Skip to main content

ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമത്തില്‍ ആരോഗ്യവകുപ്പ് ഇന്നലെ നിയമസഭയില്‍ നല്‍കിയ ഉത്തരം തിരുത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പുതുക്കിയ മറുപടി ആരോഗ്യമന്ത്രി നിയസഭയുടെ മേശപ്പുറത്ത് വച്ചു. ഡോക്ടേഴ്സിനെതിരായ അതിക്രമം അറിഞ്ഞില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി നിയമസഭയില്‍ പറഞ്ഞത്. ആരോഗ്യവകുപ്പ് നിയമസഭയില്‍ നല്‍കിയ ഉത്തരത്തില്‍ സാങ്കേതിക പിഴവ് പറ്റിയതാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പിന്നീട് വ്യക്തമാക്കിയിരുന്നു. 

രോഗികളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഡോക്ടര്‍മാര്‍ക്ക് എതിരെ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നായിരുന്നു മന്ത്രി നിയമസഭയെ അറിയിച്ചത്. മാത്യു കുഴല്‍ നാടന്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രി മറുപടി നല്‍കിയത്. ഇത് വിവാദമായതോടെയാണ് വിശദീകരണം. പാറശ്ശാല, കുട്ടനാട് അടക്കം സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഡോക്ടര്‍മാര്‍ക്കതിരെ ഉണ്ടായ അക്രമങ്ങള്‍ സജീവചര്‍ച്ചയാകുമ്പോഴാണ് ഒന്നും അറിഞ്ഞില്ലെന്ന വിചിത്ര മറുപടി മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. 

ഇതിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തി. ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ചു. രേഖാമൂലമുള്ള മറുപടിയില്‍ അക്രമം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് ഉത്തരം തിരുത്തി നല്‍കിയിരുന്നു. രണ്ട് വിഭാഗങ്ങള്‍ക്ക് പറ്റിയ പിഴവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ട് സെക്ഷനുകള്‍ക്ക് ഇടയില്‍ ചോദ്യം വന്നപ്പോള്‍ ഉണ്ടായ ആശയക്കുഴപ്പം ആണ്. സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. ഒരു തരത്തിലും അതിക്രമങ്ങള്‍ ന്യായീകരിക്കില്ല. ഇത് സഭയില്‍ തന്നെ അറിയിച്ചിട്ടുള്ളതാണ്. സാങ്കേതിക പിശക് ആണ് ഉത്തരത്തില്‍ സംഭവിച്ചതെന്നും മന്ത്രി ആവര്‍ത്തിച്ചു.

ഡോക്ടര്‍മാര്‍ക്കെതിരെ അക്രമങ്ങള്‍ തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി ഉത്തരവും പിന്നാലെയിറങ്ങി. അത്യാഹിത, ഒപി പരിസരങ്ങളില്‍ സിസിടിവി സ്ഥാപിക്കണം, വിമുക്ത ഭടന്മാരെ സുരക്ഷാ ജീവനക്കാരെ നിയമിക്കണം,സുരക്ഷാജീവനക്കാരെ ഏകോപിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥന് ചുമതല നല്‍കണം എന്നിങ്ങനെയാണ് ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍.