Skip to main content

സംസ്ഥാനത്തെ പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സഭയില്‍ പ്രഖ്യാപിച്ചു. ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകുക. ഓണത്തിനും സ്വാതന്ത്ര്യദിനത്തിനും ഞായറാഴ്ച ലോക്ക്ഡൗണുണ്ടാകില്ല. 1000-ത്തില്‍ പത്ത് രോഗികളില്‍ കൂടുതല്‍ ഒരാഴ്ച ഉണ്ടായാല്‍ ആ പ്രദേശം ട്രിപ്പിള്‍ ലോക്ക് ഡൗണിലാകും. അതല്ലാത്ത ഇടങ്ങളില്‍ ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകുക. ഇവിടെ കടകള്‍ക്ക് ആറ് ദിവസം തുറക്കാം. കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ 9 മണി വരെയാക്കി. 

ആള്‍ക്കൂട്ട നിരോധനം സംസ്ഥാനത്ത് തുടരും. വലിയ വിസ്തീര്‍ണമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് മാത്രമേ പോകാനാകൂ. വിവാഹങ്ങളിലും മരണാനന്തരചടങ്ങുകളിലും പരമാവധി 20 പേര്‍ മാത്രമേ പാടുള്ളൂ. കടകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നവര്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് എടുത്തവരോ, രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവരോ ആകുന്നതാണ് അഭികാമ്യം എന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

ഇത് വരെ ടി.പി.ആര്‍ അടിസ്ഥാനപ്പെടുത്തി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ രൂപീകരിച്ചാണ് ലോക്ക്ഡൗണ്‍ നടപ്പാക്കി വന്നിരുന്നത്. അത് മാറ്റി, 1000-ത്തില്‍ എത്ര പേര്‍ക്ക് കൊവിഡ് രോഗം വന്നെന്ന കണക്ക് പരിശോധിച്ച് നിയന്ത്രണങ്ങള്‍ മാറ്റി ക്രമീകരിക്കുമ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ട ഒരു നിയന്ത്രണമോഡലാണ് മാറുന്നത്. 

സംസ്ഥാനത്ത് മരണനിരക്ക് .5 ആണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അഖിലേന്ത്യാ ശരാശരി 1.3 ശതമാനമാണ്. കേരളത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ ഏഴ് ലക്ഷത്തോളമാണ്. ഇന്ത്യയില്‍ ഇത് മൂന്ന് ലക്ഷത്തോളം മാത്രമാണ്. സംസ്ഥാനത്ത് ടിപിആര്‍ 12 ശതമാനമാണ്. ദേശീയ തലത്തില്‍ ഇത് ആറ് ശതമാനത്തോളമാണ്. കൊവിഡ് രണ്ടാം തരംഗം കേരളത്തിലെത്തിയത് വൈകി മാത്രമാണെന്നും രോഗികളുടെ എണ്ണം കൂടിത്തന്നെ നില്‍ക്കുന്നത് ഈ കാരണം കൊണ്ടാണെന്നും ആരോഗ്യമന്ത്രി വിശദീകരിക്കുന്നു.