ഈ തീരത്തൊരിത്തിരി നേരം

Sat, 27-04-2013 03:30:00 PM ;

കോഴിക്കോട് - കണ്ണൂർ ദേശീയപാതയിലൂടെ പലവട്ടം നിങ്ങൾ വണ്ടിയോടിച്ച് പോയിട്ടുണ്ടാവും, അല്ലേ? ഇങ്ങനെ ചീറിപ്പാഞ്ഞ് പോകുന്ന കൂട്ടത്തിൽ ഒരരമണിക്കൂർ അധികം കണ്ടെത്തിയാൽ നിങ്ങൾക്ക് നല്ലൊരു സ്ഥലം കാണാം. ഒരിക്കൽ കണ്ടാൽ നിങ്ങൾ വീണ്ടും വന്നെന്നുമിരിക്കും.

 

കോഴിക്കോട് നിന്ന്‍ നേരെ കണ്ണൂർ റോഡിൽ വന്നാൽ മതി. കൊയിലാണ്ടി കഴിഞ്ഞ് ഒരു മൂന്നു കിലോമീറ്റർ പിന്നിട്ടാൽ വണ്ടി ഒന്നു സ്‌ളോ ആക്കി പിടിക്കുക. മൂടാടി എന്നൊരു പഞ്ചായത്ത് ടൗണെത്തും മുമ്പ് ഇടതുവശത്തൊരു റോഡ് കാണാം. പഞ്ചായത്ത് ടൗണിനെ പറ്റി പറഞ്ഞത് വെറുതെയല്ല, അഥവാ നിങ്ങൾ സ്ഥലം കടന്നുപോയാൽ തിരിച്ചു വിടുക. ഒരിരുപതു മീറ്റർ തിരിച്ചു വിട്ട് വലത്തോട്ട് തിരിയുക. അവിടെ ഒരു കമാനം കാണാം. ഒരു കിലോമീറ്റർ ആ റോഡിലൂടെ വണ്ടിയോടിച്ചാൽ മതി. വലിയ കൊള്ളുകൾക്കിടയിലൂടെയുള്ള ചെറിയ വഴി. മണ്‍മതിലുകളെയാണിവിടെ കൊള്ളുകളെന്നു പറയുക. അതിലൂടെയുള്ള വഴി ഇപ്പോൾ ടാർ റോഡാണ്.

 

വരവേൽക്കാനെന്ന പോലെ നിൽക്കുന്ന ഈന്തുമരങ്ങൾ, തലയുയർത്തി നിൽക്കുന്ന തെങ്ങുകളും. വളവും തിരിവും താണ്ടി വണ്ടിയെത്തുക ഒരു തുറസ്സിലേക്കാണ്. കടലിലേക്ക് തുറക്കുന്ന ഒരു കുന്നിന്‍ ചെരിവ്. മുന്നിൽ വെണ്മയുടെ പ്രകാശം. വണ്ടി ഒതുക്കിയിട്ട് കടൽത്തീരത്തേക്കിറങ്ങാം, തൊട്ടടുത്തുള്ള ഉരുപുണ്യകാവ് ക്ഷേത്രത്തിൽ തൊഴാം. ആ പാലമരചുവട്ടിൽ ഇരിക്കാം. കടൽത്തീരത്തെ കുന്നിനു മുകളിൽ ഒരു കാലത്തും വറ്റാത്ത കുളം കാണാം. വേണമെങ്കിൽ ഒരു കുളിയുമാവാം. കൽപ്പടവുകൾ ഇറങ്ങി താഴോട്ട് ചെന്നാൽ പാറക്കെട്ടിൽ ഞണ്ടുകളുടെ സഞ്ചാരം നിരീക്ഷിക്കാം. ദൂരെ വെളിച്ചം വിതറുന്ന ദീപസ്തംഭമുണ്ട്. കടലൂർ ലൈറ്റ്ഹൗസ്. സായാഹ്നത്തിലാണെങ്കിൽ നല്ല അസ്തമയവും കണ്ടോണ്ടിരിക്കാം. ദീപാരാധന തൊഴാം. തൊട്ടടുത്ത് ശ്രീ ശ്രീ രവിശങ്കറിന്റെ ചെറിയൊരാശ്രമവും ഉണ്ട്.

 

ഇതുപോലെ മറ്റൊരിടം കൂടിയുണ്ട്. അത് കൊയിലാണ്ടിയിൽ നിന്നും വടകരയ്ക്കുള്ള റോഡിൽ കൊല്ലം ടൗണിൽ നിന്ന്‍. ഇടത്തോട്ട് തിരിഞ്ഞാണ് പോകേണ്ടത്. കരിമ്പാറകളും തിരമാലകളും സല്ലപിച്ച് കൊണ്ടേയിരിക്കുന്ന മനോഹരമായ കടൽത്തീരം. പാറക്കെട്ടിൽ കയറിയിരുന്ന് കടലിനെ കാണാനൊരു ഹരമാണ്. കാലു നനയ്ക്കാനും കുളിക്കാനും പറ്റിയ സ്ഥലങ്ങളുമുണ്ട്.

 

ചെറിയ കുന്നിൻ മുകളിലെ പള്ളിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശ്മശാന ഭൂമിയും ഇതിനോട് ചേർന്നാണ്. അന്ത്യവിശ്രമം കൊള്ളുന്ന ആയിരങ്ങളുടെ സ്മരകശിലകൾക്കും ഒരുപാട് കഥകൾ പറയാനുണ്ടാവും. പാറക്കെട്ടിൽ നിന്നൂറിവരുന്ന ശുദ്ധജലം ശേഖരിക്കുന്ന വിശ്വാസികളെ കാണാം. കോഴിക്കോട് എന്തെങ്കിലും ആവശ്യാർഥം വരുന്നവർക്ക് ഒരു അരദിനം ചെലവഴിക്കാൻ മറ്റൊന്നും ആലോചിക്കേണ്ട, പാറപ്പള്ളിയിലേക്കും ഉരുപുണ്യകാവിലേക്കും ഒരു യാത്ര പ്ലാന്‍ ചെയ്‌തോളൂ. ഇനി നിങ്ങൾ കാറും പത്രാസുമൊന്നുമില്ലാതെയാണ് വരുന്നതെങ്കിൽ. കോഴിക്കോട് നിന്ന്‍ വടകര ബസിൽ കയറി ആദ്യം കൊല്ലത്തിറങ്ങുക. പാറപ്പള്ളി കണ്ട് നേരെ കടൽത്തീരത്തിലൂടെ രണ്ട് കിലോമീറ്റർ നടന്ന്‍ ഉരുപുണ്യകാവും കാണുക. അവിടെ നിന്ന് നേരെ മൂടാടിയിലേക്ക് വരുക. കോഴിക്കോട് ബസ് പിടിച്ച് തിരിച്ചുപോകാം. തീരെ നടക്കില്ലെന്ന്‍ വാശിയുണ്ടെങ്കിൽ കൊല്ലത്തിറങ്ങി ഓട്ടോ പിടിക്കുക. തിരിച്ച് കൊല്ലത്തു വന്ന്‍ ലോക്കൽ ബസിൽ മൂടാടിയിലിറങ്ങി ഓട്ടോ പിടിച്ച് ഉരുപുണ്യകാവിലേക്കും പോവുക. ഇനിയുമുണ്ട് കുറച്ച് കോഴിക്കോടൻ തീരങ്ങൾ പരിചയപ്പെടുത്താൻ. അത് പിന്നാലെ.

Tags: