Skip to main content

തലശേരി ഫസല്‍ വധക്കേസ് പ്രതികളും സി.പി.ഐ.എം നേതാക്കളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയില്‍ ഇളവ്. രണ്ട് പേര്‍ക്കും മൂന്ന് മാസത്തിന് ശേഷം എറണാകുളം ജില്ലയ്ക്ക് പുറത്ത് പോകാം. തുടരന്വേഷണം നടക്കുന്നതിനാല്‍ മൂന്ന് മാസം കൂടി എറണാകുളം ജില്ല വിടരുതെന്നാണ് വ്യവസ്ഥ. ഫസല്‍ വധക്കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ എറണാകുളം ജില്ല വിട്ടുപോകരുതെന്നായിരുന്നു വ്യവസ്ഥ. 2013ലായിരുന്നു ഇരുവര്‍ക്കും ജാമ്യം കിട്ടിയിരുന്നത്.

സി.പി.ഐ.എം വിട്ട് എന്‍.ഡി.എഫില്‍ ചേര്‍ന്ന തലശേരി സെയ്ദാര്‍ പള്ളി സ്വദേശി ഫസലിനെ കൊന്ന കേസില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരുന്ന കാരായി രാജനും ഏരിയാ കമ്മിറ്റി അംഗമായ കാരായി ചന്ദ്രശേഖരനും അറസ്റ്റിലാവുകയായിരുന്നു. ഇരുവരുടെയും നിര്‍ദേശ പ്രകാരമായിരുന്നു ഫസല്‍ വധമെന്നാണ് പോലീസ് വാദം. 2006 ഒക്ടോബര്‍ 22നാണ് ഫസല്‍ കൊല്ലപ്പെടുന്നത്. പോലീസ് അന്വേഷണത്തിലും തുടര്‍ന്ന് കേസ് സി.ബി.ഐ ഏറ്റെടുത്ത ഘട്ടത്തിലും ഗൂഡാലോചന കുറ്റമാണ് കാരായിമാര്‍ക്കെതിരെ ചുമത്തിയത്. ജാമ്യം അനുവദിച്ചെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി കിട്ടിയില്ല. സി.ബി.ഐ 2012 ജൂണ്‍ 22നാണ് കുറ്റപത്രം നല്‍കിയിരുന്നത്. പല തവണ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു.

മുഹമ്മദ് ഫസല്‍ വധക്കേസില്‍ കാരായിമാര്‍ക്ക് പങ്കില്ലെന്നും ആര്‍.എസ്.എസ് ആണ് വധത്തിന് പിന്നിലെന്ന് ചെമ്പ്ര സ്വദേശി സുധീഷിന്റെ മൊഴി പുറത്തുവന്നിരുന്നു. പടുവിലായി മോഹന്‍ വധക്കേസില്‍ ചോദ്യം ചെയ്യുമ്പോഴാണ് ഈ മൊഴി പുറത്തുവന്നിരുന്നത്. മൊഴിയുടെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഫസല്‍ വധക്കേസില്‍ ഏഴും എട്ടും പ്രതികളാണ് കാരായി രാജനും ചന്ദ്രശേഖരനും.

തലശേരി ഫസല്‍ വധക്കേസില്‍ സി.ബി.ഐ പ്രതിപ്പട്ടികയില്‍ ഉള്ള കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി നിഷേധിക്കുകയാണെന്ന് കാട്ടി സി.പി.ഐ.എമ്മും ഇടത് അനുകൂല സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. ഡോ. കെ എന്‍ പണിക്കര്‍, ഷാജി എന്‍ കരുണ്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ കമല്‍, വൈശാഖന്‍, കെ.ഇ.എന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് കാരായി സഹോദരങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശനം അനുവദിക്കാത്തത് പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത മനുഷ്യത്വരാഹിത്യമാണെന്ന് സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിരുന്നു.