ബ്രാന്‍ഡ് പ്രേമിയായ അഞ്ചാം ക്ലാസ്സുകാരി

ഈ ജി
Sun, 20-12-2015 12:15:00 PM ;

cartoon, brand_conciousness

നഗരത്തിലെ പബ്‌ളിക് സ്‌കൂളില്‍ പഠിക്കുന്ന അഞ്ചാം ക്ലാസ്സുകാരി. വളരെയധികം ഊര്‍ജ്ജസ്വല. എന്നുവെച്ചാല്‍ അധികച്ചുണക്കാരി. എപ്പോഴും കിരുകിരാ എന്ന സ്വഭാവം. ഇഷ്ടമുള്ള ചാനല്‍ കാര്‍ട്ടൂണുകളുടേത്. കാര്‍ട്ടൂണ്‍ കണ്ടാല്‍ തന്നെ ചുണയില്ലാത്തവര്‍ പോലും അധികച്ചുണക്കാര്‍ അല്ലെങ്കില്‍ ഹൈപ്പര്‍ ആക്ടീവ് ആയിപ്പോകും. ഓരോ ദിവസവും സ്‌കൂളില്‍ നിന്നുള്ള അവളുടെ വരവ് ഒട്ടേറെ പുത്തന്‍ വിശേഷങ്ങളുമായിട്ടാരിക്കും. അതില്‍ പലതും കൂട്ടുകാരുമായുള്ള താരതമ്യത്തില്‍. കൂട്ടുകാര്‍ കണ്ട സിനിമ അവള്‍ കണ്ടിട്ടില്ലെങ്കില്‍ അവള്‍ വീട്ടുകാരെ കിടന്നുറങ്ങാനോ വെറുതെ ഇരിക്കാനോ സമ്മതിക്കില്ല. അതിനു പോയതിനു ശേഷമേ ബാക്കി കാര്യമുള്ളു. എന്തിനേയും ഏതിനേയും അവള്‍ സദാ സമയവും ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. വിദ്യാസമ്പന്നരും ഉന്നത ഉദ്യോഗങ്ങള്‍ വഹിക്കുന്നവരുമായ അവര്‍ക്ക് പലപ്പോഴും അവളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയുന്നില്ല. നിസ്സാരം ഒരു സിനിമയ്ക്ക് പോകാന്‍ അസൗകര്യം അവര്‍ പറയുകയാണെങ്കില്‍ അവള്‍ക്കറിയേണ്ടത് എന്താണ് അസൗകര്യമെന്നാണ്. പലപ്പോഴും രക്ഷിതാക്കള്‍ക്ക് താല്‍പ്പര്യമില്ലാത്തതുമൂലമാണ് അവള്‍ പറയുന്ന സിനിമകള്‍ക്കെല്ലാം പോകാത്തത്. അപ്പോള്‍ അവള്‍ക്കറിയേണ്ടത് എന്തുകൊണ്ട് താല്‍പ്പര്യം വരുന്നില്ല എന്നാണ്. അതിനുത്തരം നല്‍കാന്‍ രക്ഷിതാക്കള്‍ വിഷമിക്കുന്നു. കണ്ടുനോക്കാതെ എങ്ങിനെയാണ് ഒരു സിനിമയെ വിലയിരുത്തുന്നതെന്നാണ് ഈ അഞ്ചാം ക്ലാസ്സുകാരി അപ്പോള്‍ ചോദിക്കുന്നത്. അുതുമല്ല, അല്‍പ്പം കടന്ന ചോദ്യം കൂടി അവള്‍ ചോദിക്കുന്നു. താല്‍പ്പര്യം ഉണ്ടാകാതിരിക്കാനുള്ള കാരണം എന്താണ്. എന്തെങ്കിലും കാരണമില്ലാതെ ഒന്നുമുണ്ടാകില്ലല്ലോ എന്നാണ് പുള്ളിക്കാരത്തിയുടെ യുക്തി. ഏറ്റവുമൊടുവില്‍ ഈ ചോദ്യക്കാരിപ്പെമ്പറന്നോരെ പിടികൂടിയിരിക്കുന്ന , രക്ഷിതാക്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ രോഗം ബ്രാന്‍ഡ് രോഗമാണ്. യൂണിഫോം ഉള്ളതുകൊണ്ട് കഷ്ടിച്ച് രക്ഷപെട്ടുവെന്നാണ് അവരുടെ ആശ്വാസം. കാരണം കളര്‍ വസ്ത്രം ഇടാവുന്ന ദിവസങ്ങളില്‍ വസ്ത്രങ്ങളും പാദരക്ഷയും മുന്തിയ ബ്രാന്‍ഡുകളുടേതായിരിക്കണം. ആ ബ്രാന്‍ഡുകളുടെ ഡ്യൂപ്ലിക്കേറ്റുകളെങ്ങാനും സംഘടിപ്പിച്ച് ഒതുക്കിത്തീര്‍ക്കാമൈന്ന് കരിതിയാല്‍ ഇരട്ടി നഷ്ടം. കാരണം അത് ആയമ്മ കണ്ടെത്തും. അതിനാല്‍ അതു പാഴാവുകയും യഥാര്‍ഥ ബ്രാന്‍ഡ് പിന്നീട് യഥാര്‍ഥ വില കൊടുത്ത് വാങ്ങുകയും വേണം. ഒരു തവണയിട്ടാല്‍ പിന്നീട് അത് ആവര്‍ത്തിക്കുക എന്ന പരിപാടിയില്ല. പലപ്പോഴും അതാവര്‍ത്തിക്കുന്നതിനോട് പുള്ളിക്കാരത്തിക്ക് വലിയ എതിര്‍പ്പാണ്. അതുകൊണ്ടാണ് വന്‍ വില കൊടുത്ത് ബ്രാന്‍ഡുല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനോട് രക്ഷിതാക്കള്‍ക്ക് യോജിപ്പില്ലാത്തത്. മാത്രവുമല്ല പെട്ടന്നു വളരുന്ന പ്രായമായതിനാല്‍ നാലായിരത്തിന്റേയും അയ്യായിരത്തിന്റേയുമൊക്കെ ചെരുപ്പുകള്‍ വാങ്ങിയാല്‍ അതിന്റെ പുതുമ മാറുന്നതിനു മുന്‍പ് ഉപേക്ഷിക്കേണ്ടിയും വരുന്നു. ഏക മകളുമാണ് ഈ ചിമിട്ടത്തി. ഓരോ ദിവസവും സ്‌കൂളില്‍ നിന്നവള്‍ വരുന്നത് എന്ത് ആശയവും ആശയും ആഗ്രഹവുമാണെന്നോര്‍ത്ത് രക്ഷിതാക്കള്‍ക്ക് ഇത്തിരി ഭീതി തന്നെ ആയിട്ടുണ്ട്.

         ടെലിവിഷനും ഇന്റര്‍നെറ്റും മറ്റ് കിടുപിടികളുമൊക്കെയുണ്ടെങ്കിലും അഞ്ചാംക്ലാസ്സുകാരിയുടെ ജീവിതമെന്നു പറയുന്നത് വീടും അവിടം കഴിഞ്ഞാല്‍ സ്‌കൂളും തന്നെയാണ് മുഖ്യമായും. പിന്നെ വല്ലപ്പോഴും മാതാപിതാക്കളുടെ കൂടെയുള്ള പുറം യാത്രകളും. അപ്പോഴും അവള്‍ മാതാപിതാക്കളുടെ കൂടെത്തന്നെയാണ്. അവള്‍ സംസാരിക്കുന്നത് മാതാ പിതാക്കളും അവളുടെ അധ്യാപകരും സംസാരിക്കുന്ന ഭാഷ മാത്രം. വളരെ വ്യക്തമാണ് അവളിലൂടെ എന്തെല്ലാം ആഗ്രഹങ്ങളും ആശകളും പുറത്തു ചാടുന്നുവോ അത് അവളുടെ ഈ ലോകം സൃഷ്ടിക്കുന്ന സ്വാധീനം മാത്രമാണ്. അപ്പോള്‍ ന്യായമായും ചോദ്യം ഉണ്ടാകാം. പീര്‍ ഗ്രൂപ്പ് അഥവാ കൂട്ടുകെട്ട് സ്വാധീനമാണ് ഇവരെ ഇങ്ങനെയൊക്കെ ആക്കി മാറ്റുന്നതെന്ന്. തീര്‍ച്ചയായും പിര്‍ഗ്രൂപ്പ് സ്വാധീനം ഉണ്ടാവും. അത് ഉണ്ടാവേണ്ടതുമാണ്. കാരണം സമൂഹത്തിലേക്ക് ഒരു കുട്ടി പ്രവേശിക്കുന്നതിന്റെ ആദ്യതലമാണത്. കൂട്ടുകെട്ടില്‍ അവള്‍ക്ക് ആഗ്രഹം മറ്റുള്ളവരെപ്പോലെ ആകണം എന്നാണ് എന്നുള്ളതാണ് രക്ഷിതാക്കള്‍ നേരിട്ടും അധ്യാപകര്‍ പരോക്ഷമായും എന്നാല്‍ സൂക്ഷ്മമായും മനസ്സിലാക്കേണ്ട കാര്യം. അവള്‍ കാര്യങ്ങള്‍ തുറന്നു തന്നെ എല്ലാവരേയും അറിയിക്കുന്നു. അത് വായിക്കേണ്ടതിന്റെ ചുമതല മുതിര്‍ന്നവര്‍ക്കാണ്. അതു പലപ്പോഴും വായിക്കപ്പെടുന്നില്ല.

ഇവിടുത്തെ ഈ അഞ്ചാം ക്ലാസ്സുകാരിയുടെ മനസ്സ് ഊര്‍ജ്ജം കൊണ്ട് തുള്ളിച്ചാടുകയാണ്. ആ ഊര്‍ജ്ജത്തെ അവള്‍ക്ക് ഉപയോഗിക്കണം. അതുപയോഗിച്ചില്ലെങ്കില്‍ അവളനുഭവിക്കുന്നത് വിഷാദമാണ്. വിഷാദത്തെ അവള്‍ക്ക് സ്വീകരിക്കാന്‍ പറ്റുന്നില്ല. അതിനുളള പ്രായവുമല്ല.

മാത്രമല്ല വിഷാദത്തില്‍ നിന്നു കുതിച്ചു ചാടാനുള്ള ആവേശവും അവളില്‍ നില നില്‍ക്കുന്നു. ഒരു സെക്കന്‍ഡില്‍ അനേകം അതിവേഗദൃശ്യങ്ങള്‍ പ്രകടമാക്കുന്ന കാര്‍ട്ടൂണ്‍ കാണുമ്പോള്‍ അവള്‍ക്ക് ആസ്വാദനമാണ് . കാരണം അവളുടെ മസ്തിഷ്‌ക വ്യായാമത്തിനനുസരിച്ചുള്ള ദൃശ്യങ്ങള്‍ അവളെ സ്വസ്ഥയാക്കുന്നു.

അവള്‍ക്ക് പഠനം അത്ര സന്തോഷം നല്‍കുന്നില്ല. അതിനു കാരണം ഇത്രയും അധികച്ചുണയുള്ള കുട്ടിക്ക് അതിനോട് ചേര്‍ന്നുപോകുന്ന വിധമുള്ള സംഗതികള്‍ പഠിത്തവുമായി ബന്ധപ്പെട്ടുകിട്ടിയില്ലെങ്കില്‍ അവള്‍ക്ക് ബോറടിക്കും എന്നുള്ളത് പ്രത്യേക വിശകലനമൊന്നുമില്ലാതെ കണ്ടെത്താവുന്നതേ ഉളളു.

ഇങ്ങനെയുള്ള കുട്ടികളെ തളച്ചിടാന്‍ പറ്റുന്ന വിഷയമാണ് കണക്ക്. പക്ഷേ അവിടെയാണ് മറ്റൊരു കാതലായ വിഷയം കടന്നുവരുന്നത്. പഠിപ്പിക്കുന്ന അധ്യാപിക അല്ലെങ്കില്‍ അധ്യാപകന്‍ വളരെ പ്രധാനമാണ്. പഠിപ്പിക്കുന്നവര്‍ക്ക് ഈ കുട്ടിയുമായി ചങ്ങാത്തത്തിലേര്‍പ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ ആ വിഷയവും പഠിക്കില്ല. കാരണം ഇവരുടെ പ്രതികരണങ്ങല്‍ വേഗത്തിലാവും. ഒരു ടീച്ചറെ ഇഷ്ടമാണെന്നും അല്ലെന്നും നിശ്ചയിക്കുന്നത് നൊടിയിടകൊണ്ടായിരിക്കും. അതിനാല്‍ തന്നില്‍ ആകര്‍ഷകത്വം സൃഷ്ടിക്കാന്‍ കഴിയാത്ത ടീച്ചര്‍മാരെ ഇവര്‍ തിരസ്‌കരിക്കും. അതോടൊപ്പം അവര്‍ പഠിപ്പിക്കുന്ന വിഷയങ്ങളും. ഇവടെയും സംഭവിച്ചിരിക്കുന്നത് അതാണ്. ഇവള്‍ക്ക് കണക്കാണ് ഉള്ള വിഷയങ്ങളില്‍ അല്‍പ്പം കൗതുകപൂര്‍വ്വം പഠിക്കാറുള്ളത്. അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ നല്ല സാമര്‍ഥ്യവും കണക്കില്‍ പ്രകടമാക്കുന്നുണ്ട്. പക്ഷേ ടീച്ചറോട് പുള്ളിക്കാരത്തി യദ്ധത്തിലാണ്.

    ഈ അഞ്ചാം ക്ലാസ്സുകാരി ബ്രാന്‍ഡിനെ മനസ്സിലാക്കുന്നത് മതിര്‍ന്നവര്‍ മനസ്സിലാക്കുന്ന വിധമാകാന്‍ സാധ്യത കുറവാണ്. എന്നിരുന്നാലും ഒരു അന്തരാഷ്ട്ര ബ്രാന്‍ഡിനെ അവള്‍ അംഗീകിരിക്കുന്നു. ടെലിവിഷനില്‍ വരുന്ന പരസ്യത്തില്‍ നിന്നുള്ള പരിചയത്തിനേക്കാളുപരി അവരുടെ ക്ലാസ്സിലെ കുട്ടികള്‍ അവ ധരിച്ചുവരുന്നതിലൂടെയാണ് അവള്‍ അതിനെ അടുത്തറിയുന്നത്. തന്റെ കൂട്ടുകാരിക്കു കിട്ടുന്ന അംഗീകാരവും ശ്രദ്ധയും തനിക്ക് കിട്ടുന്നില്ല എന്ന വിചാരം ഈ അധികച്ചുണക്കാരിയെ പിടികൂടിയിരിക്കുന്നു. അതാണ് ടീച്ചര്‍മാരും വീട്ടുകാരും അവളുടെ ആഗ്രഹപ്രകടനങ്ങളില്‍ നിന്നും വായിച്ചെടുക്കേണ്ട സന്ദേശം. ഈ പ്രായത്തില്‍ ക്രമേണ ആ തോന്നലില്‍ നിന്നും അവളെ പുറത്തുകൊണ്ടുവരാന്‍ വര്‍ത്തമാനകാല സാഹചര്യത്തില്‍ അധ്യാപകരെക്കാള്‍ കൂടുതല്‍ അവസരം മാതാപിതാക്കള്‍ക്കാണ്.

അവള്‍ ആവശ്യപ്പെടാതെ ഒന്നുരണ്ട് നല്ല ബ്രാന്‍ഡുല്‍പ്പന്നങ്ങളും പുറത്തുപോക്കും ചില സിനിമാകാണിക്കലും അവള്‍ ആവശ്യപ്പെടുന്ന ചില കാര്യങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ച് നടത്തിക്കൊടുക്കുകയുമൊക്കെ ചെയ്യുകയാണെങ്കില്‍ അവളുടെ ഉള്ളില്‍ സ്വരൂപിച്ച് ഉറപ്പിക്കാന്‍ തുടങ്ങിയിട്ടുള്ള അഭിപ്രായം ഉറക്കാതെയോ ഉറച്ചതിനെ ഇളക്കാനോ സഹായിക്കും.

ആ ചിന്ത മാറുന്നതോടെ അവള്‍ ആ ചിന്തകളുടെ പിടിയില്‍ നിന്ന് സ്വതന്ത്രയാകും. അവള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തില്‍ അവളുടെ സര്‍ഗ്ഗാത്മകത സ്വാഭാവികമായി പുറത്തേക്ക് തല നീട്ടും. അവള്‍ സ്വാതന്ത്ര്യമനുഭവിക്കുന്നതിനാല്‍ അവള്‍ക്ക് അവളുടെ മാതാപിതാക്കളുമായുള്ള സംവേദനം വര്‍ധിക്കും. അതിലൂടെ വെറും ശ്രദ്ധിയിലൂടെ തന്നെ അവളുടെ സവിശേഷ കഴിവുകളും താല്‍പ്പര്യങ്ങളും അനായാസം അറിയാന്‍ കഴിയും. ഈ സമീപനം ഇവരെ പരസ്പരം അടുപ്പിച്ച് സാമീപ്യം പോലും വര്‍ധിപ്പിക്കും. അവളടെ സര്‍ഗ്ഗാത്മകത പുറത്തുവരുമ്പോള്‍ അത് പ്രയോജനപ്പെടുന്നത് സമൂഹത്തിനാണ്. മാതാപിതാക്കള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സാമൂഹ്യസേവനവും ഇവിടെയാണ്. ഇതൊക്കെ ചെയ്യുന്നത് അവളെ തൃപ്തിപ്പെടുത്താനാണെന്ന രീതിയില്‍ ചെയ്യാന്‍ പാടുള്ളതുമല്ല. തങ്ങളുടെ സന്തോഷത്തിനായി സ്വമേധയാ ചെയ്യുന്നതായിരിക്കണം. അങ്ങിനെ തന്നെ വേണം താനും. കാരണം തന്റെ കുട്ടിയെ വിഷാദത്തില്‍ നിന്നും കരകയറ്റാന്‍ സഹായിക്കുന്ന  പ്രക്രീയയില്‍ സ്‌നേഹപൂര്‍വ്വം ഏര്‍പ്പെടുകയാണ് എന്ന ബോധത്തോടെയാവണം ഇവ ചെയ്യേണ്ടത്. കാരണം കുറച്ച് സ്‌നേഹക്കുറവ് ഈ കുട്ടി അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. അത് അവള്‍ക്ക് മനസ്സിലാകുന്ന വിധം അവളുടെ ഭാഷയില്‍ സംസാരിക്കുന്നു എന്ന അറിവ് ഉള്ളില്‍ ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്. മറിച്ച് സാധനങ്ങല്‍ വാങ്ങിക്കൊടുത്ത് അവളെ സന്തോഷിപ്പിക്കാം എന്നുള്ള നിലയ്ക്കായാല്‍ അത് വെളുക്കാന്‍ തേച്ചത് പണ്ടാവുക മാത്രമല്ല പുണ്ണാവുന്നതിന് തുല്യമാകും. ഈ അഞ്ചാം ക്ലാസ്സുകാരിക്ക് സ്‌നേഹം നന്നായി കിട്ടുന്നു എന്ന ബോധ്യം ഉള്ളില്‍ വന്നുകഴിഞ്ഞാല്‍ പിന്നെ  പ്രശ്‌നമൊന്നുമില്ല. അവിടെ അവളുടെ അധികച്ചുണ സര്‍ഗ്ഗാത്മകതയിലേക്ക് തിരിഞ്ഞുകൊള്ളും. അവള്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചെന്നിരിക്കും.കാരണം ഊര്‍ജ്ജം ഉണ്ടെങ്കില്‍ മാത്രമേ അത് തിരിച്ചുവിടാന്‍ പറ്റുകയുള്ളു. അതിവള്‍ക്ക് യഥേഷ്ടമുണ്ട്. അതിന്റെ സര്‍ഗ്ഗാത്മക വഴി തേടലും കൂടിയാണ് അവള്‍ പ്രകടമാക്കുന്ന ചോദ്യം ചെയ്യലും മറ്റുള്ളവരെ പോലെ തനിക്കുമായി സ്‌നേഹവും അംഗീകാരവും നേടണമെന്ന ചിന്തയും അവളിലുറച്ചിരിക്കുന്നത്. അവളുടെ സര്‍ഗ്ഗാത്മകത എവിടെയാണെന്നു കണ്ടെത്തി അതിലേക്കു തിരിച്ചുവിടാന്‍ കഴിഞ്ഞാലും അവള്‍ സന്തോഷവതിയായിക്കൊള്ളും. അതിനും മാതാതപിതാക്കള്‍ അവളെ സസൂക്ഷ്മം വായിക്കാന്‍ തയ്യാറായേ പറ്റൂ. അവരും ഇവിടെ മറ്റുള്ളവരെപ്പോലെ തങ്ങളും എന്ന പാതയിലൂടെ നീങ്ങുന്നതാണ് പ്രശ്‌നം. അതറിയണമെങ്കില്‍ അവളിലൂടെ വരുന്ന ചോദ്യങ്ങള്‍ ഏറ്റെടുത്ത് അവളെ വെറും കുട്ടി എന്ന് കാണാതെ ചോദ്യങ്ങളെ കാണാന്‍ തയ്യാറാകണം.

ബ്രാന്‍ഡ് എന്നു പറയുന്നത് അവളെ സംബന്ധിച്ച് വെറും പത്രാസ്സിന്റെ അംഗീകാരമാണ്. അതിനാല്‍ അതു സംഘടിപ്പിച്ച് അതിന്റെ അംഗീകാരം തന്നിലേക്ക് ആവാഹിച്ച് സ്വയം അംഗീകരിക്കപ്പെടാനുള്ള എളിയ ശ്രമമാണ് അവള്‍ നടത്തുന്നത്. അവള്‍ സംവാദത്തിന് തയ്യാറാണ്. ഉത്തരം അറിയാനുള്ള ധൈര്യമുള്ള മനസ്സ്  കൗതുകം കൊണ്ട് അന്വേഷണത്വര കൊണ്ടും വെമ്പുകയാണ്. അതാണ് അവളുടെ ആവശ്യം ആ ആവശ്യം നിറവേറ്റലാണ് അവള്‍ക്ക് വേണ്ടത്. അത് കണ്ടെത്തി തന്നെ സ്വയം സമാധാനിപ്പിക്കാന്‍ അവള്‍ക്ക് കഴിയില്ലെങ്കില്‍ പാവം പെണ്‍കുട്ടിയും മറ്റുള്ളവരെ പോലെ താനും ആയി അവര്‍ക്കു കിട്ടുന്ന അംഗീകാരവും സ്‌നേഹവും സമ്പാദിച്ച് സ്വയം സന്തോഷിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കും. അവള്‍ക്ക് ബാല്യത്തില്‍ ഈ സഹായം ലഭിച്ചില്ലെങ്കില്‍ ഈ വഴി അവളുടെ ജീവതത്തിലുടനീളം അവള്‍ സ്വീകരിക്കും. അത് അവളുടേയും മററുളളവരുടേയും ജീവിതത്തെ അസുഖകരമാക്കുകയും ചെയ്യും.

Tags: