Skip to main content

കേരളത്തിലെ കമ്യൂണിസ്റ്റ് രക്തസാക്ഷികള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ തുടരുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക് റിസര്‍ച്ച് (ഐ.സി.എച്ച്.ആര്‍). പുന്നപ്ര-വയലാര്‍, കയ്യൂര്‍, കരിവള്ളൂര്‍, കാവുമ്പായി സമരങ്ങളില്‍ രക്തസാക്ഷികളായവര്‍ ഡിക്ഷ്ണറി ഓഫ് മാര്‍ട്ടിയേഴ്സ് ഇന്‍ ഇന്ത്യാസ് സ്ട്രഗിള്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്സ് എന്ന ഡിക്ഷ്ണറിയില്‍ സ്വാതന്ത്ര്യസമര സേനാനികളായി തന്നെ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഐ.സി.എച്ച്.ആര്‍ നിയമിച്ച മൂന്നംഗ കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇടതുപക്ഷ സമരങ്ങളുടെ ഭാഗമായി നിന്ന രക്തസാക്ഷികളുടെ പേരുകള്‍ പട്ടികയില്‍ നിന്നും ഒഴിവാക്കേണ്ടതില്ലെന്ന് കമ്മിറ്റി വ്യക്തമാക്കുകയായിരുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്നാട്, കേരള തുടങ്ങിയ തെക്കന്‍ ഇന്ത്യയിലെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട രക്തസാക്ഷികളുടെ പട്ടികയാണ് ഡിക്ഷ്ണറി ഓഫ് മാര്‍ട്ടിയേഴ്സ് ഇന്‍ ഇന്ത്യാ'സ് സ്ട്രഗിള്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്സ് എന്ന പുസ്തകത്തിന്റെ അഞ്ചാം വാല്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2020ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ പുസ്തകം സംഘപരിവാറുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പുനപരിശോധനയ്ക്കായി പിന്‍വലിക്കുകയായിരുന്നു. 1921ലെ മലബാര്‍ കലാപം, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സമരങ്ങളില്‍ രക്തസാക്ഷികളായര്‍ തുടങ്ങിയവരുടെ പേരുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ രംഗത്തെത്തിയതോടെയാണ് പുസ്തകത്തിന്റെ പുനപരിശോധനയ്ക്കൊരുങ്ങിയത്. തുടര്‍ന്ന്, ആലി മുസ്ലിയാര്‍, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങി മലബാര്‍ കലാപത്തിലെ 387ഓളം വരുന്ന രക്തസാക്ഷികളുടെ പേരുകള്‍ ഒഴിവാക്കുമെന്ന് ഐ.സി.എച്ച്.ആര്‍ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു.

1921ലാണ് മലബാര്‍ കലാപം പൊട്ടിപുറപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടമായി ആയിരുന്നു സമരം ആരംഭിച്ചത്. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘപരിവാര്‍ ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.