Skip to main content

ത്രിമാനം

മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ പി. രാജന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി

 

കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും ജാതി അടിസ്ഥാനത്തില്‍ ഫലം നിര്‍ണ്ണയിക്കുന്ന മാദ്ധ്യമപ്രവചനങ്ങള്‍ അതിശയോക്തിപരമാണ്. തീര്‍ച്ചയായും നമ്മുടെ രാഷ്ട്രീയത്തില്‍ ജാതിയ്ക്കും ജാതി സംഘടനകള്‍ക്കും പ്രാധാന്യമുണ്ട്. പക്ഷെ, ജാതി അടിസ്ഥാനത്തില്‍ വോട്ടര്‍മാരുടെ എണ്ണം തെരഞ്ഞെടുപ്പിനെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന കണക്കുകൂട്ടല്‍, പലപ്പോഴും പെരുപ്പിച്ച് കാണിക്കുന്നതാണ്. കാരണം, മാദ്ധ്യമചര്‍ച്ചകളില്‍ വമ്പിച്ച തോതില്‍ ജാതി അടിസ്ഥാനത്തില്‍ കണക്കുകള്‍ പറഞ്ഞ ശേഷവും വലിയ വ്യത്യാസം ഓരോ മണ്ഡലത്തിലേയും അന്തിമ തെരഞ്ഞെടുപ്പ് വിശകലനത്തില്‍ കാണാറില്ല.

 

ഒരു ഉദാഹരണം, എറണാകുളം മണ്ഡലം തന്നെയാണ്. എറണകുളം നിയോജക മണ്ഡലത്തില്‍ ലത്തീന്‍ ക്രിസ്ത്യാനികളുടെ ഒരു കുത്തക തന്നെയുണ്ട്  എന്ന്‍ വാദിക്കുകയും അതിനനുസരിച്ച് അവരെ സ്ഥിരമായി സ്ഥാനാര്‍ഥിയാക്കുകയും ചെയ്യുന്ന പതിവുണ്ട്. ഐക്യ ജനാധിപത്യ മുന്നണിയും അതിനുമുന്‍പ് കോണ്‍ഗ്രസുമാണ് ഇങ്ങനെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാറുള്ളത്. അത് വാസ്തവത്തില്‍ ജാതി സമവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു നീതി ചെയ്യല്‍ മാത്രമാണ്. കൊച്ചി രാജ്യമായിരുന്ന കാലത്ത് 12 നിയമസഭാംഗങ്ങള്‍ ഉണ്ടായിരുന്നതില്‍ ബഹുഭൂരിപക്ഷവും ലത്തീന്‍ ക്രിസ്ത്യാനികള്‍ ആയിരുന്നു. അവര്‍ പ്രജാമണ്ഡലത്തിന്റെ കൂടെയാണ് എന്നും നിന്നിട്ടുള്ളത്. സുറിയാനി ക്രിസ്ത്യാനികള്‍ - ക്രിസ്ത്യാനികളിലെ സവര്‍ണ്ണ വിഭാഗത്തെയാണ് സുറിയാനി ക്രിസ്ത്യാനികള്‍ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് - രാജവാഴ്ചയേയും ബ്രിട്ടിഷ് വാഴ്ചയേയും അനുകൂലിച്ച് നിന്നിരുന്ന കാലത്ത്, അലക്സാണ്ടര്‍ പറമ്പിത്തറയെപ്പോലുള്ള ലത്തീന്‍ സമുദായാംഗങ്ങള്‍ കോണ്‍ഗ്രസിന്റെ കൂടെയാണ് നിന്നിട്ടുള്ളത്.

 

 

അന്നത്തെ ആ കണക്ക് വെച്ച് നോക്കിയാല്‍, അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കേരള നിയമസഭയില്‍ കിട്ടുന്നില്ല എന്നാണ് പറയേണ്ടിവരിക. സുറിയാനി ക്രിസ്ത്യാനികള്‍ കേരള കോണ്‍ഗ്രസ് എ,ബി.സി.ഡി തുടങ്ങി പല പേരിലും, പുറമേ കോണ്‍ഗ്രസിലും, സ്വാധീനം ചെലുത്തി അവര്‍ക്ക് അര്‍ഹതയില്‍ കവിഞ്ഞ സ്ഥാനം നേടാറുണ്ട്. തിരുവിതാംകൂര്‍ ഭാഗത്ത് സുറിയാനി ക്രിസ്ത്യാനികള്‍ സി.പി രാമസ്വാമി അയ്യര്‍ക്കെതിരായ സമരത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ആ കാലത്ത് അവര്‍ക്ക് കോണ്‍ഗ്രസില്‍ സ്വാധീനം ഉണ്ടായിരുന്നു. അത് ശരിയായ രീതിയിലുമാണ്. അതിനുശേഷം കേരള കേരള കോണ്‍ഗ്രസ് വന്നതിനുശേഷം വിലപേശാനുള്ള സാമ്പത്തിക ശേഷി കൊണ്ടും മറ്റ് കാരണങ്ങള്‍ കൊണ്ടും നിയമസഭാംഗങ്ങളുടെ എണ്ണത്തില്‍ അവര്‍ അര്‍ഹിക്കുന്നതില്‍ കവിഞ്ഞ പ്രാതിനിധ്യം നേടുകയാണ്‌ പതിവ്. പ്രത്യേകിച്ചും ലത്തീന്‍ സമുദായാംഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍.

 

ഒരു ഘട്ടത്തില്‍, കേന്ദ്രമന്ത്രിയായിരുന്ന എ.എം തോമസ്‌ ലോകസഭയിലേക്ക് മത്സരിക്കുമ്പോള്‍ ലത്തീന്‍ ക്രിസ്ത്യാനിക്ക് പ്രാതിനിധ്യം കിട്ടിയില്ല എന്ന വാദമുന്നയിച്ച് വമ്പിച്ച തോതില്‍ മതാടിസ്ഥാനത്തില്‍ തന്നെ ഒരു പ്രകടനം എറണാകുളത്ത് നടക്കുകയുണ്ടായി. ആ തെരഞ്ഞെടുപ്പില്‍ എ.എം തോമസ്‌ വിജയിക്കുകയാണ് ചെയ്തത്. സമുദായാംഗങ്ങള്‍, ഒരുപക്ഷെ പള്ളിയുടെ നിര്‍ദ്ദേശാനുസരണമാവണം, കോണ്‍ഗ്രസിന് ഒപ്പം തന്നെയാണ് നിന്നത്.

 

മലയാളി മെമ്മോറിയലിന്റെ പ്രത്യാഘാതം

 

എന്നാല്‍, തെക്കോട്ട്‌ പോകുന്തോറും ജാതി അടിസ്ഥാനത്തിലുള്ള സ്വാധീനത്തിന്റെ ശതമാനം വര്‍ധിക്കും എന്നത് സത്യമാണ്. അതിന് ചരിത്രപരമായ കാരണവുമുണ്ട്. 1891 ജനുവരിയിലെ മലയാളി മെമ്മോറിയല്‍ സമരം വാസ്തവത്തില്‍ തമിഴ് ബ്രാഹ്മണര്‍ തിരുവിതാംകൂറില്‍ ഉദ്യോഗങ്ങള്‍ കരസ്ഥമാക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭണമാണ്. കേരളത്തിലെ ആദ്യത്തെ ജനകീയ പ്രക്ഷോഭം എന്ന്‍ പറയാവുന്ന ഇത് നായര്‍ സമുദായത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരമാണ്. അതില്‍ മുസ്ലിങ്ങളും ഈഴവരും ക്രിസ്ത്യാനികളും ഉള്‍പ്പടെയുള്ളവര്‍ നായര്‍ സമുദായത്തിന് പിന്തുണ നല്‍കുകയും ചെയ്തു. പക്ഷെ, ആ സമരത്തില്‍ നായന്മാര്‍ക്ക് വിജയം ഉണ്ടായെങ്കിലും അവര്‍ പിന്നീട് അവരോടൊപ്പം നിന്ന സമുദായങ്ങള്‍ക്ക് നീതി ചെയ്തില്ല. അതല്ലെങ്കില്‍ നീതി ചെയ്തില്ല എന്ന തോന്നല്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തു. അങ്ങനെയാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഈഴവ മെമ്മോറിയലെല്ലാം ഉണ്ടാകുന്നത്.

 

ആദ്യത്തെ മലയാളി മെമ്മോറിയലില്‍ പങ്ക് വഹിച്ച പുരോഗമനവാദികളായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പോലുള്ളവര്‍ നായര്‍ നേതൃത്വത്തിന്റെ ഈ രീതിയിലുള്ള പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇതിന് പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം  മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അതിന്റെ ഒരു പ്രത്യാഘാതം ഇന്നും തുടരുന്നുണ്ട് എന്നതാണ് സത്യം. കാരണം, സമുദായ അടിസ്ഥാനത്തിലുള്ള സംവരണത്തിന് ഹാനി വരുന്നു എന്ന തോന്നല്‍ ഉണ്ടായാല്‍പോലും തെക്കന്‍ പ്രദേശങ്ങളില്‍ പിന്നോക്ക സമുദായങ്ങളില്‍, പ്രത്യേകിച്ച് ഈഴവരില്‍, ഒരു പ്രതികരണം അത് സൃഷ്ടിക്കാറുണ്ട്. മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറിനെ മാറ്റുന്നതിന് സുറിയാനി ക്രിസ്ത്യാനികളുടേയും നായന്മാരുടേയും പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് പാലം വലിച്ചു എന്ന തോന്നലിന്റെ ഫലമായി അതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 11 സീറ്റ് മുന്‍പൊന്നുമില്ലാത്ത വിധം കോണ്‍ഗ്രസ് നേടുകയുണ്ടായി.  ശങ്കറിനോട് ചെയ്ത അനീതി കാരണം മുന്‍പില്ലാത്ത വിധം ഈഴവ സമുദായാംഗങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തതിന്റെ ഫലമാണിത്.

 

ഇന്നും അച്യുതാനന്ദനെ മുഖ്യമന്ത്രി ആക്കുന്നു എന്ന്‍ ധ്വനിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ആ പ്രതികരണം, തെക്കന്‍ ഭാഗത്ത് പ്രത്യേകിച്ചും, കുറച്ചൊക്കെ ജാതി അടിസ്ഥാനത്തില്‍ തന്നെയാണ്. അല്ലാതെ ഒരു ഇടതുപക്ഷ നേതാവിനെ മുന്നിട്ടുനിര്‍ത്തുമ്പോള്‍ അതിന് വലിയ പ്രതികരണം കാണാറില്ല. അതേസമയം, ഈ രീതിയില്‍ മാത്രമാണ് ഈഴവ സമുദായം ഇപ്പോള്‍ പ്രതികരിക്കുന്നത് എന്ന്‍ പറയാനും സാദ്ധ്യമല്ല. അവര്‍ ഇപ്പോള്‍ ജാതി അടിസ്ഥാനത്തില്‍ സംഘടിക്കുന്നതിന് രാഷ്ട്രീയമായും സാമ്പത്തികവുമായ കാരണങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടിയും അതിന് ബി.ജെ.പി ആയിട്ടുള്ള സഹകരണവുമൊക്കെ പഴയ തരത്തിലുള്ള ജാതി കണക്കുകൂട്ടലുകളെ തെറ്റിക്കുന്നു എന്നുള്ളതാണ് യാഥാര്‍ഥ്യം.

 

ബി.ഡി.ജെ.എസിന്റെ ആവിര്‍ഭാവം

 

ഈയടുത്ത കാലത്ത് ജാതി സമവാക്യത്തില്‍ വന്ന ഒരു വ്യത്യാസമെന്ന് പറയാവുന്നതാണ് ഈഴവരുടേയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടേയും പാര്‍ട്ടി എന്ന നിലയില്‍ ബി.ഡി.ജെ.സിന്റെ ആവിര്‍ഭാവം. മറ്റെന്ത് ഭയമുളവാക്കിയാലും തീര്‍ത്ത് പറയാവുന്ന ഒരു കാര്യം പിന്നോക്ക സമുദായങ്ങളെ മുന്‍പ് ബി.ജെ.പിയില്‍ നിന്നും മറ്റും അകറ്റിനിര്‍ത്തിയിരുന്ന പ്രവണതയ്ക്ക് തടയിടാന്‍ കഴിഞ്ഞിട്ടുണ്ട് എന്നുള്ളതാണ്. ആത്യന്തികമായി അവര്‍ എത്ര വോട്ട് നേടിയാലും ബി.ജെ.പിയ്ക്കാണ് ഇത് നേട്ടമുണ്ടാക്കുന്നത് എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല. ജാതി അടിസ്ഥാനത്തില്‍ സംഘടിക്കുകയും അതിനെ ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ സംസ്കാരമാണ് ഐക്യ ജനാധിപത്യ മുന്നണിയായാലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയായാലും കൈക്കൊണ്ടുവന്നിരുന്നത്. അതിനേക്കാള്‍ എന്തുകൊണ്ടും ഭേദമാണ് ഹിന്ദു മുന്നണി രാഷ്ട്രീയം.

bdjs meeting

 

ജാതിയ്ക്ക് അതീതമായ ഹൈന്ദവ ഐക്യത്തിന് ഒരു പുരോഗമന സ്വഭാവമുണ്ടെന്ന്‍ ഇതിനെപ്പറ്റി പഠനം നടത്തിയ എല്ലാവരും പറഞ്ഞിട്ടുള്ളതാണ്. ഈ വിഷയത്തില്‍ India as a  Secular State എന്ന പുസ്തകത്തില്‍ ആദ്യത്തെ ആധികാരകമായ പഠനം നടത്തിയിട്ടുള്ളത് ഡൊണാള്‍ഡ്‌ യൂജിന്‍ സ്മിത്ത് എന്ന അമേരിക്കന്‍ സാമൂഹ്യശാസ്ത്രജ്ഞനാണ്. 1963-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം മതേതരത്വത്തിന് വിരുദ്ധമായ ഒരേയൊരു പ്രവണത എന്ന്‍ സ്മിത്ത് പറയുന്നത് ജാതീയമായ ഭേദവിചാരവും ഭിന്നതയും ഉച്ചനീചത്വങ്ങളുമാണ്. ഇത് ഒഴിച്ചുനിര്‍ത്തിയാല്‍ ഹിന്ദുമതത്തെ ഒരു മതമായി തന്നെ കണക്കാക്കാന്‍ പറ്റില്ലെന്നും ഒരു മതേതര സാംസ്കാരിക സംഘമായി മാത്രമേ കണക്കാക്കാന്‍ പറ്റുള്ളൂ എന്ന അര്‍ത്ഥത്തിലാണ് അദ്ദേഹത്തിന്റെ പഠനം നടന്നത്. ഒരു ജനതയുടെ വിശ്വാസം എത്രത്തോളം അവരുടെ മതേതരവല്‍ക്കരണത്തെ സഹായിക്കും എന്നതിന് അഞ്ച് പ്രത്യേക സ്വഭാവ വിശേഷങ്ങളാണ് സ്മിത്ത് ചൂണ്ടിക്കാണിക്കുന്നത്. അതുപയോഗിച്ച് വ്യത്യസ്ത മതങ്ങളെ - ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹിന്ദു മതത്തേയും ഇസ്ലാമിനേയും - താരതമ്യം ചെയ്യുന്നുണ്ട്, ആ പുസ്തകത്തില്‍. ആ സവിശേഷതകളില്‍ അഞ്ചില്‍ നാലും ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം മതേതരത്വത്തിന് അനുകൂലമാണെന്നും മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം അഞ്ചില്‍ നാലും മതേതരത്വത്തിന് എതിരാണെന്നും സ്മിത്ത് കാര്യകാരണസഹിതം ചൂണ്ടിക്കാട്ടുന്നു. മതാടിസ്ഥാനത്തില്ലാതെയോ ഏതെങ്കിലും മതപ്രീണനം നടത്താതെയോ ഒരു അക്കാദമിക് പഠനം നടത്തുകയാണെങ്കില്‍ സ്മിത്തിന്റെ പഠനത്തോട് യോജിക്കാനേ പറ്റൂ. അതായത്, ചരിത്രത്തോടുള്ള സമീപനം, പൗരോഹിത്യ ആധിപത്യം, അന്യമതങ്ങളോടുള്ള സമീപനം തുടങ്ങിയ സവിശേഷതകളില്‍ മതനിയമങ്ങള്‍ കൊണ്ട് ജീവിതത്തെ വരിഞ്ഞുകെട്ടുന്ന സ്വഭാവമാണ്‌ ഹിന്ദുമതത്തില്‍ മതേതരത്വത്തിനു എതിരായി പറയുന്നുള്ളൂ. ജാത്യാചാരങ്ങള്‍ വഴി കൊണ്ടുവരുന്ന ഉച്ചനീചത്വവും വിവേചനവുമാണ് ഇതിന് ആധാരമായി സ്മിത്ത് പറയുന്നത്.

 

ഇവിടെ നിര്‍ഭാഗ്യവശാല്‍ ജാതി സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും ജാതി സംഘടനകളെക്കാള്‍ എന്തുകൊണ്ടും ഭേദമായ മതസംഘടനകളെ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം എതിര്‍ക്കുകയും ചെയ്യുന്നത് ശരിയായ ഒരു നയമല്ല. ഈ തെരഞ്ഞെടുപ്പില്‍ അതുകൊണ്ട് പഴയ തത്വം പറഞ്ഞുപുലര്‍ത്തുന്ന ആളുകള്‍ക്ക് ക്ഷീണം വരും എന്നാണ് ഞാന്‍ കണക്കുകൂട്ടുന്നത്.

 

മാറുന്ന ജാതി പിന്തുണ

 

പിന്നോക്ക ജാതി സമുദായങ്ങളില്‍ നിന്ന്‍ ഇടതുപക്ഷത്തിന് മുന്‍പ് കിട്ടിക്കൊണ്ടിരുന്ന പിന്തുണ ഇപ്പോഴും കിട്ടുന്നു എന്ന്‍ പ്രതീക്ഷിക്കുന്നതില്‍ ന്യായമില്ല. മലബാര്‍ ഭാഗത്ത് ഇത് പണ്ടും അത്ര വലിയൊരു പ്രശ്നമായിരുന്നില്ല. മലബാര്‍ ഭാഗത്ത് കാണപ്പെട്ട ഒരു വ്യത്യാസം വന്നത് അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ്. അവിടെയാണ് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട, ശരിയായി ഹരിജനങ്ങള്‍ എന്ന്‍ പറയാവുന്നവര്‍ ആദ്യമായി ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് വോട്ട് ചെയ്തത്. കെ. കരുണാകരന്റെ പ്രത്യേക നയങ്ങളാണ് അതിന് കാരണം. കരുണാകരന്‍ എപ്പോഴും എന്റെ ജാതി എന്ന്‍ പറഞ്ഞിരുന്നത് - അദ്ദേഹത്തിന് സ്വന്തം ജാതി പറഞ്ഞാല്‍ വോട്ട് കിട്ടില്ലെന്നത് വേറെ കാര്യം - പട്ടികജാതി വിഭാഗങ്ങളെയാണ്. അവര്‍ക്ക് ഗുണം ചെയ്തൊരു രാഷ്ട്രീയ നേതാവ് തന്നെയാണ് കെ. കരുണാകരന്‍. ഇപ്പോഴും കരുണാകരനോട് ഒരു ആഭിമുഖ്യം ഈ വിഭാഗത്തിനിടയില്‍ കാണുകയും ചെയ്യാം.

 

തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രം എടുത്തുനോക്കിയാല്‍ കോണ്‍ഗ്രസ് എന്നുപറയുന്നത് ജാതി മുന്നണി ആയിട്ടുതന്നെയാണ് തുടങ്ങിയത്. അതിനൊക്കെ മലയാളി മെമ്മോറിയലിന്റെ പാരമ്പര്യമുണ്ട്. സ്വാതന്ത്ര്യം കിട്ടിയ ഉടനെ ജാതി സംഘടനയായിരുന്നവരെയെല്ലാം സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ലയിപ്പിക്കുകയും ചെയ്തു. അതിന്റെ ഒരു തുടര്‍ച്ച ഉണ്ടെങ്കിലും അതിന്ന്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

 

 

ഇതെല്ലാം പറയുമ്പോഴും ഓരോ നിയോജകമണ്ഡലത്തിലും ആയിരമോ രണ്ടായിരമോ വോട്ടാണ് ഈ രീതിയില്‍ സ്വാധീനിക്കപ്പെടുന്നത്. ബാക്കിയൊക്കെ ആ സമുദായത്തില്‍ ഭൂരിപക്ഷം പേരും രാഷ്ട്രീയമായി ഏത് പക്ഷത്താണോ ആ പക്ഷത്ത് സ്വാഭാവികമായും നില്‍ക്കും. ഇപ്പോഴത്തെ സ്ഥിതിയില്‍ ജാതി അടിസ്ഥാനത്തില്‍ വോട്ട് അവകാശപ്പെടുന്നത് വളരെയേറെ അതിശയോക്തിയാണ്. മാദ്ധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് അനാവശ്യമായ ചര്‍ച്ചകള്‍ ഉണ്ടാക്കുകയും ജാതിയാണ് നിര്‍ണ്ണായക ഘടകമെന്ന് വരുത്തുകയുമാണ്. അത് യാഥാര്‍ഥ്യവുമായി ബന്ധമുള്ള കാര്യമല്ല.

 

ജനാധിപത്യവല്‍ക്കരണം സമകാലിക ലോകത്തില്‍ ജാതിയുടെ സ്വാധീനം കുറയ്ക്കുന്നുണ്ട്. ജാതി എന്നതിന്റെ അടിസ്ഥാനം അസമത്വമാണ്. ജനാധിപത്യം സമത്വങ്ങളുടെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ഒന്നാണ്. ചുരുങ്ങിയത് വോട്ടിന്റെ കാര്യത്തിലെങ്കിലും എല്ലാവര്‍ക്കും ഒരു വോട്ടാണ്. എല്ലാവരേയും ഒന്നിച്ചു കൊണ്ടുവരുമ്പോള്‍ നീതിനിഷേധം സാധ്യമാകില്ല. ജോലിയിലെ സംവരണമാണ് ഇപ്പോള്‍ ജാതി അടിസ്ഥാന ഘടകമായ വിവേചനത്തിന്റെ ഒരു കാഴ്ച. പൊതുസ്ഥലങ്ങളില്‍ ഇപ്പോള്‍ വിവേചനമില്ല. തനി കുഗ്രാമങ്ങളില്‍ മാത്രമേ അടുത്തിരിക്കാനും  വെള്ളം കുടിക്കാനും ഒക്കെയുള്ള വേര്‍തിരിവുകള്‍ നിലനില്‍ക്കുന്നുള്ളൂ. ഭരണഘടന അനുസരിച്ച് തൊട്ടുകൂടായ്മ നിയമവിരുദ്ധമായി. എന്നാല്‍, ജാതി വിവേചനത്തില്‍ നിന്ന്‍ പുറത്തുകടക്കുന്ന ഈ പ്രവണത എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളിലുണ്ടായിട്ടില്ല. ഇന്ന്‍ രാഷ്ട്രീയക്കാരാണ് മാദ്ധ്യമങ്ങളുടെ അജണ്ട നിശ്ചയിക്കുന്നത് എന്നതിനാല്‍ മാദ്ധ്യമങ്ങളിലും ഇതുണ്ടായിട്ടില്ല,

Ad Image