കോളേജിനോട് ഇങ്ങനേയും വിട പറയാം

Glint Guru
Wed, 27-03-2013 07:45:00 PM ;

ചെന്നൈയില്‍ നിന്ന്‍എളമിലാട്ടി വിളിക്കുന്നു.

 

എള- ഹലോ മൂപ്പരല്ലേ,

മൂപ്പ- അതേ, എന്താണ് വിശേഷം?

എള- അങ്ങിനെ എന്റെ ഇന്റേണ്‍ഷിപ്പും കഴിഞ്ഞ് ഞാന്‍ ഇതാ ഹോസ്റ്റലില്‍ നിന്നിറങ്ങി നാട്ടിലേക്കു വരാന്‍ പോകുന്നു.

മൂപ്പ- വെരി ഗുഡ്. അങ്ങിനെ ഡോക്ടറായി, അല്ലേ.

എള- അതേ, ഡോക്ടറായി.

മൂപ്പ- എന്തു തോന്നുന്നു?

എള- സന്തോഷം.

മൂപ്പ- സന്തോഷം എങ്ങിനെ?

എള- കോളേജിലെ പരിപാടികളെല്ലാം കഴിഞ്ഞ് പോകുന്നല്ലോ എന്നാലോചിക്കുമ്പോള്‍ സന്തോഷം തോന്നുന്നു.

മൂപ്പ- അര ദശാബ്ദത്തിലേറെ ചെലവഴിച്ച പരിസരങ്ങളോട് വിട പറയുമ്പോള്‍ ഒട്ടും വിഷമം തോന്നുന്നില്ല!

എള- ഇല്ല. കോളേജിലെ ഏര്‍പ്പാടുകളെല്ലാം  അവസാനിച്ചുവല്ലോ എന്നാലോചിക്കുമ്പോള്‍ ഒട്ടും വിഷമം വരുന്നില്ല. അത്രയ്ക്ക് സുഖമുള്ളതായിരുന്നില്ലല്ലോ കോളേജിലെ അനുഭവങ്ങള്‍.

മൂപ്പ- എന്നിരുന്നാലും ഇപ്പോള്‍ തിരിച്ചുപോകുന്നത് ഡോക്ടറായിട്ടല്ലേ. വന്നപോലെയല്ലല്ലോ തിരിച്ചുപോകുന്നത്. ആണോ?

എള- അല്ലല്ല. അങ്ങിനെ നോക്കുമ്പോള്‍ ഒരുപാടുണ്ട്. ഒരുപാട്. മൊത്തത്തില്‍ അതുകൊണ്ടാ സന്തോഷമെന്ന്‍ പറഞ്ഞെ. പിന്നെ ആകെ വിഷമം തോന്നുന്നത് ഹോസ്റ്റല്‍ ആലോചിക്കുമ്പോഴാണ്. ഹോസ്റ്റലില്‍ ഞങ്ങള്‍ നന്നായി ആസ്വദിച്ചിരുന്നു. ഹോസ്റ്റലിലെ ഓരോ നിമിഷവും സന്തോഷകരമായിരുന്നു. അതു വല്ലാതെ മിസ് ചെയ്യും.

മൂപ്പ- എന്തു പറയുന്നു കൂട്ടുകാരി?

എള- അവള്‍ വലിയ വിഷമത്തിലാണ്. ഞങ്ങള്‍ ശരിക്കും ഹോസ്റ്റലിലായിരുന്നെങ്കിലും വീട്ടിലെപ്പോലെയായിരുന്നു. ഭക്ഷണം പാചകം ചെയ്തു കഴിക്കലും, അസുഖങ്ങള്‍ വരുമ്പോഴുള്ള ആത്മവിശ്വാസവും. എന്തിന് ഞങ്ങള്‍ക്ക് വെവ്വേറെ ചിലവുകള്‍ പോലുമില്ലായിരുന്നു. അതുകൊണ്ട് അവള്‍ക്കും എനിക്കും നല്ലതുപോലെ വിഷമമുണ്ട്. പിന്നെ അവള്‍ക്കും ഹൌസ് സര്‍ജന്‍സിയാണല്ലോ. ഇനി കഷ്ടിച്ച് ഒമ്പതു മാസത്തെ കാര്യമേ ഉള്ളൂ.

മൂപ്പ- അങ്ങിനെ എന്തായാലും കോളേജില്‍ നിന്ന്‍ ഒരു ഡോക്ടര്‍ കൂടി ജനങ്ങള്‍ക്കിടയിലേക്കിറങ്ങി. എങ്ങിനെയുണ്ടായിരുന്നു അവിടെനിന്നു നേടിയ വൈദഗ്ദ്ധ്യം?

എള- അതു ഗ്രേറ്റ്. അതൊരു വല്ലാത്ത ആത്മവിശ്വാസമാണ് തരുന്നത്. ഇന്റേണ്‍ഷിപ്പ് കാലത്തൊന്നും ശ്വാസം വിടാന്‍ പറ്റില്ലായിരുന്നു. അതുപോലെ അക്കാദമിക്കായിട്ടും,സൂപ്പര്‍ബാണ്.

മൂപ്പ- അപ്പോ, നല്ല പഠനവും പരിശീലനവും അവിടെനിന്നു കിട്ടി അല്ലേ?

എള- തീര്‍ച്ചയായും. അക്കാര്യത്തില്‍ ഒരു സംശയവുമില്ല.

മൂപ്പ- അപ്പോ, അത്രയും ശേഷി താങ്കള്‍ക്ക് നേടിത്തന്ന ആ കോളേജിനെ ഓര്‍ക്കുമ്പോ വിഷമം തോന്നേണ്ട കാര്യമില്ല.

എള- അതല്ല, കോളേജില്‍ അധികൃതരുടെയൊക്കെ ഭാഗത്തുനിന്നുണ്ടായ അനുഭവങ്ങളും ഒരു പക്ഷേ പീഡനങ്ങളുമൊക്കെ അത്ര വിഷമിപ്പിക്കുന്നതായിരുന്നു. അതുകൊണ്ടാ കോളേജ് വിട്ടുപോകുന്നതാലോചിക്കുമ്പോള്‍ ഒരു രക്ഷപ്പെടലിന്റെ സുഖം തോന്നുന്നുവെന്നു പറഞ്ഞത്.

മൂപ്പ- വ്വ്. അതു മനസ്സിലായി. എന്തുതന്നെയായാലും എല്ലാം അതിമനോഹരമായി പര്യവസാനിച്ചുവല്ലോ. അതു സന്തോഷം നല്‍കുന്ന കാര്യമല്ലേ.

എള-വ്വ് വ്വ്, തീര്‍ച്ചയായും.

മൂപ്പ- അപ്പോ ഇറങ്ങാറായോ?

എള- വ്വ്. ടാക്‌സി വന്നു. വൈകീട്ടുള്ള മംഗള എക്‌സ്പ്രസ്സിനാ ബുക്ക് ചെയ്തിട്ടുള്ളത്.

മൂപ്പ- അപ്പോ, ഒരു കാര്യം ചെയ്യാന്‍ ബാക്കിയുണ്ടല്ലോ. അതു ചെയ്യാതെ അവിടുന്നു മടങ്ങിയാ ശരിയാവില്ലല്ലോ.

എള- അയ്യോ, എന്താ അത്. ഞാന്‍ ശരിക്കും കാറില്‍ കയറാന്‍ പോകുവാ.

മൂപ്പ- ഏയ്, ബേജാറാകേണ്ട. കാറില്‍ കയറിക്കോളൂ. ഇത്രയും നാള്‍കൊണ്ട് താങ്കളെ മാറ്റിമറിച്ച് താങ്കള്‍ക്ക് ആത്മവിശ്വാസവും സന്തോഷവുമൊക്കെ തരാന്‍ പാകത്തില്‍ ആക്കിയത് ആ കോളേജല്ലേ. ഇപ്പോഴത്തെ സന്തോഷത്തിനും യഥാര്‍ഥത്തില്‍ കാരണം ആ കോളേജല്ലേ. അതുകൊണ്ട് നമുക്ക് ഒരുപാട് ഉപകാരപ്രദമായി മാറിയ ആ സ്ഥാപനത്തെക്കുറിച്ച് അസുഖകരമായ ധാരണ ഉള്ളില്‍ വച്ചിരിക്കുന്നത് നല്ലതാണോ. അല്ല. ആ കോളേജുണ്ടായതിന്റെ പേരിലല്ലേ ഹോസ്റ്റലിലെ നല്ല അനുഭവമുണ്ടായത്. അതുകൊണ്ടല്ലേ നല്ല രീതിയില്‍ പഠിക്കാനും പരിശീലനം നേടാനും കഴിഞ്ഞത്. അപ്പോള്‍ ആ സ്ഥാപനത്തോട് നന്ദിയുണ്ടാവണ്ടേ. അനുഭവങ്ങള്‍ എപ്പോഴും നല്ലതും മോശവുമുണ്ടാവും. മോശമനുഭവമുണ്ടാവുമ്പോള്‍ നമുക്ക് വിഷമം വരും. വിഷമം വന്നപ്പോഴൊക്കെ വിഷമിച്ചിട്ടുണ്ടാകും. അതെല്ലാം കഴിഞ്ഞു. അവിടെനിന്ന്‍ നോക്കിയാല്‍ കോളേജ് കാണാന്‍ പറ്റുന്നുണ്ടോ?

എള- വ്വ്.

മൂപ്പ- ആ കോളേജിലേക്കൊന്നു നോക്കിയേ. ആ കോളേജല്ലേ നമ്മുടെ വളര്‍ച്ചയ്ക്ക് പശ്ചാത്തലമായത്. ഇനിയുള്ള വളര്‍ച്ചയ്ക്കും. അപ്പോ അതിനോട് നമുക്ക് നല്ല സ്മരണ വേണ്ടേ. അവിടെ പഠിപ്പിച്ച അദ്ധ്യാപകരും, എന്തിന് അവിടെയൊക്കെ സന്നിഹിതരായിരുന്ന ഓരോ വ്യക്തികളും നിങ്ങളുടെ പഠന ആവശ്യത്തിനായി ഉള്ളവരായിരുന്നു. അവരുടെയൊക്കെ ഭാഗത്തുനിന്നു രണ്ടുതരം അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാവും. അതു രണ്ടും കൂടി  ചേര്‍ന്നാണ് താങ്കള്‍ക്ക് ഇപ്പോള്‍ സന്തോഷവും ഭാവിയില്‍ നല്ലൊരു ഡോക്ടറായി മാറാനുമുള്ള സംഗതികളൊരുക്കിയത്. ഒന്നുകൊണ്ടു മാത്രം സാധ്യമല്ല. നമ്മള്‍ കുളിക്കുന്നത് അഴുക്കുണ്ടാവുന്നതുകൊണ്ടാണ്. അഴുക്ക് ശരീരത്തുണ്ടാകാത്ത സാഹചര്യം ഒന്നാലോചിച്ചുനോക്കിയേ. അതു രോഗാവസ്ഥയാണ്. കുളി കഴിയുമ്പോള്‍ അഴുക്കു പോയതിന്റെ സുഖമല്ല. കുളിയുടെ സുഖമാണ്. അഴുക്കും ഉണ്ടാവും. ഉണ്ടാവണം. അതു പ്രകൃതിനിയമം.

എള- ഞാനത്രയ്ക്ക് ഓര്‍ത്തില്ല. സോറി.

മൂപ്പ-ഏയ്, ഇതില്‍ വിഷമം തോന്നേണ്ട കാര്യമൊന്നുമില്ല. താങ്കള്‍ ഇപ്പോള്‍ വിളിച്ചുവല്ലോ. ഈ നിമിഷം ഇങ്ങനെയൊക്കെ വേണം. അതാണ് ഈ നിമിഷത്തിന്റെ ഭംഗി. വേദന അനുഭവിക്കുന്നത് ഈ നിമിഷത്തില്‍ മാത്രമേ കഴിയൂ. അതുകൊണ്ട് കഴിഞ്ഞ സമയത്ത് വേദനയുണ്ടാക്കിയതിന് ഇപ്പോള്‍ ഒരിക്കലും ഉണ്ടാക്കാന്‍ പറ്റില്ല. അത് നമ്മള്‍ ചുമന്നോണ്ടു നടന്നാലല്ലാതെ. ആ വേദനയ്ക്കകത്തുനിന്നതുകൊണ്ടാണ് ഒരു രക്ഷപ്പെടല്‍ തോന്നല്‍ ഉണ്ടായത്. വളരെ പെട്ടെന്ന് ഇതിനെ എറിഞ്ഞുകളയാം നമുക്ക്. എന്തിന് താങ്കളുടെ പ്രിയപ്പെട്ട സുഹൃത്തിനെപ്പോലും പ്രദാനം ചെയ്തത് ഈ കോളേജല്ലേ. എങ്ങിനെയൊക്കെ നോക്കിയാലും കോളേജിനോട് നന്ദി തോന്നാതിരിക്കാന്‍ പറ്റില്ല. ഒന്നുകൂടി കോളേജിലേക്ക് നോക്കിയേ

എള- അയ്യോ, സത്യം. ഒരു വല്ലാത്ത സുഖം. റീയലി വണ്ടര്‍ഫുള്‍.

മൂപ്പ- ഇത്രയേ വേണ്ടൂ. അവിടെനിന്നും പുറത്തേക്കു കടക്കുമ്പോള്‍ ആ കോളേജിന്റെ ഓരോ മുക്കിനോടും മൂലയോടും ആത്മാര്‍ഥമായി നന്ദി പറയണം. അവിടുത്തെ ഓരോ മരത്തിനോടും, കല്ലിനോടും അവിടുത്തെ എല്ലാ ആള്‍ക്കാരോടും ഉള്ളില്‍ നന്ദി പറയണം. എല്ലാം താങ്കള്‍ക്കുവേണ്ടി ഈ വര്‍ഷങ്ങള്‍ നിലനിന്നു. വേദനിപ്പിച്ചു പെരുമാറിയവരോടു കൂടുതല്‍ നന്ദി തോന്നണം. അവരാണ് കൂടുതല്‍ ശക്തി പകര്‍ന്നത്. അവര്‍ സൃഷ്ടിച്ച ബുദ്ധിമുട്ടുകളെയൊക്കെ അതിജീവിച്ചു. അത് വലിയ പഠനം തന്നെ. അതനുസരിച്ച് നമ്മുടെ ശക്തിയും സ്‌നേഹവും വര്‍ധിക്കും. ഭാവിയില്‍ നമ്മള്‍ ആ രീതിയില്‍ ആരോടും പെരുമാറാതിരിക്കുമെങ്കില്‍ അവര്‍ നമ്മളെ പരുവപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അങ്ങിനെയെങ്കില്‍ അവര്‍ നമസ്‌കാരമര്‍ഹിക്കുന്ന ഗുരുക്കന്മാര്‍ തന്നെ.

എള- ശരിക്കും എനിക്ക് വല്ലാതെ വരുന്നു. ഒരു സുഖമുള്ള വല്ലായ്മ.

മൂപ്പ- കൊടുക്ക് കോളേജിന് ഒരു നന്ദി കൂടി. കാരണം അതിനും ഈ കോളേജ് തന്നെയല്ലേ കാരണം. കാറില്‍ കയറിക്കോളൂ. പുറത്തേക്കു നീങ്ങുമ്പോള്‍ നന്ദിപറഞ്ഞുകൊണ്ടിറങ്ങിക്കോളൂ.

എള- ഇപ്പോഴേ പറഞ്ഞുതുടങ്ങി. ഇതു ചെയ്യാതെ പോയിരുന്നെങ്കില്‍ അതൊരിക്കലും തിരുത്താന്‍ പറ്റാത്ത അപരാധമായിപ്പോയേനെ.

മൂപ്പ- അതൊക്കെവിടൂ. എന്തായാലും ഇപ്പോള്‍ കഴിഞ്ഞുവല്ലോ. ഈ സൂത്രപ്പണിയെയാണ് ഇംഗ്ലീഷില്‍ ഫര്‍ഗിവിംങ്, ഫര്‍ഗിവിങ് എന്നു പറയുന്നത്. ഇത് നമ്മുടെ സുഖത്തിനു വേണ്ടി ചെയ്യുന്നതാണ്. അല്ലാതെ മറ്റാര്‍ക്കും വേണ്ടിയല്ല. ഇതുപോലെ ആരെങ്കിലും പണ്ട് വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോടും ഉള്ളില്‍ ഇങ്ങനെ ചെയ്താല്‍ നല്ല സുഖം കിട്ടും. ആരെങ്കിലും വേദനിപ്പിക്കുമ്പോഴും ഓര്‍ക്കാവുന്നതാണ്. വേദനിപ്പിക്കുമ്പോള്‍ വേദനിക്കും. വേദന അറിയാനുള്ള ശേഷി നല്ലതാണ്. വേദന മാറിക്കഴിയുമ്പോള്‍ പിന്നെ അതിനെ കെട്ടിവലിച്ച് കൂടെകൊണ്ടു നടക്കാതിരിക്കാന്‍ നോക്കിയാ മതി. അങ്ങിനെയൊക്കെയുള്ള അവസരം വരുമ്പോള്‍ വേദന ശമിച്ചുകഴിയുമ്പോള്‍ നന്ദി പറഞ്ഞുകൊണ്ട് കോളേജിനോടു വിട പറയുന്ന നിമിഷം ആലോചിച്ചാല്‍ നമുക്ക് സുഖം കിട്ടും. നമ്മുടെ സുഖത്തിനെ വിട്ടൊരു കളിക്കും നില്‍ക്കരുതെന്റെ ഡോക്ടറെ.

എള- താങ്ക്‌സ് എ ലോട്ട്. താങ്ക് യൂ, താങ്ക് യൂ.

മൂപ്പ- സ്വീകരിച്ചിരിക്കുന്നു. അതോടൊപ്പം എന്റെയും താങ്ക്‌സ്

എള- എന്തിന്

മൂപ്പ- എന്തിനെന്നോ, ഒരുഗ്രന്‍ സാധനം കുറിക്കാന്‍ ഈയുള്ളവന് അവസരമൊരുക്കിയതിന്. കോളേജിന് പുറത്തിറങ്ങിയില്ലെങ്കില്‍ എന്റെയും ഒരു നന്ദി കോളേജിന് കൊടുത്തേക്കൂ.

എള- ഓ, തീര്‍ച്ചയായും. എന്നാലും ഒരിക്കല്‍ക്കൂടി മൂപ്പര്‍ക്ക് നന്ദി.

Tags: