മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ ചിത്രമായ 'അഞ്ചാം പാതിര'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. മിഥുനിന്റെ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ തമാശയ്ക്കും പ്രണയത്തിനുമൊക്കെയാണ് പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ അതില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്ഥമായ പ്രമേയമാണ് അഞ്ചാം പാതിരയില്‍.
ഒരു കുറ്റാന്വേഷണത്തെ ആസ്പദമാക്കിയാണ് ചിത്രം. അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ഒരു ക്രൈം ത്രില്ലറിന്റെ എല്ലാവിധ ഘടകങ്ങളും ചിത്രത്തിലുണ്ടാവുമെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലര്‍.
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. യൂട്യൂബ് ട്രെന്‍ഡിംങ്ങില്‍ മൂന്നാം സ്ഥാനാം നേടാനും ട്രെയിലറിനായി.
ചിത്രത്തിന്റെ കഥയും മിഥുന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
ഷറഫുദ്ധീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങിയ വലിയ താരനിര തന്നെ അഞ്ചാം പാതിരയില്‍ അണിനിരക്കുന്നുണ്ട്. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാമാണ് സംഗീതം.ചിത്രം ജനുവരി 10 ന് തിയേറ്ററുകളിലെത്തും.
