
ആസിഫ് അലി ചിത്രം കുഞ്ഞെല്‍ദോയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ആര്‍.ജെ മാത്തുക്കുട്ടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. മനസ്സു നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. ശ്രീരാമ വേഷത്തിലാണ് ആസിഫ് അലി പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. നടന്‍ വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്.
മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ വിനീത് ശ്രീനിവാസനാണ്. കല്‍ക്കിയ്ക്ക് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് ആണ്. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു. പുതുമുഖം ഗോപിക ഉദയനാണ് ചിത്രത്തിലെ നായിക.
ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് ആലുവ യു.സി കോളേജിലാണ്. കോളേജ് കുമാരനായി ആസിഫ് അലി പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ടീസര്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആസിഫ് അലിയുടെ ലുക്ക് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. പത്ത് വയസ്സ് കുറച്ച് ശരിക്കും കോളേജ് കുമാരനായിട്ടുണ്ട് എന്നാണ് ആരാധകര്‍ ടീസര്‍ വീഡിയോ കണ്ട് അഭിപ്രായപ്പെട്ടത്.
സുധീഷ്, സിദ്ദിഖ്, അര്‍ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
