ് പയ്യന്റെ വായില്‍ വയ്ക്കാനും ശ്രമിച്ചു. അവന്‍ ഒറ്റതുപ്പ്. പയ്യന്റെ തുപ്പലും അമ്മയുടെ അടിയും ഒന്നിച്ചായിരുന്നു. പയ്യന്‍ എട്ടുനാടും പൊട്ടത്തക്ക വിധം നിലവിളിച്ചു. ഇളയമ്മ നല്ല ശാസന കൊടുത്തുകൊണ്ട് അവനെ ഇടതു കൈ കൊണ്ടമര്‍ത്തി. കുട്ടി മേശപ്പുറത്തുണ്ടായിരുന്ന സ്പൂണെടുത്ത് ഇളയമ്മയുടെ നേര്‍ക്കൊരേറ്. കിട്ടി, പയ്യന് ഇളയമ്മയുടെ വകയൊരു തല്ലും .കുട്ടിയുടെ മുഖം മുഴുവന്‍ കണ്ണുനീര്‍ പടര്‍ന്നു. അമ്മ ഒരു ടിഷ്യൂ പേപ്പര്‍ എടുത്ത് അവന്റെ മുഖം അമര്‍ത്തി തുടച്ചിട്ട് ഒരു വിരട്ടു ഭാവത്തില്‍ നുള്ളുന്ന വിധം ഞെരിച്ച് മൂക്കും പിഴിഞ്ഞു. ഇതോടെ പയ്യന്‍ അക്രമാസക്തനായി. അവന്റെ കാലുകള്‍ മാത്രമാണ് ഇപ്പോള്‍ സ്വതന്ത്രം. ബിരിയാണി പ്ലേറ്റുകള്‍ ലക്ഷ്യമാക്കി അവന്‍ കാലിട്ടടിക്കാന്‍ നോക്കി. തുടര്‍ന്ന് അമ്മ തന്റെ ഇടതു കൈ കൊണ്ട് അവന്റെ കൈയും കാലും ബന്ധിച്ചു. ഇളയമ്മ ഗ്രനേഡ് എറിയുന്ന പോലെ ഷൗട്ടു ചെയ്തു കൊണ്ട് അവരുടെ നീണ്ട മാനിക്യൂവര്‍ ചെയ്ത വിരലുകൊണ്ട് പയ്യനെ വീണ്ടും അടിച്ചു.ശേഷം സില്‍വസ്റ്റര്‍ സ്റ്റലോണിന്റെ വെടിയുതിര്‍ക്കലിനെ അനുസ്മരിപ്പിച്ചു കൊണ്ട് മൂന്നു പേരും ആര്‍ത്തിയോടെ കോഴിക്കാലുകളും മറ്റു ഭാഗങ്ങളും കടിച്ചുപറിച്ച് ബിരിയാണി അകത്താക്കി.

           

എന്തായാലും കൈ കഴുകി മടങ്ങി വരുമ്പോള്‍  അമ്മയുടെ ഒക്കത്തിരുന്ന അവന്റെ കരച്ചിലടങ്ങി. ഇളയമ്മ എടുക്കാന്‍ നോക്കിയപ്പോള്‍ അവന്‍ പോ എന്ന് സുരേഷ് ഗോപി സ്‌റ്റൈലില്‍ കാച്ചി. അതു കേട്ട് മറ്റുള്ളവര്‍ തന്റെ സുന്ദരമായ ചിരി കണ്ടുകൊള്ളട്ടെ എന്ന ഔദാര്യ ഭാവത്തില്‍ ഇളയമ്മ ചിരിച്ചു.

             

അഞ്ചു വയസ്സുവരെ കുട്ടികള്‍ക്ക് എപ്പോഴും അമ്മയുടെ സ്‌നേഹവാത്സല്യത്തോടെയുള്ള പരിചരണം വേണമെന്നും, അതുവരെ അവരെ ദേവന്മാരെപ്പോലെ വേണം കാണാനെന്നുമൊക്കെയാണ് ഋഷിമാര്‍ പറഞ്ഞു വച്ചിട്ടുള്ളത്. മസ്തിഷ്‌ക വളര്‍ച്ച ഈ ഘട്ടത്തില്‍ പൂര്‍ണ്ണമാകുന്നതിനാല്‍ ശ്രദ്ധയോടുള്ള ശിശു സംരക്ഷണമാണ് വേണ്ടതെന്ന് ആധുനിക ശാസ്ത്രവും നിര്‍ദേശിക്കുന്നു.ആ സമയത്ത് ചിലപ്പോഴെങ്കിലും കുഞ്ഞുങ്ങള്‍, പിടിയിലായ ശത്രു രാജ്യത്തെ ഭടനോടുള്ള തരം പെരുമാറ്റം രക്ഷിതാക്കളില്‍ നിന്നും നേരിടുന്നു. ഇവിടെയാണ് മനുഷ്യന്‍ മൃഗങ്ങളിലേക്കും പക്ഷികളിലേക്കുമൊക്കെ നോക്കേണ്ടത്. കാക്കയിലേക്ക് നോക്കൂ. അതു ചുണ്ടിനകത്താണ് ഭക്ഷണം ശേഖരിച്ചു കൊണ്ടുവന്ന് കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുക. അമ്മ കാക്കയ്ക്ക് ഒന്ന് തോന്നിയാല്‍ മതി രുചിയുണ്ടല്ലോ എന്ന്. രുചിനോക്കുമ്പോള്‍ വേണമെങ്കില്‍ അത് വായ്ക്കകത്തേക്ക് ഇറങ്ങിപ്പോകാവുന്നതേ ഉള്ളു . എന്നാല്‍ പോകില്ല. അവരാരും നമ്മളെപ്പോലെ അവരുടെ കുഞ്ഞുങ്ങളെ പീഡിപ്പിക്കാറുമില്ല.

 

മുതിര്‍ന്നവര്‍ കരുതുന്നത് കുഞ്ഞുങ്ങള്‍ ഒന്നും മനസ്സിലാക്കുന്നില്ലെന്നാണ് .ഒരു വയസ്സാകുന്നതിന് മുന്‍പു തന്നെ അവര്‍ സംസാരിക്കാന്‍ തുടങ്ങുന്നു. ഒരു പ്രഭാതത്തില്‍ അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കി സംസാരിച്ചു തുടങ്ങുന്നതല്ല. ഗര്‍ഭാവസ്ഥയിലിരിക്കുമ്പോഴും ഭൂമുഖത്തു വന്നതിന് ശേഷവും ലോകത്തെ ഗ്രഹിച്ചു തുടങ്ങിയതിന്റെ ഫലമാണത്. എഴുതാനും വായിക്കാനുമുള്ള അക്ഷരങ്ങള്‍ പഠിക്കുന്നത് മൂന്നു വയസ്സ് തൊട്ടായിരിക്കാം. എന്നാല്‍ ഈ ലോകത്ത് ഒരു കുഞ്ഞ് എങ്ങനെ ജീവിക്കണമെന്നുള്ളതിന്റെ അടിസ്ഥാന അക്ഷരമാലയുടെ പഠനം മൂന്നു വയസ്സിനുള്ളില്‍ കഴിയും. ഏറി വന്നാല്‍ അഞ്ചു വയസ്സുവരെ
             

സഫയര്‍ ഹോട്ടലില്‍ ആ രാത്രിയില്‍ ആ അരുമക്കുഞ്ഞ് നേരിട്ട അവസ്ഥ മാത്രം മതി അവന്‍, അവനും വീടിനും സമൂഹത്തിനും ഭീഷണിയായി മാറാന്‍. ഒരു സംശയവും വേണ്ട, ആ കുട്ടി വലുതാകുമ്പോള്‍ അവന്റെ മാതാപിതാക്കള്‍ക്ക് അവനില്‍ നിന്ന് സംരക്ഷണം കിട്ടണമെങ്കില്‍ നിയമത്തിന്റെയും നിയമപാലകരുടെയും സഹായം വേണ്ടിവരും. അവന് ചോദിച്ചതെല്ലാം വാങ്ങിക്കൊടുത്തിട്ടുണ്ടെന്നും അവന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ച് കൊടുത്തിട്ടുണ്ടെന്നും പറഞ്ഞിട്ട് കാര്യമില്ല. അവനെ ബന്ധിതനാക്കി നോവിച്ചും കരയിപ്പിച്ചുംകൊണ്ട് തങ്ങളുടെ നാവിനെ തൃപ്തിപ്പെടുത്തി സുഖിക്കുന്ന, ആസ്വദിക്കുന്ന അച്ഛനമ്മമാരുടെയും ഇളയമ്മയുടെയും ഒരു ചിത്രം അവന്റെ ഉള്ളിലുണ്ടാകും. അതവന്റെ ഉപബോധമനസ്സില്‍ നിക്ഷേപിക്കുന്ന ചില അക്ഷരമാലകളുണ്ടാകും. ആ അക്ഷരമാല ജീവിതത്തിന്റെ അക്ഷരമാലയാണ്.അതുകൊണ്ടാണ് അവന്‍ ജീവിതത്തെ വായിക്കുന്നതും രചിക്കുന്നതും. രണ്ടുവയസ്സുകാരനും ഇരുപതുകാരനും ' മുപ്പതുകാരനും തൊണ്ണൂറുകാരനുമെല്ലാം ഒരേ തലത്തിലാണ് ജീവിക്കുന്നത്. അവര്‍ ജീവിക്കുന്ന ലോകത്തില്‍ സുഖം ഉറപ്പാക്കുക. ലോകത്തിന്റെ വ്യാപ്തി മാറുന്നതനുസരിച്ച് സുഖത്തിന്റെ തോതുകള്‍ മാറുന്നുവെന്നേ ഉളളൂ.
            

രണ്ടു വയസ്സുകാരന്റെ ലോകം അവന്റെ അച്ഛനമ്മമാരും വീട്ടിലുള്ള മറ്റുള്ളവരും അവരിലൂടെ പരിചിതമാകുന്ന ചുറ്റുപാടുകളുമാണ്.വളരെ ശ്രദ്ധയോടും ആത്മാര്‍ത്ഥതയോടുമാണ് അവന്‍ അല്ലെങ്കില്‍ അവള്‍ ലോകത്തില്‍ ഇടപെടുന്നത്. ശരി തെറ്റ് ഗുണദോഷ ചിന്തകളൊന്നുമില്ലാതെ. അവന്‍ എപ്പോഴും ചുറ്റുമുള്ളവരോട് സംസാരിക്കുന്നുണ്ട്. പക്ഷേ ആ ഭാഷ മുതിര്‍ന്നവര്‍ക്കറിയില്ല. അതുകൊണ്ട് അവര്‍ ശ്രദ്ധിക്കുന്നില്ല. മുതിര്‍ന്നവര്‍ ഒരാളോട് സംസാരിക്കുമ്പോള്‍ അത് കേള്‍വിക്കാരന്‍ ശ്രദ്ധിക്കാതെ വരുമ്പോള്‍ ഉണ്ടാവുന്ന അതേ അലോസരം തന്നെയാണ് അവനും അനുഭവിക്കുന്നത്. അതുകൊണ്ടാണ് അല്‍പ്പം ശ്രദ്ധ അകലുമ്പോള്‍ അല്ലെങ്കില്‍ ശ്രദ്ധ കിട്ടാതെ വരുമ്പോള്‍ കുട്ടികള്‍ അസ്വസ്ഥരാകുന്നത്. പിന്നീടവരുടെ ശ്രമം ശ്രദ്ധ നേടാനായിരിക്കും. ശരിതെറ്റുകള്‍ അറിയാത്ത ശുദ്ധ ബുദ്ധികളായ അവര്‍ എപ്പോഴാണ് തങ്ങളെ മുതിര്‍ന്നവര്‍ ശ്രദ്ധിക്കുക എന്ന് ജീവിതത്തിലെ ഒറ്റ സംഭവം കൊണ്ട് തിരിച്ചറിയും. അതുചിലപ്പോള്‍ കരയുമ്പോഴാകും. അല്ലെങ്കില്‍ മുതിര്‍ന്നവരുടെ കാഴ്ചയില്‍ അരുതാത്തതു ചെയ്യുമ്പോഴാകാം. കാരണം അപ്പോള്‍ മുതിര്‍ന്നവരുടെ ശ്രദ്ധ തങ്ങളിലേക്കു വരുമെന്നവര്‍ക്കറിയാം.
            

 

അച്ഛനമ്മമാര്‍ക്ക് ചിക്കന്‍ ബിരിയാണി കഴിക്കുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ സുഖമായിരുന്നിരിക്കും പയ്യന് അവന്റെ ഉള്ളിലുള്ളത് അവന്റേതായ രീതിയില്‍ അച്ഛനമ്മമാരോട് സംവദിക്കുന്നതിലൂടെയും, അല്ലെങ്കില്‍ സ്പൂണ്‍ കൊണ്ട് കളിക്കുന്നതിലൂടെയും ഒക്കെ ലഭിക്കുമായിരുന്നത്. ആ സ്പൂണ്‍ അവനെടുക്കാനാഞ്ഞപ്പോള്‍ അതെടുത്ത് അവന്റെ കൈയ്യില്‍ കൊടുത്തിട്ട് അതിന്റെ പിടിയേ പറ്റിയും അറ്റത്തെക്കുറിച്ചും  എന്തെങ്കിലും ചോദിച്ചിരുന്നെങ്കില്‍ അവനും എന്തെങ്കിലും പറഞ്ഞേനെ. അവന്റെയുള്ളില്‍ സ്‌നേഹത്തിന്റെ അകമ്പടിയില്‍ ചോദ്യങ്ങള്‍ മുളച്ചു വരുമായിരുന്നു.  അവന്റെ ഭാവനയും ലോകവും വാസനയും വികസിക്കുമായിരുന്നു. അത് ആ കുട്ടിയില്‍ നിക്ഷേപിക്കുന്ന അക്ഷരമാലകള്‍ ലോകത്തെ അവനോട് സ്‌നേഹത്തിലൂടെ ബന്ധിപ്പിച്ചേനെ . അതു കൊണ്ടായിരിക്കും അവന്‍ തന്റെ ജീവിതം രചിക്കുന്നത്. തീവ്രവാദവും ഭീകരവാദവും ഒഴിവാകുന്നത് ഈ വഴിയിലൂടെയാണ്. മറിച്ചായാല്‍ അതുണ്ടാകുന്നതും.

        

സ്വന്തം അമ്മയെയും അച്ഛനെയും സ്‌നേഹിക്കാന്‍ കഴിയാത്ത കുട്ടിക്ക് അവന്‍ വളര്‍ന്നു വലുതാകുമ്പോള്‍ ആരെയും ഒന്നിനെയും സ്‌നേഹിക്കാന്‍ കഴിയില്ല. തീവ്ര-ഭീകരവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ പഠിച്ചാല്‍ അതറിയാം. നമ്മുടെയിടയില്‍ കാണുന്ന കലഹപ്രിയരും ,മുന്‍ ശുണ്ടിക്കാരും, സഹജീവി സ്‌നേഹമില്ലാത്തവരും,ഗുണ്ടകളും എല്ലാം ഇങ്ങനെ ഉണ്ടായി വരുന്നവരാണ്. സ്വന്തം അച്ഛനമ്മമാരെ സ്‌നേഹിക്കാത്ത മക്കളുണ്ടായി വരുന്നത് മക്കളുടെ കുഴപ്പം കൊണ്ടല്ല. തൃശൂര്‍ സഫയര്‍ ഹോട്ടലില്‍ ആ രാത്രിയില്‍ ആ കുട്ടി നേരിട്ട വിധമുള്ള ഒരു സന്ദര്‍ഭത്തിലൂടെ ഒരു കുഞ്ഞ് ഒരിക്കല്‍ കടന്നു പോയാല്‍ മതി, അവന്‍ വീടിനും നാടിനും ഭീഷണിയാകാന്‍ .

 

Tags