നമ്പുവിന്റെ ചിത്രകഥാ പുസ്തകം

സുരേഷ് ബാബു
Mon, 31-07-2017 07:21:33 PM ;

roming file attached

അസൂയക്ക് മരുന്നില്ല. കഷണ്ടിക്കും. കഷണ്ടി, പക്ഷെ ഒരു പ്രശ്‌നമായി ഇതുവരെ തോന്നിയിട്ടില്ല. അസൂയ ശരിക്കും ഒരു പ്രശ്‌നമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി അര്‍ശോ രോഗിയെ പോലെ ഈയുള്ളവന്‍ ഞെരിപൊരി കൊള്ളുകയാണ്. ഇരിക്കാനും കിടക്കാനും വയ്യ. ഭക്ഷണം കഴിക്കാന്‍ ആവതില്ല. ഏറ്റവും ഇഷ്ടപ്പെട്ട ചുടു ചപ്പാത്തിയും പരിപ്പുകറിയും ചവറായി മാറുന്നു. ഉറക്കമില്ല. ഇന്നലെ രാത്രി മുഴുവന്‍ പിച്ചും പേയുമായിരുന്നെന്ന് ലത പറഞ്ഞു. മേലാകെ പൊള്ളുന്നപോലെ. തെര്‍മോ മീറ്ററെടുത്ത് വായില്‍ തളളി നോക്കി.പനിയില്ല. സുഹൃത്ത് വൈദ്യരാണ് കല്പിച്ചത്, 'അസൂയയാണ് .. നല്ല ലക്ഷണമൊത്ത അസൂയ'
എന്തിന്?
സുനില്‍ നമ്പുവിന്റെ 'റോമിങ്ങ്, ഫയല്‍സ് അറ്റാച്ച്ഡ് ' വായിച്ചില്ലേ? അതിന്റെ ഏനക്കേടാണ്.
ശരിയാണോ? ശരിയാണ്. പ്രസ്തുത പുസ്തകം വായിച്ച ശേഷമാണ് ഈ അസുഖലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

ഒരു കാര്യം നമ്മള്‍ ചെയ്യണമെന്ന് വിചാരിക്കുന്നു. അതിലേക്ക് ഒരു പാട് എന്ന്, നമ്മള്‍ കരുതുന്ന മാത്രയിലുള്ള, ശ്രമങ്ങളും നടത്തുന്നു.  പെട്ടെന്നൊരു നാള്‍ അറിയുന്നു, വേറൊരുവന്‍, നാമെന്താണോ ചെയ്യാനുദ്ദേശിച്ചത്, അത് നമ്മേക്കാളും എത്രയോ കേമമായി ചെയ്ത് തീര്‍ത്തിരിക്കുന്നു. ..  ലോകര്‍ അവനെ വാഴ്ത്തുന്നു. ആ മേഖലയിലെ ഏറ്റവും വലിയവര്‍ അവന്റെ സൃഷ്ടിക്ക് ആമുഖവും റിവ്യൂവും എഴുതുന്നു. നാമെന്താവണമെന്ന് ആഗ്രഹിച്ചുവോ അതിന്റെ സൂപര്‍ലേറ്റീവ് ഡിഗ്രിയില്‍ അവന്‍.. അസൂയ ഉണ്ടാവാതിരിക്കുമോ?!

 

എങ്കിലോ, അവന്റെ സൃഷ്ടി കാണ്‍കെ നാമും അറിയാതെ ആനന്ദിച്ചു പോകുന്നു. മനോഹരം, EXCEPTIONAL. അതിശയകരം എന്നെല്ലാം മനസ്സാലെ വാഴ്തുന്നു.

 

ചെറിയ മനുഷ്യരും വലിയ ലോകവുമെന്ന അരവിന്ദന്‍ വരച്ച ഗ്രാഫിക്ക് നോവലാണ് മലയാളത്തിലെ ഈ ഗണത്തിലെ ആദ്യ സംരംഭം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വര്‍ഷങ്ങളോളം ഘണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ തന്നെ കേരളത്തിന്റെ മനം കവര്‍ന്നവരാണ് രാമുവും സുഹൃത്തുക്കളും. അന്നത്തെ, അല്ല, എന്നത്തെയും കേരള സമൂഹത്തിന്റെ നേര്‍കാഴ്ച്ചയയായിരുന്നു ചെറിയ മനുഷ്യരും വലിയ ലോകവും. മാഹിയിലെ താമസക്കാലത്ത് ഒരു സുഹൃത്താണ് ഈ പുസ്തകം വായിക്കാന്‍ തന്നത്. ഒരു പുസ്തകം തൊടുമ്പോള്‍, പേജുകളിലൂടെ കണ്ണോടിക്കുമ്പോള്‍, ഇതാ, ഇതാണെന്നെ പ്രകടമാക്കാനുള്ള എന്റെ വഴി എന്ന്, ചിലപ്പോഴൊക്കെ തോന്നാറില്ലേ? അങ്ങനെ തോന്നിയത് ഈ പുസ്തകം തൊട്ടപ്പോഴാണ്. പിന്നെ, കാര്‍ട്ടൂണിസ്റ്റ് ഉണ്ണിയുടെ, വിശേഷാല്‍ പ്രതികളില്‍ പ്രസിദ്ധപ്പെടാനുള്ള ഗ്രാഫിക്ക് കഥകള്‍.. ഇതു തന്നെ എന്റെ വഴി എന്ന് തീര്‍ച്ചപ്പെട്ട ശേഷം നടത്തിയ അന്വേഷണങ്ങള്‍.

 

അമൃത പാടീലിന്റെ കരി , സാര്‍നാഥ് ബാനര്‍ജിയുടെ ഗ്രാഫിക് നോവലുകള്‍ , വിശ്വജ്യോതി ഘോഷിന്റെയും , ഊര്‍ജിത് പട്ടേലിന്റേയും ഗ്രാഫിക് കൃതികള്‍, പരിസ്മിത സിംഗിന്റെ ഹോട്ടല്‍ അറ്റ് ദ എന്റ് ഓഫ് ദ വേള്‍ഡ് .... എല്ലാറ്റിന്റെയും സൗന്ദര്യം ആസ്വദിച്ചും ശൈലികളിലെ വ്യത്യസ്ത കണ്ട് അമ്പരന്നും, പലപ്പോഴും ഇവന്റെ ചെറുപ്പം ബോധ്യപ്പെട്ടും നടക്കുമ്പോഴാണ് എങ്ങനെയോ സുനില്‍ നമ്പുവില്‍ ചെന്ന് മുട്ടിയത്. ഫേസ്ബുക്കിലെ ഒരു സൗഹൃദം ഷെയര്‍ ചെയ്ത  ബുക്ക് റിവ്യൂ .. സുനില്‍ നമ്പുവിന്റെ ഗ്രാഫിക് കഥാസമാഹാരത്തെ കാര്‍ട്ടൂണിസ്റ്റ് ഉണ്ണി റിവ്യൂ ചെയ്തിരിക്കുന്നു. ഭാഷാപോഷിണിയില്‍ ..  ഉടനെ, നമ്പുവിനെ മുഖപുസ്തകത്തില്‍ തിരച്ചിലായി. ആളെ പിടിച്ചുകെട്ടി സുഹൃത്താക്കി സംഭാഷണമാരംഭിച്ചു.. സംഭാഷണാനന്തരം മനസ്സിലായി ആള് വന്‍ പുലിയാണ്.

 

ആമസോണില്‍ നിന്ന് പുസ്തകമയച്ചു കിട്ടാന്‍ മൂന്ന് ദിവസമെടുത്തു. പ്രസവവേദനയുടെ മൂന്നു നാളുകള്‍. ആദ്യ പുറം തന്നെ അത്ഭുതങ്ങള്‍ ... ആരൊക്കെയാണ് സന്നിഹിതര്‍ ? വി.കെ.ശ്രീരാമന്‍, സക്കറിയ ... വെങ്കിടേഷ് രാമകൃഷ്ണന്റെ അതിഗഹനമായ ആമുഖ പഠനം...

 

നമ്പുതന്നെയാണ് പല കഥകളിലേയും നായകന്‍. സംഭാഷണത്തിനിടെ നമ്പുപറഞ്ഞിരുന്നു. 'ചിത്രത്തിന്, അതിന്റെ പൂര്‍ണതക്ക്, ഞാന്‍ വലിയ മൂല്യമൊന്നും കൊടുക്കാറില്ല .. ഫ്രെയിമിന്റെ ടോട്ടാലിറ്റിക്കാണ് പ്രാമുഖ്യം.' പുസ്തകത്തിലെ ഓരോ ഫ്രെയിമും പൂര്‍ണമാണ്. അരവിന്ദനും, അബുവും, വിജയനുമൊക്കെ എവിടെയൊക്കെയോ സംഗമിക്കുംപോലെ.  അവരില്‍ നിന്ന് കടം കൊണ്ടു എന്നല്ല ഇതിനര്‍ത്ഥം. പൂര്‍വസൂരികളുടെ സുകൃതം ഈ കൃതിയില്‍ അറിയാതെ ഊര്‍ന്നിറങ്ങുന്നു എന്നേ തോന്നിയുള്ളൂ.  അരവിന്ദന്റെ ഒരു കഥാപാത്രം അതേ ആകാര വടിവോടെ പ്രത്യക്ഷപ്പെടുന്നുമുണ്ട് ഒരു കഥയില്‍..

 

സെല്‍ഫി, ആട് ജീവിതം, പ്രതിമായണം, സര്‍ .അയീക്കര, സത്യന്റെ ഉല്‍ക്കകള്‍ ,ചെറിയ തമ്പുവും വലിയ ഗുണ്ടകളും, മീശി ഹമാര്‍, വാര്‍ ടൂറിസം, ലോര്‍ക്കഗ്രഹണം എന്നിങ്ങനെ ഒമ്പത് കഥകള്‍. ഓരോന്നും ഒന്നിനൊന്ന് മെച്ചമെന്നല്ല പറയേണ്ടത്. യുണീക്ക്.. ഓരോന്ന് വായിച്ച് കഴിഞ്ഞും ഒരു പൊട്ടിത്തെറിയില്‍ വിരിഞ്ഞ കോടി കോടിമിന്നന്നാമിന്നികള്‍ക്കിടയില്‍പ്പെട്ട ആഹ്ലാദാതിരേകം. ഗൃഹാതുരത്വം .. നര്‍മ്മം.. പരിഹാസം .. എങ്ങിനെയാണ് നമ്പൂ സഖാവേ ഇത്രയും രസങ്ങള്‍ ഭവാന്‍ ഈ വരികള്‍ക്കും വരകള്‍ക്കുമിടയില്‍ കുത്തിനിറച്ചത്? ഈയുള്ളവന്‍ കല്‍പ്പാന്തം കാത്തിരുന്നാലും ഇത് നടപ്പില്ല..

 

എന്റെ സുഹൃത്ത്  അന്‍വര്‍ പാലേരി (ഏഷ്യാനെറ്റ് ഖത്തറിന്റെ ജീവാത്മാവ്, പിന്നെ പരമാത്മാവും) ഈയിടെ, ഒരു മുഖപുസ്തകക്കുറിപ്പില്‍ പറയുകയുണ്ടായി. നല്ല നാടകങ്ങള്‍ കണ്ട ശേഷമാണ് താന്‍ നാടക പ്രവര്‍ത്തനം നിര്‍ത്തിയതെന്ന് ... നല്ല സാഹിത്യത്തിലേക്ക് ആണ്ടു മുങ്ങിയപ്പോഴാണ് താന്‍ കവിതഎഴുത്ത് നിര്‍ത്തിയതെന്നും.

ശ്രീമാന്‍ നമ്പൂ... താങ്കള്‍ക്ക് അഭിമാനിക്കാം. ഞാന്‍ കാര്‍ട്ടൂണ്‍ വരനിര്‍ത്തുകയാണ്.. എനിക്ക് പറയാനുള്ളത് വരക്കാന്‍ താങ്കളുണ്ടല്ലോ...

 

കൈരളി ബുക്‌സ് പ്രസിദ്ധം ചെയ്ത റോമിംഗ് , ഫയല്‍ അറ്റാച്ച്ഡ്, ചിന്താശേഷി ശേഷിക്കുന്ന ഏതു മലയാളിയും വാങ്ങി വായിക്കേണ്ടതാണ്. ഏതെങ്കിലും താളില്‍നിങ്ങള്‍ക്ക് നിങ്ങളുടെ പ്രതിച്ഛായ കാണാം...'മിശിഹമാരു'ടെ പുറങ്ങളില്‍ ഞാന്‍ എന്നെ കണ്ടതുപോലെ...
കൂട്ടുകാരാ ആശംസകള്‍... വീണ്ടും പറയട്ടെ, താങ്കളുടെ പുസ്തകം അതി മനോഹരം... അത്ഭുതാവഹം


  സുരേഷ് ബാബു

Tags: