ഷാഴാ ഗൗരിയുടെ ഗൗരവം

Glint Guru
Fri, 05-07-2013 05:30:00 PM ;

സി.ബി.എസ്.സി പത്താം തരത്തില്‍ എല്ലാ വിഷയത്തിലും എ ഗ്രേഡ് വാങ്ങി പതിനൊന്നാം തരത്തിലെത്തിയ ഗൗരി. ഗൗരി എപ്പോഴും ചിരിച്ചുകൊണ്ടേ നടക്കൂ. എന്നുവെച്ചാല്‍ പൊട്ടിച്ചിരിയല്ല. ചിരിച്ച മുഖം. സംസാരിക്കുമ്പോൾ ചിരിയും സംഭാഷണവും ഒന്നിച്ച്. അതുകാരണം ഗൗരിയുടെ സംഭാഷണത്തില്‍ അനവസരത്തില്‍ ഷയും ഴയും കൂടുതല്‍. പിന്നോഫോമില്‍ നിന്ന്‍ ചുരിദാർ യൂണിഫോമിലേക്കു കൂടുമാറിയതിന്റെ പുതുമയില്‍ നിന്ന്‍ ഗൗരി മുക്തയുമായിട്ടില്ല. ഗൗരിയുടെ ഷഴ സംഭാഷണത്തില്‍ പിടിച്ചാണ് സഹപാഠികളായ ആണ്‍കേസരികൾ ഗൗരിയെ അവസരം കിട്ടുമ്പോഴെല്ലാം വാരിക്കൊണ്ടിരിക്കുന്നതും. അതനുസരിച്ച് ഗൗരിയുടെ ഷഴ കൂടുകയും ചെയ്യും. ഗൗരിയെ ചിരിക്കാതെ കണ്ടാല്‍ സഹപാഠികൾക്ക് വിഷമമാണ്. വളരെ നല്ല സൗഹൃദമാണ് ഗൗരിയും  സഹപാഠികളും തമ്മില്‍. എല്ലാ പാഠ്യേതര പ്രവർത്തനങ്ങൾക്കും ഗൗരി ഇവർക്കൊപ്പമുണ്ടാകും. സംഘസ്വഭാവവും (Team Spirit) ഗൗരിയുടെ സ്വഭാവസവിശേഷതയാണ്. ഷഴയുടെ പേരില്‍ ഗൗരിക്ക് ഉച്ചാരണപ്രശ്‌നമൊന്നുമില്ല. നല്ല സുന്ദരമായി മലയാളവും ഇംഗ്ലീഷും ഹിന്ദിയുമൊക്കെ ഉച്ചരിക്കുകയും പൊതുവേദികളില്‍ അവതരിപ്പിക്കുകയും ചെയ്യും.

 

 

ചിരിക്കുമ്പോൾ ചിന്തിക്കുക സാധ്യമല്ല. ചിരിക്കുമ്പോൾ ചിന്ത അപ്രത്യക്ഷമാകും. അതുകൊണ്ടാണ് ചിരി ഒരു മെഡിറ്റേഷൻ അഥവാ ധ്യാനമാണെന്ന്‍ പറയുന്നത്. ചിലരില്‍ ഒരു ചെറുചരി എപ്പോഴും കാണാം. അതൊരു നല്ല ലക്ഷണം തന്നെയണ്. ഗൗരിയിലേക്കു വരാം. ചിരിക്കുടുക്കയായ ഗൗരി ക്ലാസ്സ് നടക്കുന്ന വേളയിലും ക്ലാസ്സിലെ ഗൗരവാന്തരീക്ഷത്തിന് മാറ്റം വരുത്തുന്നതില്‍ നല്ലൊരു പങ്ക് വഹിക്കാറുണ്ട്. ഒരു ദിവസം ഗൗരി കെമിസ്ട്രി ക്ലാസ്സില്‍ ഗൗരി ഗൗരവക്കാരിയായി. ഇടയ്ക്കിടെ ടീച്ചർ ഗൗരിയെ നോക്കിക്കൊണ്ടുമിരുന്നു. ഗൗരിയുടെ മുഖത്ത് ചിരിയുണ്ടായില്ലെന്ന്‍ മാത്രമല്ല അന്നത്തെ ക്ലാസ്സ് മറ്റു കുട്ടികൾക്കുപോലും വേണ്ടവിധം ശ്രദ്ധിക്കാനായില്ല. കാരണം ശ്രദ്ധമുഴുവൻ ഗൗരിയുടെ ഗൗരവത്തിലായിപ്പോയി. ക്ലാസ്സ് തീർന്നപ്പോൾ മിസ്സ് ഗൗരിയെ ഒന്നു നോക്കി ചെറുപുഞ്ചിരിയോടെ പോകുന്നേരം വിരുതന്മാരായ ഗൗരിസ്‌നേഹിതന്മാർ മിസ്സിന്റെ സാന്നിദ്ധ്യത്തില്‍ ചോദിച്ചു, ഗൗരിക്കെന്തുപറ്റിയെന്ന്‍. അതിനുത്തരം ടീച്ചറില്‍ നിന്നാണ് വന്നത്. ഗൗരി ഇനി അങ്ങിനെയിരുന്നാല്‍ മതി. കളിയും ചിരിയുമൊക്കെ പന്ത്രണ്ട് കഴിഞ്ഞു മതി.

 

ടീച്ചർ ക്ലാസ്സില്‍ നിന്ന്‍ പോയതും ഗൗരി വീണ്ടും ഷഴയിലായി. എന്നിട്ട് ഗൗരി ചരിത്രം വിശദീകരിച്ചു. ഗൗരിയുടെ ജ്യേഷ്ഠന് ഐ.ഐ.ടി യില്‍ ഇഷ്ടമുള്ള വിഷയം പഠിക്കാൻ ഉതകുന്ന വിധം നല്ല റാങ്കു കിട്ടി. അതിനുശേഷം ചേട്ടൻ ടീച്ചറെ കാണാൻ വന്നു. ടീച്ചർക്ക് പെരുത്ത സന്തോഷം. അയാളോടുള്ള സന്തോഷം കൂടുതല്‍ അയാളെ ബോധ്യപ്പെടുത്താൻ കൂടിയാവണം ടീച്ചർ ഗൗരിയുടെ കാര്യത്തിലുള്ള ഉത്കണ്ഠ അയാളുടെയടുത്ത് പറഞ്ഞത്. ഗൗരിയും ജെ.ഇ.ഇ എൻട്രൻസ് കിട്ടേണ്ട കുട്ടിയാണ്. പക്ഷേ ഇപ്പോൾ അവൾ ഉഴപ്പുന്നതായാണ് ടീച്ചറുടെ വിലയിരുത്തല്‍. അതിനുള്ള തെളിവായാണ് ഗൗരി സദാസമയവും ചിരിയുമായി നടക്കുകയാണെന്നും ചിരിയും കളിയുമൊക്കെ ഇത്തിരി കൂടുന്നുവെന്നുമൊക്കെ ടീച്ചർ ചേട്ടനോട് തട്ടിവിട്ടത്. ഐ.ഐ.ടി ചേട്ടൻ അതു കേട്ടമാത്ര വിഷയം വീട്ടില്‍ ചെന്ന്‍ അമ്മയെ ധരിപ്പിച്ചു. അന്ന്‍ സ്‌കൂൾ കഴിഞ്ഞ് ഗൗരി വീട്ടിലെത്തിയപ്പോൾ അമ്മ ഗൗരിയെ ശരിക്കും,  ഗൗരിയുടെ ഭാഷയില്‍ പറഞ്ഞാല്‍, ഫ്രൈ ചെയ്തു. ചിരിക്കുടുക്കയായ ഗൗരിയെ കരയിപ്പിച്ച് കുഴപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീക്കി. മകളെക്കുറിച്ച് തക്ക സമയത്ത് വളരെ വിലപ്പെട്ട വിവരം നല്‍കിയതിന് ടീച്ചറോട് വിളിച്ച് നന്ദി പറയാനും അമ്മ മറന്നില്ല. ഒരു പ്രത്യേക ശ്രദ്ധ അവളുടെ കാര്യത്തില്‍ വേണമെന്നും അമ്മ ടീച്ചറോട് അഭ്യർഥിക്കുകയുണ്ടായി. അവളുടെ കാര്യം താനേറ്റുവെന്ന്‍ ടീച്ചർ അമ്മയ്ക്ക് ഉറപ്പു നല്‍കുകകയും ചെയ്തു. പിന്നെ ഗൗരിക്കെങ്ങനെ ചിരിക്കുന്ന മുഖത്തോടെ ക്ലാസ്സിലിരിക്കാൻ പറ്റും?

 

ചിരിക്കുമ്പോൾ ചിരി മാത്രമേ സംഭവിക്കുകയുള്ളു. എന്നാല്‍ സന്തോഷമായി ഇരിക്കുന്നതിനെത്തുടർന്ന്‍ ഒരു ചെറുചിരി വരാം. അത് വളരെ നല്ലതാണ്. മനസ്സ് വേറെങ്ങും പറന്നു നടക്കാതെ അന്നേരം അവിടെത്തന്നെയുണ്ടെങ്കില്‍ മാത്രമേ ചിരിയുണ്ടാവുകയുള്ളു. അതാണ് ചിരി സിദ്ധൗഷധമാണെന്ന്‍ പറയുന്നതും. ഇവിടെ ചിരിക്കുന്ന ഭാവത്തില്‍ ഇടപഴകുന്നതാണ് ഗൗരിയുടെ സന്തോഷം. ഈ കളിയും ചിരിയും വിടാതെ തന്നെയാണ് എല്ലാ പരിപാടികളിലും പങ്കെടുത്തുകൊണ്ട് പഠനത്തിലും ഇതുവരെ ഗൗരി മികവു കാട്ടിയത്. ഗൗരിയുടെ ശക്തിയും അവിടെയാണ്. ഗൗരി ഗൗരവത്തിലേക്കു നീങ്ങിയാല്‍ അപകടമാണ്. ഒരുപക്ഷേ, ഗൗരിയുടെ മികവിനെപ്പോലും ബാധിച്ചെന്നിരിക്കും. ഗൗരി ക്ലാസ്സിലിരിക്കുമ്പോൾ ശ്രദ്ധ ടീച്ചർ പഠിപ്പിക്കുന്നതിലാവില്ല. തന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍, അറിയാതെ സ്ഥായീഭാവം പുറത്തുവന്നാല്‍, അത് അമ്മയറിയും. അമ്മയറിഞ്ഞാല്‍ ആകെ പ്രശ്‌നം. തന്നെ നിരീക്ഷണം നടത്തുന്ന വ്യക്തിയായിരിക്കും കെമിസ്ട്രിക്ലാസ്സില്‍ ടീച്ചർ. ക്ലാസ്സ് സമയത്ത് ശ്രദ്ധ പൂർണമായി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീട്ടില്‍ ചെന്ന്‍ കെമിസ്ട്രി പഠിക്കാൻ തുടങ്ങുമ്പോൾ തെളിഞ്ഞുവരാത്ത ഭാഗങ്ങളുണ്ടാവും. അതവൾക്ക് ബുദ്ധിമുട്ടാകും. ചിലപ്പോൾ ക്ലാസ്സ് ടെസ്റ്റില്‍ മാർക്ക് കുറഞ്ഞെന്നിരിക്കാം. അതിന്റെ കാരണം ടീച്ചറും അമ്മയും ഒന്നിച്ച് തിരഞ്ഞ് കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചെന്നിരിക്കും. എന്തുപറ്റി ഗൗരിക്ക് എന്ന്‍ ടീച്ചർ തന്നെ ഗൗരിയുടെ അടുത്ത് ചോദിച്ചെന്നിരിക്കും. ഗൗരിക്കും തോന്നാം തനിക്ക് എന്തോ പറ്റുന്നുവെന്ന്‍. മാർക്കു കുറയുകയും പഴയതുപോലെ ക്ലാസ്സില്‍ മികവുകാട്ടാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ ആ തോന്നല്‍ ഗൗരിയുടെ ചിരി മായ്ച്ചുകളഞ്ഞെന്നിരിക്കും. ആ ചിരി മാഞ്ഞാല്‍ അവൾ വിഷാദത്തിന്റെ പടികളിലേക്കായിരിക്കും ഇറങ്ങുക. ഇത് പഠനത്തില്‍ താല്‍പ്പര്യം ഇല്ലാതാവാൻ കാരണമാകും. അതു മറ്റു വിഷയങ്ങളുടെ പഠനത്തിലും പ്രതിഫലിക്കും. ഗൗരി ആന്തരിക സംഘട്ടനത്തിലേർപ്പെട്ടെന്നിരിക്കും. അപ്പോൾ ചിലപ്പോൾ ഈ മിസ്സ് തന്നെ ആത്മാർഥമായി ഗൗരിയെ ഏതു വിധേനെയും സഹായിക്കാൻ മുന്നോട്ടു വന്നെന്നിരിക്കും. അപ്പോൾ ടീച്ചറും ഗൗരിയും അറിയുന്നുണ്ടാവില്ല എന്താണ് ഇങ്ങനെയൊക്കെ വരാനുണ്ടായ കാരണമെന്ന്‍. ഈ ഘട്ടത്തില്‍ മകളുടെ അവസ്ഥ കണ്ട് അമ്മയും അലിയും. പക്ഷേ, അമ്മ അവളെ മനസ്സിലാക്കുന്നില്ല എന്ന ബോധം ഗൗരിപോലുമറിയാതെ ഗൗരിയുടെ ഉള്ളില്‍ ഉറഞ്ഞിട്ടിട്ടുണ്ടാകും. തന്റെ ചിരി ഇല്ലാതാക്കിയതില്‍ മുഖ്യ കാരണക്കാരി എന്നായിരിക്കും തന്റെ പ്രിയപ്പെട്ട അമ്മയെക്കുറിച്ചുള്ള അവളുടെ ഉപബോധമനസ്സിലെ ആലേഖനം. ചിരിയില്ലാതാക്കിയെന്നാല്‍ സന്തോഷം കെടുത്തിയെന്ന്‍. അത് അമ്മയുമായി ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് തർക്കുത്തരം പറയുന്ന ശീലത്തിലേക്കും ഗൗരിയെ പിന്നീട് കൊണ്ടുപോയാല്‍ അത്ഭുതപ്പെടാനില്ല. വളരെ സന്തോഷവതിയായ ഒരു യുവതി ജീവിതത്തില്‍ എല്ലാനിലയിലും പ്രശോഭിക്കുവാൻ അവസരമുണ്ടായിരുന്നതാണ് ഇവിടെ കെടുത്തപ്പെടുക. ഒപ്പം വളരെയധികം വിപരീതാത്മകതയും വിദ്വേഷവും അകാരണമായി ദേഷ്യപ്പെടുകയുമൊക്കെ ചെയ്യുന്ന സ്വഭാവക്കാരിയായി മാറിയെന്നിരിക്കും. അതവളുടെ കുടുംബജീവിതത്തിന്റ സുഗമഗതിയെപ്പോലും ബാധിക്കും.

 

ഗൗരിയുടെ സ്ഥായീഭാവം ചിരിയാണ്. അതായത് പ്രസന്നവതിയാണ്. കൂട്ടുകാരുടെയടുത്തെത്തുമ്പോൾ വല്ലാതെ സന്തോഷം അനുഭവപ്പെടുന്നു. ആ സന്തോഷത്തില്‍ മുഴുകി പറയുന്ന കാര്യങ്ങളുടെ ചിന്തയിലേക്ക് ശ്രദ്ധ പോകുന്നതുകൊണ്ടാണ് ഷഴ ഇടയ്ക്ക് വരുന്നത്. ഇവിടെ ഇവളുടെ ചിരിഭാവത്തെ നിലനിർത്തിക്കൊണ്ട് ആ ഉന്മേഷത്തില്‍ ചിരി കളയാതെ തന്നെ ഉച്ചാരണത്തില്‍ ശ്രദ്ധിപ്പിച്ചാല്‍ വളരെ എളുപ്പം ഷഴ മാറിക്കിട്ടും. അതിന് സ്‌നേഹപൂർവമായ ചിരികളിരൂപത്തിലുള്ള ഇടപെടലും ചില്ലറ ഓർമ്മിപ്പിക്കലും ഉണ്ടായാല്‍ മതി. അങ്ങനെ വരുമ്പോൾ അവൾ പറയുന്നതില്‍ ശ്രദ്ധിച്ചുതുടങ്ങും. പറയുന്നതില്‍ ശ്രദ്ധിച്ചാല്‍ ഷായും ഴായും ഉണ്ടാവില്ല. മാത്രമല്ല, അവളിലെ സ്ഥായീഭാവമായ ചിരി കൂടുതല്‍ ഊർജസ്വലമായി മറ്റുള്ളവരിലേക്ക് ഊർജം പകരുന്നതായി മാറും. സംഘാടകശേഷിയും സംഘപെരുമാറ്റഗുണവും ഗൗരിക്കുള്ളതിനാല്‍ അവൾക്ക് എത്താവുന്ന മേഖലകൾ അനന്തമാണ്. സമൂഹത്തിന് അവൾ വലിയൊരു സാന്നിദ്ധ്യവും മുതല്‍ക്കൂട്ടുമാവും. നൂറുപേരുടെയിടയില്‍ ഇത്തരത്തിലുള്ള ഒരാളുണ്ടായാല്‍ മതി. മുഴുവൻ അന്തരീക്ഷത്തേയും ഇവർക്ക് ക്രിയാത്മകമായി സ്വാധീനിക്കാൻ കഴിയും. 2013 ലെ ഐ.എ.എസ്സ് ടോപ്പറായ ഹരിതയെ ശ്രദ്ധിച്ചാലും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. ഹരിതയും ചിരിയോടെയാണ് സംസാരിക്കുന്നത്. അവർ ചെയ്യുന്നതെന്തിലും സന്തോഷം കണ്ടെത്തുന്നു. ഹരിതയെ ടോപ്പറാക്കുന്നതില്‍ സ്ഥായീഭാവമായ ആ ചിരി തന്നെയാണ് സഹായിച്ചിട്ടുള്ളത്. ആ ഊർജം നൈസർഗികമായി പ്രവഹിച്ചത് അവരെ അഭിമുഖം നടത്തിയവർക്ക് അനുഭവപ്പെട്ടു.

 

മിസ്സുമാരും അമ്മമാരും വാക്കുകളും ശകാരങ്ങളും നടത്തുമ്പോൾ ശ്രദ്ധയുണ്ടാകേണ്ടത് അങ്ങേയറ്റം സാമൂഹികവുമായ ഒരാവശ്യമാണ്. മന:പൂർവമല്ല അമ്മയും ടീച്ചറും ഇങ്ങനെ പെരുമാറുന്നത്. അവർ കരുതുന്നത് അവർക്ക് സ്‌നേഹമുള്ളതുകൊണ്ടാണ് അങ്ങിനെയൊക്കെ ശ്രമിക്കുന്നതെന്നാണ്. അത് ശരിയുമാണ്. എന്നിരുന്നാലും മകൾ വേറൊരു വ്യക്തിയാണ്. ഈ ഭൂമണ്ഡലത്തില്‍ അവളേപ്പോലെ അവൾ മാത്രമേ ഉള്ളു. ആ പ്രത്യകത മനസ്സിലാക്കാനുള്ള ഉത്തരവാദിത്വത്തിലേക്ക് അമ്മയും അച്ഛനും അദ്ധ്യാപകരും ഉയരേണ്ട സമയത്ത് ഉയരാൻ കഴിയണം.

Tags: