Skip to main content

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ നടപടികള്‍ പൂര്‍ത്തിയായെന്ന് കസ്റ്റംസ് കമ്മിണര്‍ സുമിത് കുമാര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി കേസില്‍ ഇടപെടാന്‍ ശ്രമിച്ചെന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ അന്വേഷണത്തില്‍ ഇടപെടുന്നത് കേരളത്തില്‍ ആദ്യമല്ല. അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. നയതന്ത്ര ബാഗേജ് വിട്ടുനല്‍കാന്‍ ആരും സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും സുമിത് കുമാര്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് മുന്‍പും സുമിത് കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് വിലപ്പോവില്ലെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ സുമിത് കുമാര്‍ പറഞ്ഞത്.

കേരള പോലീസ് അന്വേഷണത്തില്‍ സഹായിച്ചില്ല എന്നത് ആരോപണമല്ല, വാസ്തവമാണ്. ഭരിക്കുന്ന പാര്‍ട്ടികള്‍ മാറും. തനിക്കെതിരെ പല തരത്തിലും നടപടിയെടുക്കാന്‍ നോക്കി. മുഖം നോക്കാതെ നടപടിയെടുത്തിട്ടുണ്ട്. കോടതിയുടെ പിന്തുണയുണ്ടായി. പല പ്രധാന കേസുകളുടെയും ഭാഗമാകാന്‍ കഴിഞ്ഞു. കൂടെയുണ്ടായിരുന്നവര്‍ നല്ല ടീമായിരുന്നുവെന്നും സുമിത് കുമാര്‍ പറഞ്ഞു. ഡോളര്‍ കടത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിന് നേരിട്ട് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചില നയതന്ത്ര ഉദ്യോഗസ്ഥരുമായാണ് കെ.ടി ജലീലിന് ബന്ധമെന്നും അദ്ദേഹം വ്യക്തമാക്കി.