Skip to main content

പാര്‍ട്ടി പുന:സംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ സുധാകരനെതിരെ പടയൊരുക്കത്തിന് ഒരുങ്ങി കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍. ഡി.സി.സി അധ്യക്ഷന്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ കൂടിയാലോചിച്ചില്ലെന്ന പരസ്യ ആക്ഷേപവുമായി മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് എത്തിയതിന് പിന്നാലെയാണ് സമാന പരാതികളുമായി കൂടുതല്‍ നേതാക്കള്‍ എത്തുന്നത്. 

ഡി.സി.സി അധ്യക്ഷന്‍മാരുടെ ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയില്ലെന്ന് ഉമ്മന്‍ചാണ്ടിയും രമേശ്  ചെന്നിത്തലയും താരിഖ് അന്‍വറിനോട് പരാതിപ്പെട്ടിരുന്നു.

ഗ്രൂപ്പുകളെ  ഇല്ലാതാക്കുന്നതിന്റെ പേരില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് ശ്രമമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ പറഞ്ഞു. മുന്‍ കെ.പി.സി.സി അധ്യക്ഷന്‍മാരെ അപ്പാടെ തഴയുന്നുവെന്ന് ചൂണ്ടിക്കട്ടി വി.എം.സുധീരനും രംഗത്തെത്തി.
തര്‍ക്കങ്ങളുണ്ടെന്നും മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കണമെന്നും കെ.മുരളീധരന്‍ എം.പി കോഴിക്കോട് പറഞ്ഞു. രമേശ് ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും അഭിപ്രായം സ്വീകരിക്കണം. തര്‍ക്കങ്ങളെല്ലാം ഹൈക്കമാന്‍ഡ് പരിഹരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ചില അപശബ്ദങ്ങള്‍ ഉയരുമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് ഹൈക്കമാന്റ്  വ്യക്തമാക്കി. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ള പുതിയ നേതൃത്വത്തിന്റെ ശ്രമങ്ങള്‍ തടയില്ലെന്നും ഹൈക്കമാന്റ് അറിയിച്ചു.