Skip to main content

njan-marykutty

നമ്മുടെ നാട്ടിലെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം അഥവാ ഭിന്ന ലിംഗക്കാര്‍ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങള്‍ തുറന്ന്കാട്ടുന്ന ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. ഒരിടവേളയ്ക്ക് ശേഷം ജയസൂര്യ- രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിലൂടെ പിറന്ന ഈ ചിത്രം സമൂഹത്തിന്റെ മുമ്പിലെ ഒരു കണ്ണാടിയാണ്. തിരക്കഥയുടെ ശക്തി കൊണ്ടും ജയസൂര്യയുടെ അഭിനയ മികവ് കൊണ്ടും ചിത്രം വേറിട്ട് നില്‍ക്കുന്നു.വളരെ സെന്‍സിറ്റീവ് ആയ വിഷയത്തെ വളരെ തന്മയത്തത്തോട് കൂടി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കാന്‍ ജയസൂര്യ- രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിന് കഴിഞ്ഞു. തന്റെ ഉള്ളിലെ സ്ത്രീയെ മറ നീക്കി പുറത്തുകൊണ്ടുവന്ന് ഈ സമൂഹത്തിലെ ഒരാളായി തന്നെ ജീവിക്കാന്‍ മാത്തുക്കുട്ടി നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ കാതല്‍. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ മുഖ്യ കഥാപാത്രമാകുന്ന അപൂര്‍വ സിനിമകളില്‍ ഒന്നാണ് ഞാന്‍ മേരിക്കുട്ടി.

 

അസന്മാര്‍ഗിക പ്രവര്‍ത്തികള്‍ ചെയ്യുന്ന, പൊതുജന മധ്യത്തില്‍ കോമാളികളായി മാത്രം സമൂഹം ചിത്രീകരിച്ചിരുന്ന ഒരു വിഭാഗമായിരുന്നു ട്രാന്‍ജെന്‍ഡേര്‍സ്. സമൂഹം എന്നും അകാരണമായി മാറ്റിനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഈ വിഭാഗത്തിന് ഒരുപാട് നിയമ പോരാട്ടങ്ങള്‍ തന്നെ നടത്തേണ്ടി വന്നു ഇന്ന് അവര്‍ അനുഭവിക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍. ബാഹ്യമായ സൗന്ദര്യമല്ല മറിച്ച് കഴിവും മനസിന്റെ സൗന്ദര്യവുമാണ് ഒരു മനുഷ്യനുണ്ടാകേണ്ടത് എന്ന് ഈ സിനിമ പറയാതെ പറയുന്നു. സ്വന്തം കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഉണ്ടാകുന്ന പ്രതിസന്ധികളെ വളരെ ധൈര്യത്തോടെയും പക്വതയോടെയും നേരിട്ട് ജീവിത വിജയം കൊയ്യുന്ന മേരിക്കുട്ടിയുടെ യാത്ര ഒരു നൊമ്പരത്തോടു കൂടിയേ കണ്ടിരിക്കാന്‍ കഴിയൂ. ഈ കഥാപാത്രത്തെ വളരെ മികച്ച രീതിയില്‍  ജയസൂര്യക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജയസൂര്യയെ സംബന്ധിച്ചെടുത്തോളം തന്റെ അഭിനയ മികവ് ഉയര്‍ത്തുന്ന ഒരു മികച്ച കഥാപാത്രം തന്നെയാണ്  മേരിക്കുട്ടി.

 

സാമൂഹ്യ സുരക്ഷയുടെ കാവല്‍ക്കാരായ പോലീസുകാരിലെ ഒരു വിഭാഗം ഈ ജനതയെ മോശമായി കാണുന്ന രീതീ സൃഷ്ടിക്കുന്ന സങ്കീര്‍ണതകള്‍ വരച്ചു കാട്ടുന്ന ചിത്രം കൂടിയാണിത്. ജോജു ജോര്‍ജിന്റെ ഒരു മികച്ച കഥാപാത്രം കൂടിയാണ് ഈ സിനിമയിലെ വില്ലന്‍ പോലീസ് വേഷം. രഞ്ജിത്ത് ശങ്കറിന്‌ തന്റെ സംവിധാന സംരംഭങ്ങളില്‍ ചേര്‍ത്തുവെക്കാന്‍ ഒരു പൊന്‍തൂവല്‍ കൂടിയാണ് മേരിക്കുട്ടി. തിരക്കഥയുടെ മേന്മ സംവിധാനത്തിന് മികച്ച പിന്തുണ നല്‍കിയ ഈ ചിത്രത്തില്‍ 'ദൂരെ ദൂരെ...' എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം ആനന്ദ് മധുസൂദനന്റെ സംഗീതത്തില്‍ ആലപിച്ചത് ബിജു നാരായണന്‍ ആണ്. സുരാജ് വെഞ്ഞാറമ്മൂട് ,ഇന്നസെന്റ് ,അജു വര്‍ഗീസ്,സിദ്ധാര്‍ത്ഥ് ശിവ, ജുവല്‍ മേരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 

സമൂഹത്തിന്റെ ചില കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വരണമെന്ന തീവ്രമായ ആഗ്രഹത്തോടു കൂടി ആവിഷ്‌കരിക്കപ്പെട്ട മനോഹരമായ സൃഷ്ടിയാണ് ഞാന്‍ മേരിക്കുട്ടിയെന്നു നിസംശയം പറയാം.