Skip to main content

 

പ്രശസ്ത തെന്നിന്ത്യന്‍ നടി ഖുശ്ബു ഡി.എം.കെയില്‍ നിന്ന് രാജി വച്ചു. തിങ്കളാഴ്ച ട്വിറ്ററില്‍ നല്‍കിയ കുറിപ്പിലാണ് താന്‍ ഡി. എം. കെയില്‍ നിന്ന് രാജിവെച്ച വാര്‍ത്ത ഖുശ്ബു പുറത്തു വിട്ടത്. രാജിക്കത്ത് ഡി.എം.കെ അദ്ധ്യക്ഷന്‍ എം കരുണാനിധിയക്ക് കൈമാറി. ഡി.എം.കെയിലെ അംഗത്വം രാജിവച്ചെങ്കിലും മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ താത്പര്യമില്ലെന്നും ഖുശ്ബു വ്യക്തമാക്കിയിട്ടുണ്ട്.

 

പാര്‍ട്ടിക്കുവേണ്ടി കഠിനാധ്വാനം ചെയ്‌തെങ്കിലും വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നും ചിലപ്പോള്‍ ചില കടുത്ത തീരുമാനങ്ങള്‍ പുഞ്ചിരിയോടെ എടുക്കേണ്ടി വരുമെന്നും ഇപ്പോള്‍ അതാണ് ചെയ്തിരിക്കുന്നത് എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തത്. ഡി.എം. കെയിലെ തന്റെ യാത്ര ഏകപക്ഷീയമായിരുന്നെന്നും പാര്‍ട്ടി പ്രസിഡന്റ് കരുണാനിധിയോട് തനിക്കെന്നും ആദരവാണെന്നും അദ്ദേഹം തനിക്ക് പിതാവിനെപ്പോലെയാണെന്നും ഖുശ്ബു പറഞ്ഞു.

 

2010-ല്‍ ആണ് ഖുശ്ബു ഡി.എം.കെയില്‍ ചേര്‍ന്നത്‌. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ഖുശ്ബു ഡി.എം.കെയ്ക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ മടിച്ചിരുന്നു. പിന്നീട് പ്രചാരണത്തിന് ഇറങ്ങിയെങ്കിലും എ.ഐ.എ.ഡി.എം.കെ കുംഭകോണ വിവാദങ്ങളില്‍ ഡി.എം.കെയെ കടത്തി വെട്ടുകയാണെന്ന പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടി ഖുശ്ബുവിനോട് പ്രചാരണ പരിപാടികള്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.