ഫാഷൻ പ്രവചനങ്ങൾ

ഷാജൻ സി കുമാർ
Sunday, June 2, 2013 - 2:52pm


സൗന്ദര്യം, അതിന്റെ പരിപാലനം എന്നിവ ജീവിത വിജയത്തിന് അത്യന്താപേക്ഷിതമെന്നു തിരിച്ചറിയാൻ ആര്‍ക്കാണ് കഴിയാത്തത്? സൗന്ദര്യം മനുഷ്യന്‌ പ്രകൃതിയുടെ വരദാനമാണ്. മനുഷ്യന്റെ വ്യക്തിത്വത്തെ അത് വളരെ ഏറെ സ്വധീനിക്കുന്നും ഉണ്ട്. നല്ല വസ്ത്രങ്ങൾ ധരിക്കുകയും നന്നായി അണിഞ്ഞൊരുകുകയും ചെയ്യുമ്പോള്‍ നമുക്കെല്ലാം തികഞ്ഞ ആത്മധൈര്യം കൈവരുന്നു. അതുകൊണ്ട് തന്നെ, ഫാഷൻ രംഗത്തെ പുതിയ പ്രവണതകളെ കുറിച്ച് അറിയാൻ എല്ലാവര്‍ക്കും താല്‍പ്പര്യം ഉണ്ടെന്നു കരുതട്ടെ.

 

ഇവിടെ നിങ്ങൾ വായിക്കാൻ പോകുന്നത് പ്രവചനങ്ങൾ മാത്രമാണ്. ലോകത്തെ മുഴുവൻ ഫാഷൻ പ്രവണതകളെ പഠിക്കുകയും വിശ്ലേഷണം ചെയ്യുകയും ചെയ്ത ശേഷം നമ്മുടെ ദേശത്ത് അതിന്റെ സ്വാധീനം എത്രത്തോളം ഉണ്ടെന്ന്‍ വിലയിരുത്തി വരാനിരിക്കുന്ന കാലത്തെ പ്രവണതകളെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയുന്നത്.

 

ദില്ലിയിൽ വേനലിന് കാഠിന്യം ഏറിവരികയാണ്. കേരളത്തിലാണെങ്കിലോ മഴക്കാലം വന്നെത്തിയിരിക്കുന്നു! കാലാവസ്ഥകളിലെ മാറ്റങ്ങൾ ആണ് ഫാഷൻ പ്രവണതകളെ നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത്. ദില്ലിയിലെ മെട്രോ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ നിങ്ങൾ കൂടുതലും കാണുന്ന കാഴ്ച ഇതായിരിക്കും. യുവാക്കള്‍ ഡെനിം ടി ഷർട്ട്‌, ഹാഫ് ട്രൌസേഴ്സിലും യുവതികൾ കോട്ടൻ ടോപ്സ്, മിഡീസിലും ആയിരിക്കും. ഫോര്‍മല്‍സ് ധരിക്കുന്നവർ കൂടുതലായും എക്സിക്യൂട്ടീവ് കോട്ടൻ ഉപയോഗിക്കുന്നു. 

 

അടുത്ത ഒരു മാസത്തേക്ക് ദില്ലിയിലെ ഫാഷൻ ശൈലികൾ ചൂടിനെ അതിജീവിക്കാൻ ആളുകളെ പ്രാപ്തരാക്കുന്ന തരത്തിൽ ആയിരിക്കും. തികച്ചും അയഞ്ഞ സൈസ് വസ്ത്രങ്ങള്‍ക്ക് പ്രിയം ഏറും. കോട്ടൻ, ഡെനിം, ഖാദി വസ്ത്രങ്ങളിൽ പരീക്ഷങ്ങൾ നടത്താൻ ഫാഷൻ  ഡിസൈനർമാര് തിരക്കുകൂട്ടുകയാണ്. ഇളം പച്ച (വാഴ കൂമ്പിന്റെ നിറം), ഇളം പിങ്ക്, ബൈജ്, ആകാശ നീല തുടങ്ങിയ നിറങ്ങൾ ആളുകളെ ഏറെ ആകര്‍ഷിക്കും.

 

കറുപ്പും വെളുപ്പും ഏതു കാലാവസ്ഥക്കും ചേരുന്ന നിറങ്ങള്‍ ആണ്. വെള്ളയിൽ ചെറിയ കറുത്ത പുള്ളികൾ പ്രിന്റിൽ പ്രചാരം നേടും. ചൂടിന്റെ കാഠിന്യം ഏറുമ്പോൾ പെണ്‍കുട്ടികള്‍ സ്കാര്‍ഫ് ഉപയോഗിക്കാൻ തുടങ്ങും. കടും നിറങ്ങളിൽ ഉള്ള സ്കാര്‍ഫുകള്‍ ആണ് പ്രചാരം നേടുക. ചുകപ്പ്, പച്ച, മഞ്ഞ, നീല പ്രിന്റെഡ്‌ സ്കാര്‍ഫുകളും ഉപയോഗത്തിൽ വരും.

 

മലയാളിയുടെ വസ്ത്രധാരണ സങ്കല്പങ്ങൾ എന്നും എളിമയിൽ ഊന്നിയാണ് നിന്നിടുള്ളത്. പക്ഷെ പുതിയ തലമുറ പരീക്ഷണങ്ങള്‍ക്ക് ഒരുക്കവും ആണ്. ഓറഞ്ച്, ഇളം നീല, ബൈജ്, ഇഷ്ടിക ചുവപ്പ്, പച്ച എന്നീ നിറങ്ങൾ ആളുകള് കൂടുതലായി ഉപയോഗിക്കാൻ തുടങ്ങും.  ഫിറ്റ്‌ സൈസ് വസ്ത്രങ്ങള്‍ക്ക് പ്രിയം ഏറും.

 

സാരി മലയാളി യുവതികളുടെ പ്രിയപ്പെട്ട വസ്ത്രമായി തന്നെ തുടരും. പക്ഷെ അതു ഉടുക്കുന്ന രീതികളിൽ പരീക്ഷങ്ങൾ വന്നു തുടങ്ങും. ചുരിദാർ പെണ്‍കുട്ടികള്‍ക്ക് മടുക്കാൻ തുടങ്ങിയിരിക്കുന്നു. മിനി, ജീൻസ് തുടങ്ങിയവ പരീക്ഷിക്കപ്പെട്ട് തുടങ്ങി.

 

മഴക്കാലം കുടകൾ തിരഞ്ഞെടുക്കാനുള്ള സമയം ആണ്. വലിപ്പം കുറഞ്ഞ കറുത്ത കുടകള്‍ക്ക് പ്രിയം ഏറും. വർണ്ണ കുടകൾ കുട്ടികളും വാങ്ങിക്കൂട്ടും.

 

 

ന്യൂഡല്‍ഹിക്കടുത്ത് ഗുഡ്ഗാവിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്പരെൽ മാനേജ്‌മെന്റില്‍  അസ്സോസിയെറ്റ് പ്രൊഫസർ ആണ് ഷാജൻ സി കുമാർ. ഫാഷന്‍ രംഗത്തെ ഭാവി പ്രവണതകള്‍ ഈ പംക്തിയില്‍ അദ്ദേഹം വിലയിരുത്തും.  

Tags: