
പാട്ടും ഡാന്‍സും ആക്ഷനും താരരാജാക്കന്മാരുമായി ബോക്‌സ് ഓഫീസ് ലക്ഷ്യമിട്ട് വിനോദത്തിനു വേണ്ടി മാത്രം ഒരു വിഭാഗം സിനിമയെടുക്കുമ്പോള്‍, മറ്റൊരു വിഭാഗം സമൂഹത്തിന്റെ നേര്‍കാഴ്ചയെന്നോണം ഏറെക്കുറെ വയലെന്‍സും മനസിന്റെ അപഥ സഞ്ചാരങ്ങളുമൊക്കെയായി സമൂഹത്തിലെ തിന്മകളെ ചൂണ്ടിക്കാണിക്കുന്ന ശക്തമായ മാധ്യമമായി സിനിമയെ ഉപയോഗിക്കുന്നു. എല്ലാത്തരം സിനിമകളും നമ്മുടെ സമൂഹത്തിന് ആവശ്യമെന്നിരിക്കെ, സഹാനുഭൂതിയും സ്‌നേഹവും ആഘോഷമാക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥ എന്ന രീതിയിലാണ് സുഡാനി ഫ്രം നൈജീരിയ ശ്രദ്ധയാകര്‍ഷിക്കുന്നത്.
കറുത്ത പര്‍ദ്ദയ്ക്കുള്ളില്‍ ചുരുണ്ടുകൂടിയ, ജാതീയതയുടെ അങ്ങേയറ്റമായി നിലകൊള്ളുന്ന മലപ്പുറത്തിനെ നാം വായിച്ചും കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട്. അവയില്‍ നിന്ന് വ്യത്യസ്തമായി പാത്തുമ്മയുടെ ആടില്‍ നമ്മള്‍ കണ്ടതുപോലെ കലര്‍പ്പില്ലാത്ത ഒരു കൂട്ടം മനുഷ്യരെയാണ് സുഡാനി ഫ്രം നൈജീരിയയില്‍ കാണാന്‍ സാധിക്കുന്നത്.
റിയലിസം കാണിക്കാന്‍ കൂരിരുട്ടും അരണ്ട വെളിച്ചവും മടുപ്പിക്കുന്ന ദൈര്‍ഖ്യതയേറിയ ഷോട്‌സുമൊന്നും വേണ്ട, വിഷയം ജീവിതഗന്ധി ആയാല്‍ മതിയെന്ന് ഈ ചിത്രം തെളിയിക്കുകയാണ്. മജീദ് റഹ്മാന്‍ എന്ന സെവന്‍സ് ഫുട്‌ബോള്‍ നടത്തിപ്പുകാരനെ അവതരിപ്പിച്ച സൗബിന്‍, അങ്ങേയറ്റം തന്മയത്തത്തോടെയുള്ള പ്രകടനമാണ് കാഴ്ച വച്ചത്.
ഈ ചിത്രത്തില്‍ നായികയില്ല. എന്നാല്‍ തികച്ചും യാഥാസ്ഥിതികാരായ രണ്ടു സ്ത്രീകഥാപാത്രങ്ങള്‍ ആധുനികതയും ഫെമിനിസവും ഒന്നുമില്ലാതെ, സ്‌നേഹം കൊണ്ട് നമ്മുടെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന അനുഭവമാണ് സുഡാനി സമ്മാനിക്കുന്നത്. അതീവകാലത്തെ നാടകപാരമ്പര്യമുള്ള സാവിത്രി, സരസ എന്നീ അഭിനേതാക്കളാണ് സ്‌നേഹത്തിന്റെ നിറകുടങ്ങളായ രണ്ടു അമ്മമാരെ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമ കണ്ടുശീലിച്ച അമ്മമാരില്‍ നിന്നും അങ്ങേയറ്റം യാഥാര്‍ത്ഥ്യതയും നിഷ്‌കളങ്കതയുമാണ് ഇവരെ വ്യതസ്തരാക്കുന്നത്.

വീണുകിടക്കുന്ന സുഡാനിയെ സ്വന്തം മകനെപ്പോലെ പരിചരിക്കുന്ന ആ രണ്ട് അമ്മമാരാണ് ഈ ചിത്രത്തിന്റെ ചൈതന്യം. സ്‌നേഹത്തിനു അതിര്‍വരമ്പുകള്‍ കല്‍പ്പിക്കാത്ത ഒരുകൂട്ടം മനുഷ്യരുടെ ഇടയിലേക്ക് വന്നു പെടുന്ന സുഡാനിയായ, സാമുവേല്‍ റോബിന്‍സണ്‍ എന്ന അഭിനേതാവിനെ മലയാളി രണ്ടു കൈയും നീട്ടി സ്വീകരിച്ചു എന്ന് തന്നെ പറയാം.
വളരെ കുറച്ചു രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന മജീദിന്റെ വാപ്പയും സ്വാഭാവികമായ അവതരണം കൊണ്ട് ആരെയും സ്പര്‍ശിക്കുന്ന മറ്റൊരു കഥാപാത്രമാണ്. കെ.ടി.സി അബ്ദുള്ള എന്ന കലാകാരന്‍ ഈ കഥാപാത്രത്തെ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ അവതരിപ്പിച്ചിട്ടുണ്ട്.
മജീദിന്റെ ചങ്ങാതിമാരായി എത്തിയവരുള്‍പ്പെടെ ഓരോ കഥാപാത്രവും ഈ ചിത്രം ആവശ്യപ്പെടുന്ന മിതവും സ്വാഭാവികവുമായ പ്രകടനം കൊണ്ട് പ്രേക്ഷക മനസിനെ വളരെയധികം സ്വാധീനിക്കുന്നു
സക്കറിയ എന്ന സംവിധായകന്റെ, നവാഗത സംരഭം എന്ന് വിശ്വസിക്കാന്‍ പ്രയാസമുള്ള മികച്ച സംവിധാന ശൈലിയാണ് ഈ സിനിമയുടെ നട്ടെല്ല്. ഷൈജു ഖാലിദിന്റെ ചിത്രീകരണവും റെക്‌സിന്റെ സംഗീതവും മുഹ്‌സിന്റെയും സക്കറിയയുടെയും തിരക്കഥയും ഒന്നിനൊന്ന് മികച്ചതാകുമ്പോഴും, സിനിമയുടെ സാങ്കേതിക വശങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ഇടനല്‍കാതെ, അത്യന്തം സിനിമയുടെ ഉള്ളില്‍ തന്നെ പ്രേക്ഷക മനസിനെ നിര്‍ത്താന്‍ പോന്ന മനോഹാരിത സുഡാനി ഫ്രം നൈജീരിയക്കുണ്ട്.
ഫുട്‌ബോളിന്റെ ആവേശവും, സ്‌നേഹവും സാഹോദര്യവുമൊക്കെയായി മലയാളിയുടെ മനസിലേക്ക് എന്നെന്നേക്കുമായി ചേര്‍ത്തുവയ്ക്കാന്‍, നന്മയുടെ കുറേ കാഴ്ചകള്‍.അതാണ് സുഡാനി ഫ്രം നൈജീരിയ.മനസ് നിറഞ്ഞ സന്തോഷത്തോടെ, കണ്ണീരോടെ കൈയടിക്കാന്‍ പറ്റിയ ഒരു നല്ല ചലച്ചിത്രം.
അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ ഏറ്റവും സൂക്ഷ്മത പുലര്‍ത്തിയ ഈ സംവിധായകന്റെ ശ്രമം ഏറെ വിജയകരമായി എന്നതാണ് ഓരോ കഥാപാത്രവും ഇത്രമേല്‍ ഹൃദ്യമാവുന്നതിന്റെ കാരണം.'അഭിനയിക്കാനറിയാത്ത' , ഒരു കൂട്ടം പച്ച മനുഷ്യര്‍ നമ്മുടെയൊക്കെ ഹൃദയത്തിന്റെ ഭാഗമാകുകയാണ് ഈ ചിത്രത്തിലൂടെ.
ഒരു നെറ്റിസൺ ആണ് രേഷ്മ
