Skip to main content

എം.എസ്.എഫ് നേതാക്കള്‍ക്കെതിരായ ഹരിതയുടെ പരാതി വനിതാ ഇന്‍സ്‌പെക്ടര്‍ അന്വേഷിക്കും. ചെമ്മങ്ങാട് ഇന്‍സ്‌പെക്ടര്‍ അനിതാകുമാരിക്കാണ് അന്വേഷണ ചുമതല. പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തും. പി.കെ നിവാസ്, വി.എ വഹാബ് എന്നിവരാണ് പ്രതികള്‍. സമ്മര്‍ദ്ദമുണ്ടെങ്കിലും പരാതിയില്‍ ഉറച്ചുനിക്കുന്നുവെന്നാണ് ഹരിതയുടെ നിലപാട്. രണ്ടാഴ്ചയ്ക്കകം ലീഗ് നേതൃത്വത്തില്‍ അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് ഹരിതയുടെ നീക്കം. 

ഹരിത പ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, ജനറല്‍ സെക്രട്ടറി പി എ വഹാബ് എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് വെളളയില്‍ പോലീസ് കേസെടുത്തത്. ഐ.പി.സി 354(എ) വകുപ്പ് പ്രകാരം ലൈംഗീക അധിക്ഷേപം നടത്തിയതിനായിരുന്നു കേസ്. അന്വേഷണത്തിന്റ അടുത്തഘ ട്ടത്തിലേക്ക് കടന്നതോടയാണ് പരാതി നല്‍കിയ 10 ഹരിത പ്രവര്‍ത്തകരുടെയും വിശദമായ മൊഴി വനിത ഇന്‍സ്‌പെക്ടര്‍ രേഖപ്പെടുത്തുന്നത്. 

നേരത്തെ ഹരിത വനിത കമ്മീഷന് നല്‍കിയ പരാതിയിന്മേല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അന്ന് നാലുപേരില്‍ നിന്ന് മാത്രമാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന് മൊഴി രേഖപ്പെടുത്താനായത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. പരാതിക്കാരികളില്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലുളളവരില്‍ നിന്നാണ് ആദ്യം മൊഴിയെടുക്കുക. ബാക്കിയുളളവര്‍ അയല്‍ സംസ്ഥാനങ്ങളിലും വിദേശത്തുമാണ്.