Skip to main content

ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ വീണ്ടും ആരോപണങ്ങളുമായി സിനിമ സംവിധായിക ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍. തന്റെ പക്കല്‍നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത ലാപ്ടോപ്പും ഫോണും ഉപയോഗിച്ച് രാജ്യദ്രോഹക്കേസില്‍ വ്യാജ തെളിവുകളുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ഐഷ സുല്‍ത്താന കോടതിയില്‍ ആരോപിച്ചു. ലാപ്ടോപ് ഫൊറന്‍സിക് പരിശോധനയ്ക്ക് എന്ന പേരില്‍ ഗുജറാത്തിലെ ലാബിലേയ്ക്ക് അയച്ചതില്‍ ദുരുദ്ദേശമുണ്ട്. അവര്‍ കസ്റ്റഡിയില്‍ എടുത്ത ഫോണ്‍ ദിവസങ്ങള്‍ക്ക് ശേഷവും സ്വിച്ച് ഓണ്‍ ആയിരുന്നു. തന്റെ ലാപ്ടോപ്പും ഫോണും ഇപ്പോള്‍ ആരുടെ കൈവശമാണെന്ന് വ്യക്തമല്ല. ഫോണില്‍ വ്യാജ തെളിവുകള്‍ തിരുകിക്കയറ്റാന്‍ സാധ്യതയുണ്ട് - ഐഷ കോടതിയില്‍ പറഞ്ഞു.

ചാനല്‍ ചര്‍ച്ചയ്ക്കിടെ മൊബൈലില്‍ സന്ദേശങ്ങളയച്ചെന്ന ആരോപണം വാസ്തവ വിരുദ്ധമാണ്. ചര്‍ച്ച നടക്കുമ്പോള്‍ തന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ചര്‍ച്ചയ്ക്കിടെ ആരുടെയെങ്കിലും ഉപദേശം സ്വീകരിച്ചതായുള്ള ആരോപണം ശരിയല്ല. ഫോണില്‍നിന്നു വാട്സാപ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തെന്ന ആരോപണവും തെറ്റാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് തന്റെ അക്കൗണ്ടിലേക്കു പ്രവാസികള്‍ പണം അയച്ചതെന്ന് ഐഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

'ജൈവായുധ' പരാമര്‍ശത്തിന്റെ പേരിലുള്ള രാജ്യദ്രോഹക്കേസ് അന്വേഷണവുമായി ആയിഷ സുല്‍ത്താന സഹകരിക്കുന്നില്ലെന്നു ലക്ഷദ്വീപ് പോലീസ് ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്ത ശേഷം മൊബൈലില്‍ നിന്നു മെസേജുകളും ചാറ്റുകളും ഡിലീറ്റ് ചെയ്തതില്‍ പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ആയിഷ മൊബൈല്‍ ഫോണില്‍ നോക്കി വായിക്കുന്നതു വ്യക്തമാണ്. ആ സമയത്തു മറ്റാരുമായോ ആശയവിനിമയം ഉണ്ടായിരുന്നതായും പോലീസ് ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.