Skip to main content

ഫഹദ് ഫാസിലും നിമിഷാ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. ഖദര്‍ ധരിച്ച് ഒരു രാഷ്ട്രീയക്കാരന്റെ സ്റ്റൈലിലാണ് ഫഹദ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സുലൈമാന്‍ എന്ന കഥാപാത്രമായി ഫഹദ് ഫാസില്‍ എത്തുന്ന ചിത്രത്തില്‍ 20 വയസ് മുതല്‍ 57 വയസ് വരെയുള്ള നാല് കാലഘട്ടങ്ങളാണ് കാണിക്കുന്നത്. തീരദേശ ജനതയുടെ നായകനായിട്ടാണ് ഫഹദ് അഭിനയിക്കുന്നത്. 

27 കോടിയോളം മുതല്‍മുടക്കിലൊരുങ്ങുന്ന ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം ഫഹദ് കുറച്ചിരുന്നു. 

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ചന്ദുനാഥ് പഴയകാല സൂപ്പര്‍ സ്റ്റാര്‍ നായിക ജലജ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 

സാനു ജോണ്‍ വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുഷിന്‍ ശ്യാമാണ് സംഗീതം. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ലീ വിറ്റേക്കാണ് ചിത്രത്തിന്റെ സംഘട്ടനം. ഏപ്രില്‍ ആദ്യവാരം ചിത്രം തീയേറ്ററുകളിലെത്തും.