
സംവിധായകന്‍ വി.കെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന വാങ്ക് എന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. കുറഞ്ഞ സമയം കൊണ്ട് തന്നെ യൂടൂബ് ട്രെന്റിംഗില്‍ 21-ാം സ്ഥാനത്താണ് ട്രയിലര്‍ ഇടം നേടിയിരിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ അനശ്വര രാജനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയാണ് സിനിമയാകുന്നത്.
വാങ്ക് വിളിക്കണമെന്ന ആഗ്രഹത്തോടെ കുട്ടിക്കാലം മുതല്‍ ജീവിക്കുന്ന റസിയ എന്ന അനശ്വര രാജന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതമാണ് വാങ്ക് പറയുന്നത്. ഈ ആഗ്രഹം പുറത്തറിയുന്നതോടെ അത് റസിയയുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളും സംഘര്‍ഷങ്ങളുമാണ് സിനിമ കൈകാര്യം ചെയ്യുന്നത് എന്നാണ് ട്രയിലറില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ഉണ്ണി ആറിന്റെ കഥയ്ക്ക് ഷബ്‌ന മുഹമ്മദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനീത്, നന്ദന വര്‍ണ, ഗോപിക, മീനാക്ഷി, മേജര്‍ രവി, ജോയ് മാത്യൂസ്, തെസ്‌നി ഖാന്‍, പ്രകാശ് ബാരെ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സെവന്‍ ജെ ഫിലിംസിന്റെയും ഷിമോഗ ക്രിയേഷന്‍സിന്റെയും ബാനറില്‍ സിറാജുദീനും ഷബീര്‍ പഠാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഔസേപ്പച്ചന്റെ ഗാനങ്ങള്‍ക്ക് തിരക്കഥാകൃത്ത് പി.എസ് റഫീക്ക് വരികള്‍ എഴുതിയിരിക്കുന്നു. വി.കെ പ്രകാശാണ് ചിത്രത്തിന്റെ ക്രയേറ്റീവ് ഡയറക്ടര്‍.
